മുഖ്യമന്ത്രിയുടെ മകള്‍ മാസപ്പടി വാങ്ങിയെന്നതാണ് മുഖ്യവിഷയമെന്ന് മാത്യു കുഴല്‍നാടന്‍. വീണാ വിജയന്‍ 1.72 കോടി രൂപയ്ക്ക് നികുതി അടച്ചെന്ന് എവിടെയാണ് പറഞ്ഞിട്ടുള്ളത്. 2018 ജനുവരി ഒന്ന് മുതലാണ് ജിഎസ്ടി ആരംഭിക്കുന്നത്. വീണ പണം വാങ്ങിത്തുടങ്ങിയത് 2017 ജനുവരി ഒന്നുമുതലാണ്. ഇക്കാലയളവിനിടയില്‍ വീണയുടെ അക്കൗണ്ടില്‍ 60 ലക്ഷം രൂപ വന്നിട്ടുള്ളതായി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും മാത്യു കുഴല്‍നാടന്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
2018 ജനുവരി ഒന്നിനാണ് വീണ ജിഎസ്ടി റജിസ്ട്രേഷന്‍ നടത്തിയത്. ഒരു വര്‍ഷക്കാലം ജിഎസ്ടി റജിസ്ട്രേഷന്‍ ഇല്ലാതെ പണം അടയ്ക്കാന്‍ കഴിയുമോ? നിയമപരമായി ഇത് സാധ്യമല്ലെന്നും കുഴല്‍നാടന്‍ പറഞ്ഞു. എക്സാലോജിക് 2017 ല്‍ തന്നെ ജിഎസ്ടി റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അന്നുവരെ സേവന നികുതി അടച്ചുവന്നതിനാല്‍ അത് ജിഎസ്ടിയായി മാറ്റപ്പെട്ടതിനാലാണ് ഇങ്ങനെ കാണുന്നത്. അച്ഛന് പ്രത്യേക ആക്ഷന്‍ കാണിക്കാനുള്ള വൈഭവം ഉള്ളത് പോലെ വീണാ വിജയന് മാത്രമായി പ്രത്യേക രീതിയില്‍ ജിഎസ്ടി അടയ്ക്കാന്‍ കഴിയുമോ എന്ന് ധനമന്ത്രി വ്യക്തമാക്കണമെന്നും കുഴല്‍നാടന്‍ ആവശ്യപ്പെട്ടു. ജിഎസ്ടി റജിസ്ട്രേഷന്‍ എടുക്കുന്നതിന് മുന്‍പ് തന്നെ സിഎംആര്‍എല്ലില്‍ നിന്നും പണം കൈപ്പറ്റിയിരുന്നുവെന്നും അത് മറച്ച് വച്ച് വീണ ജിഎസ്ടി അടച്ചതായി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണ് ധനവകുപ്പിന്‍റെ ഭാഗത്ത് നിന്നുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.
ധനവകുപ്പ് പുറത്തിറക്കിയത് കത്തല്ല ക്യാപ്സൂളാണെന്നും കുഴല്‍നാടന്‍ പരിഹസിച്ചു. താന്‍ ആണോ തന്നെ സംശയത്തിന്‍റെ നിഴലിലാക്കുകയും വിഷയം വഴിതിരിച്ചുവിടുകയും ചെയ്യാന്‍ ശ്രമിച്ച ധനമന്ത്രിയാണോ മാപ്പ് പറയേണ്ടതെന്ന് ജനങ്ങള്‍ തീരുമാനിക്കട്ടേയെന്നും അദ്ദേഹം പറഞ്ഞു. 2.80 കോടി രൂപ വീണാ വിജയന്‍ കൈപ്പറ്റിയിട്ടുണ്ട്. ഇതില്‍ 2.20 കോടി രൂപയ്ക്ക് നികുതി അടച്ചുവെന്നും 60 ലക്ഷത്തിന് അടച്ചിട്ടില്ലെന്നുമുള്ള ആരോപണത്തില്‍ താന്‍ ഉറച്ച് നില്‍ക്കുന്നുവെന്നും പിണറായി വിജയന്‍റെ കുടുംബത്തിന്‍റെ കൊള്ള സംരക്ഷിക്കുന്നതിനാണ് ധനവകുപ്പ് ശ്രമിക്കുന്നതെന്നും കുഴല്‍നാടന്‍ ആരോപിച്ചു.
Mathew Kuzhalnadan on GST row
വാര്‍ത്തകളും വിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ