ആലുവയിൽ അഥിതി തൊഴിലാളികളുടെ മകളായ അഞ്ചു വയസുകാരി ക്രൂരമായി കൊല്ലപ്പെട്ടിട്ട് ഇന്ന് ഒരാണ്ട്. ആണ്ടുദിനത്തിൽ പെരുവഴിയിലിറങ്ങേണ്ട നിലയിലാണ് ആ കുടുംബം. വാടക വീട് ഉടമ മറ്റൊരാൾക്ക് വിറ്റതോടെ കുട്ടികളുമായി എങ്ങോട്ടു പോകണമെന്നറിയാത്തനിലയില്‍. വീടിനായി നവകേരള സദസിൽ അപേക്ഷ നൽകിയങ്കിലും സ്വന്തമായി സ്ഥലം ഇല്ലാത്തതിനാൽ അപേക്ഷ തള്ളി.
ഈ വീട്ടുമുറ്റത്തിന്ന് ഓടിക്കളിക്കാൻ അവളില്ല. കൂട്ടായി ഒരു കുഞ്ഞനുജൻ പിറന്നതും അവളറിഞ്ഞില്ല. കുഞ്ഞു ഉടുപ്പുകളൊന്നും അവൾക്കു വേണ്ട. കൂടെപ്പിറപ്പുകളുടെ കളിചിരികളിലും അവൾ മാഞ്ഞു. അങ്ങിനെ എല്ലായിടത്തുനിന്നും അവൾ പോയിട്ട് ഒരാണ്ടാകുന്നു. പക്ഷേ ആ അഞ്ചുവയസുകാരിയുടെ ഓർമ ആരിൽ നിന്നും അത്രയെളുപ്പം മായില്ല. ഓർമകളിൽ ഉണങ്ങാത്തൊരു മുറിവുപോലെ ചോര കിനിയുന്നുണ്ട് ഇപ്പോഴും.
വാടക വീടൊഴിഞ്ഞ് നാളെ മറ്റൊരിടത്തേക്ക് മാറണം. പക്ഷേ എങ്ങോട്ടെന്ന ചോദ്യത്തിന് ഉത്തരമിന്നും മൗനമാണ്. കൂലി തൊഴിലാളിയായ അച്ഛൻ വീടണയും വരെ കുഞ്ഞുങ്ങൾക്ക് പേടിക്കാതെ ഉറങ്ങണം. അതിന് അടച്ചുറപ്പുള്ള ഒരു വീട് വേണം, അത് മാത്രമാണ് ഈ അമ്മയുടെ സ്വപനം.