indians-russia-22
  • വാഗ്ദാനം ചെയ്തത് സെക്യൂരിറ്റി ജോലി
  • എത്തിപ്പെട്ടത് റഷ്യന്‍ കൂലിപ്പട്ടാളത്തില്‍
  • 12 ഇന്ത്യക്കാര്‍ കുടുങ്ങി

റഷ്യയിൽ സെക്യൂരിറ്റി ജോലി വാഗ്ദാനം ചെയ്ത് ഇന്ത്യക്കാരെ കൂലിപ്പട്ടാളത്തില്‍ ചേര്‍ത്തെന്നു പരാതി. കര്‍ണാടക,തെലങ്കാന ഗുജറാത്ത് ,യു.പി, കശ്മീര്‍ സ്വദേശികളാണ് റഷ്യന്‍ സൈന്യത്തിന്റെ ഭാഗമായ വാഗ്നര്‍ കൂലിപ്പട്ടാളത്തില്‍ ചേര്‍ക്കപ്പെട്ടത്. ഇവരുടെ ബന്ധുക്കള്‍ കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിനു പരാതി നല്‍കി

ഫൈസല്‍ഖാന്‍ എന്ന യുട്യൂബ് വ്ലോഗറുടെ വിഡിയോ കണ്ടു ജോലിക്ക് അപേക്ഷിച്ചവരാണു റഷ്യയിലെ യുദ്ധമേഖലയിലെത്തിപ്പെട്ടത്.സെക്യൂരിറ്റി ജോലിയായിരുന്നു വാഗ്ദാനം ചെയ്തിരുന്നത്. 12 സംഘത്തില്‍ കര്‍ണാടകയില്‍ നിന്നുള്ള മൂന്നുപേരുണ്ട്. തെലങ്കാന കശ്മീര്‍‍ എന്നിവടങ്ങളില്‍ നിന്നു രണ്ടുപേര്‍ വീതവും ഉത്തര്‍പ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങളില്‍ നിന്നുള്ള ഓരോരുത്തരും ഒപ്പമുണ്ടെന്നാണ് കുടുങ്ങികിടക്കുന്നവര്‍ ബന്ധുക്കള്‍ക്ക് അയച്ച വിഡിയോ സന്ദേശത്തില്‍ പറയുന്നത്. റഷ്യയിലെത്തിയ ശേഷം ആയുധ പരിശീലനം നല്‍കിയെന്നും തുടര്‍ന്നു വാഗ്നര്‍ ഗ്രൂപ്പിനൊപ്പം  യുദ്ധമേഖലയിലേക്കു പോകാന്‍ നിര്‍ദേശം കിട്ടിയെന്നുമാണ് ദൃശ്യങ്ങളില്‍ യുവാക്കള്‍ പറയുന്നത്. 

മരിയുപോൾ, ഹാർകീവ്, ഡോണെട്സ്ക് എന്നിവിടങ്ങളിലെ യുദ്ധമേഖലകളിലാണു സംഘം നിലവിലുള്ളത്. വെടിയുണ്ടകളേറ്റ പരുക്കുകളുടെ ഫോട്ടോകളും ഇവര്‍ കൈമാറിയിട്ടുണ്ട്. തെലങ്കാന സ്വദേശികളുടെ ബന്ധുക്കള്‍ ഹൈദരാബാദ് എം.പി. മുഖേനെ കേന്ദ്ര വിദേശ കാര്യ മന്ത്രാലയത്തിനു പരാതി നല്‍കിയപ്പോഴാണു വിവരം പുറത്തറിയുന്നത്. ദുബായിലുള്ള ഫൈസല്‍ ഖാന്റെ നിര്‍ദേശ പ്രകാരം മുംബൈയിലെ രണ്ടുപേരാണ് ഇവരുടെ യാത്രരേഖകളെല്ലാം ശരിയാക്കി നല്‍കിയത്. അതേ സമയം സംഘത്തിലുണ്ടായിരുന്ന ഒരാള്‍ കൊല്ലപ്പെട്ടന്ന സൂചനയുമുണ്ട്. എന്നാല്‍ കേന്ദ്ര സര്‍ക്കാരോ വിദേശകാര്യ മന്ത്രാലയമോ സ്ഥിരീകരിച്ചിട്ടില്ല.

 

Job fraud; 12 Indians made to join Russia Wagner army