പ്രതി അസഫാക്ക് ആലത്തിന് തൂക്കുകയര്‍ ലഭിക്കണമെന്ന് കൊല്ലപ്പെട്ട അഞ്ചുവയസുകാരിയുടെ മാതാപിതാക്കള്‍. കോടതിയില്‍ പൂര്‍ണവിശ്വാസമുണ്ട്. വിധി കേള്‍ക്കാന്‍ കോടതിയിലേക്ക് പോകും. വിധി പ്രസ്താവത്തിനുശേഷം അസഫാക്കിനെ കാണുമെന്നും പിതാവ് മനോരമന്യൂസിനോട് പറഞ്ഞു. വിഡിയോ കാണാം.
അതേസമയം, ആലുവയിൽ അഞ്ചുവയസുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ ശിക്ഷാവിധി ഇന്ന്. ചുമത്തിയ പതിനാറ് കുറ്റങ്ങളും തെളിയിക്കപ്പെട്ട പ്രതി അസഫാക് ആലത്തിന് വധശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷന്‍റെ ആവശ്യം. പ്രായത്തിന്റെ ഇളവ് നൽകി വധശിക്ഷയില്‍ നിന്നൊഴിവാക്കണമെന്നാണ് പ്രതിഭാഗത്തിന്‍റെ വാദം. എറണാകുളം പോക്സോ കോടതി ഉച്ചയോടെ ശിക്ഷ വിധിക്കും.അതിവേഗം വിചാരണ പൂര്‍ത്തിയാക്കിയ കേസില്‍ കുറ്റകൃത്യം നടന്ന് നൂറ്റിപ്പത്താം ദിനമാണ് പ്രതിക്ക് ശിക്ഷ വിധിക്കുന്നത്
കഴിഞ്ഞ ജൂലൈ ഇരുപത്തിയെട്ടിന് അഞ്ചുവയസുമാത്രം പ്രായമുള്ള കുഞ്ഞിനോട് സമാനതകളില്ലാത്ത ക്രൂരതകാട്ടിയ പ്രതി അസഫാക് ആലത്തിന് കോടതി വധശിക്ഷ വിധിക്കുമോയെന്ന ആകാംക്ഷയിലാണ് കേരളം. പതിനാറ് കുറ്റങ്ങളാണ് പ്രതി അസഫാക് ആലത്തിനെതിരെ തെളിഞ്ഞത്. കൊലപാതകം അടക്കം ഇതില്‍ വധശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങള്‍ അഞ്ച്. കൊച്ചുകുട്ടി എന്ന പരിഗണന പോലും നൽകാതിരുന്ന പ്രതി ഒരു ദയയും അര്‍ഹിക്കുന്നില്ലെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു. കുട്ടിയെ കൊലപ്പെടുത്തിയ രീതിയും അതിനായി തിരഞ്ഞെടുത്ത സ്ഥലവും പ്രതിയുടെ കുറ്റകൃത്യവാസന തെളിയിക്കുന്നതാണ്. ഇത്രയും ക്രൂരമായ കുറ്റം ചെയ്തയാൾക്ക് പരിവർത്തനമുണ്ടാകുമെന്ന രീതിയിൽ വിധി വന്നാൽ അത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നുമായിരുന്നു പ്രോസിക്യൂഷൻ വാദം. പ്രതിക്ക് 28വയസ് മാത്രമാണ് പ്രായമെന്നും മാനസാന്തരത്തിന്‍റെ സാധ്യതയും പരിഗണിക്കണമെന്നായിരുന്നു പ്രതിഭാഗം വാദം. പ്രായത്തിന്റെ ആനുകൂല്യം നൽകി പ്രതിയെ സമൂഹത്തിലേക്ക് വിടുന്നത് ജനിക്കാനിരിക്കുന്ന കുട്ടികളെപ്പോലും അപകടത്തിലാക്കുന്ന നടപടിയാണെന്നും പ്രോസിക്യൂഷൻ വാദിച്ചു.
പ്രതിയെപ്പോലുള്ളവരോടുള്ള ഭയംമൂലം കുട്ടികൾക്ക് സ്വതന്ത്രമായ കുട്ടിക്കാലം നിഷേധിക്കപ്പെടുന്നുവെന്ന് പ്രോസിക്യൂഷൻ കോടതിയിൽ ചൂണ്ടിക്കാട്ടി. തുടര്‍ന്നാണ് എറണാകുളം ജില്ലാ പോക്സോ കോടതി ജഡ്ജ് കെ. സോമന്‍ വിധിപറയാന്‍ ശിശുദിനം തിരഞ്ഞെടുത്തത്. പ്രതിക്കെതിരെ ചുമത്തിയ എല്ലാ കുറ്റങ്ങളും തെളിഞ്ഞെങ്കിലും സമാനമായ വകുപ്പുകളിൽ കൂടുതൽ ശിക്ഷയുള്ളതായിരിക്കും പരിഗണിക്കുകയെന്ന് വ്യക്തമാക്കി. ഇതിന്റെ അടിസ്ഥാനത്തിൽ പോക്സോ നിയമപ്രകാരമുള്ള വകുപ്പുകൾ നിലനിർത്തിയ കോടതി ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 376ലെ അനുബന്ധ വകുപ്പുകള്‍ ശിക്ഷയിൽനിന്ന് ഒഴിവാക്കി. ബാക്കി 13 കുറ്റങ്ങൾക്കാണ് ശിക്ഷ വിധിക്കുക. അതിവേഗം വിചാരണ പൂര്‍ത്തിയാക്കിയ കേസില്‍ കുറ്റകൃത്യം നടന്ന് നൂറ്റിപ്പത്താം ദിനമാണ് പ്രതിക്ക് ശിക്ഷ വിധിക്കുന്നത്.
Parents of 5 year old girl killed in aluva demands death penalty for the culprit Ashfaq Alam