kottayam-collector-bungalow

ലൈഫ് പദ്ധതിയിൽ വീടിന് അപേക്ഷ നൽകി സാധാരണക്കാരൻ കാത്തിരിക്കുമ്പോൾ കോട്ടയം കലക്ടറുടെ ബംഗ്ലാവ് നവീകരിക്കാൻ 85 ലക്ഷം രൂപ കൊടുത്ത് ധനവകുപ്പ്. കലക്ടറുടെ നിർദ്ദേശപ്രകാരം പൊതുമരാമത്ത് വകുപ്പിനെ ഒഴിവാക്കി നിർമിതി കേന്ദ്രത്തിനാണ് നവീകരണ ചുമതല. ക്യാംപ് ഓഫിസ് നവീകരിക്കാനാണ്‌ തുകയെന്നാണ് ഉദ്യോഗസ്ഥ വിശദീകരണം  

85 ലക്ഷം രൂപയുണ്ടെങ്കിൽ സാധാരണക്കാരിൽ സാധാരണക്കാരായ 21 കുടുംബങ്ങൾക്ക് സർക്കാരിന് വീടുവച്ച് നൽകാം. ലൈഫിൽ ഒരു വീട് കിട്ടാൻ സർക്കാർ ഓഫീസുകൾ കയറിയിറങ്ങി അപേക്ഷകർ വലയുമ്പോഴാണ് സ്മാർട്ട് ആർഭാടത്തിനായി ധൂർത്ത്. 2023 - 2024 വർഷത്തിലെ സ്മാർട്ട് റവന്യൂ ഓഫീസ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കോട്ടയം കലക്ടർ വി വിഘ്നേശ്വരിയുടെ ബംഗ്ലാവ് നവീകരണം.  മൂന്നു മാസങ്ങൾക്കു മുൻപ്  തുക അനുവദിച്ചപ്പോൾ നവീകരണ ചുമതല പൊതുമരാമത്ത് വകുപ്പിന്. എന്നാൽ കലക്ടർ ഇടപെട്ട് പൊതുമരാമത്ത് വകുപ്പിനെ ഒഴിവാക്കാൻ നിർദേശിച്ചെന്ന് റവന്യൂ വകുപ്പ് ഉത്തരവിൽ പറയുന്നു. പി.ഡബ്ല്യ.ഡി ആണെങ്കിൽ ഉണ്ടാകുന്ന അനാവശ്യ സാങ്കേതിക തടസ്സങ്ങളും നൂലാമാലകളും ഒഴിവാക്കാനാണ് നിർമ്മിതി കേന്ദ്രത്തെ തിരഞ്ഞെടുത്തതെന്നാണ് റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരുടെ അനൗദ്യോഗിക വിശദീകരണം.

കാലാകാലങ്ങളായി നവീകരിച്ചു പോന്നിരുന്ന കലക്ടറുടെ ബംഗ്ലാവിൽ 85 ലക്ഷം രൂപയ്ക്ക് എന്ത് നവീകരണം ആണെന്ന് ഉദ്യോഗസ്ഥർക്കും നിശ്ചയം ഇല്ല. ക്ഷേമ പെൻഷനുകൾ പോലും മുടങ്ങി പൊതുജനം നട്ടം തിരിയുമ്പോൾ 85 ലക്ഷം രൂപയുടെ ആർഭാടം ആവശ്യമുണ്ടോ എന്ന് പറയേണ്ടത് കോട്ടയം കലക്ടറേറ്റ് ആണ്. 

85 lakhs sanctioned for renovation of Kottayam collector's bungalow