പെട്രോളും ഡീസലും ജി.എസ്.ടിയിൽ ഉൾപ്പെടുത്തുന്നതിനോട് കേരളത്തിന് വിരോധമില്ലെന്ന് തോമസ് ഐസക്. എന്നാൽ ഇതുവഴി സംസ്ഥാനങ്ങൾക്കുണ്ടാകുന്ന വരുമാന നഷ്ടം കേന്ദ്രസർക്കാർ പരിഹരിക്കണം. പെട്രോളും ഡീസലും ജി.എസ്.ടിയിൽ കൊണ്ടുവന്നാൽ കേരളത്തിന് 1000 കോടിയിലേറെ രൂപയുടെ വരുമാനനഷ്ടമുണ്ടാകുമെന്നും തോമസ് ഐസക് മനോരമ ന്യൂസിനോട് പറഞ്ഞു
പെട്രോളിനും ഡീസലിനും ജി.എസ്.ടി വരുമെന്ന ബിഹാർ ഉപമുഖ്യമന്ത്രി സുശീൽകുമാർ മോദിയുടെ പ്രസ്താവനയോടാണ് തോമസ് ഐസകിന്റെ പ്രതികരണം. സംസ്ഥാനങ്ങളുടെ അഭിപ്രായഐക്യം മാത്രമാണ് ഇക്കാര്യത്തിൽ വേണ്ടതെന്നും ചരക്കുസേവനനികുതി സംബന്ധിച്ച മന്ത്രിതല സമിതി അധ്യക്ഷൻ കൂടിയായ സുശീൽ മോദി പറഞ്ഞിരുന്നു.
ആത്മാർഥതയുണ്ടെങ്കിൽ പെട്രോളിയം ഉൽപന്നങ്ങളുടെ വർധിപ്പിച്ച നികുതി കുറയ്ക്കാൻ കേന്ദ്രസർക്കാർ തയ്യാറാകണം. എങ്കിൽ പെട്രോളിന്റെ കേരളത്തിലെ നികുതി ലീറ്ററിന് ആറുരൂപ കുറയും. കേന്ദ്രം നികുതി കുറയ്ക്കാതെ വിലവർധനയുടെ പാപഭാരം മറ്റുള്ളവരുടെ മേൽ കെട്ടിവയ്ക്കുന്നത് ശരിയല്ല.
പെട്രോൾ ലീറ്ററിന് 19.48 രൂപയാണ് കേന്ദ്ര തീരുവ. സംസ്ഥാന നികുതി 17.94 രൂപയും. ലീറ്ററിന് 74 രൂപ വിലയുള്ള പെട്രോളിന് നികുതി മാത്രം മുപ്പത്തിയാറര രൂപ. ജി.എസ്.ടിയിലെ ഏറ്റവും ഉയർന്ന നിരക്കായ 28 ശതമാനം ചുമത്തിയാൽ പോലും പെട്രോള്‍ ലീറ്റരിന് 45 രൂപയ്ക്ക് ജനങ്ങൾക്ക് കിട്ടും.