കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ട ഡോ. വന്ദനയുടെ ശരീരത്തില്‍ 11 കുത്തുകളേറ്റെന്ന് പോസ്റ്റ്മോര്‍ട്ടം പ്രാഥമിക റിപ്പോര്‍ട്ട്. മുതുകില്‍ ആറും തലയില്‍ മൂന്നും കുത്തുകള്‍, ശരീരത്തിലാകെ 23 മുറിവുകള്‍. മരണകാരണം മുതുകിലും തലയിലുമേറ്റ കുത്തുകളെന്നും റിപ്പോര്‍ട്ട്. വിഡിയോ റിപ്പോര്‍ട്ട് കാണാം.
കോട്ടയം സ്വദേശിനിയായ ഹൗസ് സര്‍ജന്‍ ഡോക്ടര്‍ വന്ദന ദാസാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. പൊലീസുകാർ ഉള്‍പ്പെടെ അഞ്ചുപേര്‍ക്കാണ് പരുക്കേറ്റത്. സര്‍ക്കാര്‍ യു.പി. സ്കൂള്‍ അധ്യാപകനാണ് പ്രതി. പുലർച്ചെ നാലരയോടെയാണ് സന്ദീപിനെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. കാലിലെ മുറിവ് വച്ചു കിട്ടുന്നതിനിടയിൽ സന്ദീപ് ആശുപത്രി ജീവനക്കാർ ഉപയോഗിക്കുന്ന കത്രിക എടുത്ത് ആക്രമണം നടത്തുകയായിരുന്നു. സന്ദീപിന്റെ ബന്ധു രാജേന്ദ്രൻ പിള്ളയെയാണ് ആദ്യം ആക്രമിച്ചത്. പിന്നീട് പൊതുപ്രവർത്തകനായ ബിനുവിന് കുത്തേറ്റു. പഴിച്ച് മാറ്റാൻ എത്തിയ ഹോം ഗാർഡ് അലക്സ് കുട്ടിക്കും, എഎസ്ഐ മണിലാലിനും കുത്തേറ്റു. പൂയപ്പള്ളിയിൽ നിന്ന് സന്ദീപിനെ ആശുപത്രിയിൽ എത്തിച്ച എഎസ്ഐ ബേബിക്കും പരുക്കേറ്റു. പരിഭ്രാന്തരായ ജീവനക്കാർ ഒരു മുറിയിൽ കയറി വാതിൽ അടച്ചു . ഇതിനിടെ മറ്റൊരു മുറിയിൽ ഒറ്റപ്പെട്ടുപോയ ഡോക്ടർ വന്ദനയെ സന്ദീപ് അതിക്രൂരമായി ആക്രമിക്കുകയായിരുന്നു
അതീവ ഗുരുതരാവസ്ഥയിലാ ഡോക്ടർ വന്ദനയെ ആദ്യം കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ നഷ്ടമായി. തന്നെ ആശുപത്രിയിൽ എത്തിക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസിനെ വിളിച്ചത് സന്ദീപ് തന്നെയായിരുന്നുവെന്നും ആശുപത്രിയിൽ എത്തിക്കുന്നതു വരെ സന്ദീപ് പ്രകോപനം ഉണ്ടാക്കിയില്ലെന്നുമാണ് പോലീസ് വിശദീകരണം.