നിലമ്പൂർ ജുഡീഷ്യൻ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചതോടെ പിവി അൻവർ ജയിലിന് പുറത്തേക്ക്. ഒറ്റയാൾ പോരാട്ടം അവസാനിച്ചെന്നും പിണറായി സർക്കാരിനെതിരെ യുഡിഎഫുമായി കൈകോർത്ത് പോരാടുമെന്നും പി വി അൻവർ പറഞ്ഞു. ഒതായിയിലെ വീട്ടിലേക്കുള്ള യാത്രയില്‍ വഴിനീളെ പ്രവര്‍ത്തകര്‍ സ്വീകരണമൊരുക്കി.
ഒടുവിൽ 18 മണിക്കൂറത്തെ ജയിൽ വാസത്തിനു ശേഷം അൻവർ പുറത്തിറങ്ങി. തവനൂർ സെൻട്രൽ ജയിലിന് മുന്നിൽ കാത്ത് നിന്ന പ്രവർത്തകർ മാലയിട്ടും മുദ്രാവാക്യം വിളിച്ചും നേതാവിന്നെ സ്വീകരിച്ചു. പിന്തുണച്ചവർക്കെല്ലാം നന്ദി പറഞ്ഞ അൻവർ പിണറായിക്കെതിരെ ആഞ്ഞടിച്ചു
ഇനി യുഡിഎഫിനൊപ്പം ചേർന്ന് പോകുമെന്ന് പ്രഖ്യാപിച്ച അൻവർ യു ഡി എഫിലെ ഒരു നേതാവുമായും അഭിപ്രായ വ്യത്യാസമില്ലെന്നും വ്യക്തമാക്കി. ജയിലിൽ ഭക്ഷണം പോലും കഴിക്കാൻ തോന്നിയില്ലെന്നും കിടക്കാൻ തലയിണ ചോദിച്ചിട്ടു പോലും തന്നില്ലെന്നും അൻവർ.
ഒന്നിവിട്ട ബുധനാഴ്ചകളിൽ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണo, സാക്ഷീകളെ സ്വാധീനിക്കരുത്, 35000 രൂപ കെട്ടിവയ്ക്കണം തുടങ്ങിയ ഉപാധികളോടെ യാണ് നിലമ്പൂർ കോടതി അൻവറിന് ജാമ്യം അനുവദിച്ചത്. ജാമ്യ ഉത്തരവ് എഴുമണിക്കുള്ളിൽ ജയിലിൽ എത്തിക്കാൻ പറ്റിയില്ലെങ്കിലും ഒൻപത് മണി വരെ സ്വീകരിക്കാമെന്ന് സൂപ്രണ്ട് സമ്മതിച്ചതോടെയാണ് അൻവറിന് രാത്രി തന്നെ പുറത്തിറങ്ങാൻ വഴിയൊരുങ്ങിയത്.
ഇന്നലെ രാത്രിയാണ് ജാമ്യമില്ലാ വകുപ്പ് ചുമത്തി ഒതായിലെ വീട് വളഞ് അൻവറിനെ പൊലീസ് അറസ്റ്റ് ചെയ്തത്. അൻവറിന് ജാമ്യം ലഭിച്ചതിന് പിന്നാലെ അനുയായി ഇ.എ.സുകുവിനെ പൊലീസ് അറസ്റ്റു ചെയ്തു.