തിരുവനന്തപുരം∙ 500 രൂപയ്ക്കു പെട്രോളടിച്ച ഫയർഫോഴ്സ് ഉദ്യോഗസ്ഥനു പമ്പിൽനിന്നു ലഭിച്ചതു വെള്ളമെന്നു പരാതി. പരാതിയെത്തുടർന്ന് രാജാജി നഗറിലെ പെട്രോൾ പമ്പ് ഐഒസി അധികൃതർ താൽക്കാലികമായി അടപ്പിച്ചു. പരിശോധനയും ആരംഭിച്ചിട്ടുണ്ട്. ഫയർ ഫോഴ്സ് ആസ്ഥാനത്തെ ഫയർമാൻ അനിൽകുമാറിനാണ് ഇൗ ദുരനുഭവമുണ്ടായത്. ഇന്നലെ രാവിലെ ഡ്യൂട്ടി കഴിഞ്ഞു വീട്ടിലേക്കു മടങ്ങാൻ നോക്കവെ ബൈക്ക് സ്റ്റാർട്ടാകാകത്തത് ആദ്യം ബൈക്കിന്റെ പ്രശ്നമാണെന്നു കരുതി. പിന്നീട് യൂണിറ്റിലെ മെക്കാനിക് പരിശോധിച്ചപ്പോഴാണു പെട്രോൾ ടാങ്കിൽ വെള്ളം കയറിയതാണു പ്രശ്നമെന്നു മനസിലായത്.
പിന്നാലെ ടാങ്കിൽനിന്നു വെള്ളം ഊറ്റിയെടുത്തപ്പോഴാണു പ്രശ്നം ഗുരുതരമാണെന്നു വ്യക്തമായത്. രണ്ടു കുപ്പിയിലധികം എടുത്തിട്ടും വെള്ളം തീരുന്നില്ല. രാജാജി നഗറിലെ പമ്പിൽനിന്നാണ് അനിൽകുമാർ ഞായറാഴ്ച പെട്രോൾ അടിച്ചത്. അനിൽകുമാറിനു മാത്രമല്ല, ഞായറാഴ്ച ഇവിടെനിന്നു പെട്രോൾ അടിച്ച പലർക്കും സമാന അനുഭവമുണ്ടായി എന്നും പരാതി ഉയർന്നിട്ടുണ്ട്. ഇതിൽ തങ്ങൾക്ക് ഉത്തരവാദിത്തമില്ലെന്ന നിലപാടാണ് പമ്പ് അധികൃതർ ആദ്യം സ്വീകരിച്ചത്. ഒടുവിൽ, പരാതി ലഭിച്ചതോടെയാണ് െഎഒസി അധികൃതർ രംഗത്തെത്തി പമ്പ് താൽക്കാലികമായി അടച്ചുപൂട്ടിയത്.