ജോലിയ്ക്കായി അന്യനാട്ടിൽ ജീവിക്കുന്നവരെ സംബന്ധിച്ച് ഏറ്റവും വലിയ വികാരം എന്താണെന്ന് ചോദിച്ചാൽ മറുപടി ഒന്നേയുള്ളൂ; ഭക്ഷണം. ഇന്റർനാഷണൽ ബിസിനസ് മാനേജ്മെന്റ് പഠനത്തിന് ശേഷം ദുബായിൽ ജോലിനോക്കിയിരുന്ന ലജേഷ് കൊലാത്ത് എന്ന കൊച്ചിക്കാരനും ഭക്ഷണം എന്നത് ഗൃഹാതുരത്വമുണർന്നുന്ന വികാരമായിരുന്നു. സ്വന്തമായി എന്തെങ്കിലും സംരംഭം തുടങ്ങണമെന്ന മോഹം പ്രവാസകാലത്താണ് തുടങ്ങുന്നത്. ദുബായിൽ നിന്നും തിരികെ കൊച്ചിയിലെത്തിയപ്പോഴും സംരംഭമോഹം കെട്ടില്ല. എന്തുതരം ബിസിനസ് തുടങ്ങണമെന്നതിനെക്കുറിച്ച് യാതൊരു ആശങ്കയില്ലായിരുന്നു. ഏറ്റവും ഇഷ്ടമുള്ള ഭക്ഷണമെന്ന വികാരത്തെ തന്നെ സംരംഭമാക്കാൻ തീരുമാനിച്ചു.
കൂടുതൽ ഒന്നും ആലോചിച്ചില്ല. ജോലി രാജിവച്ചു. സംരഭകമോഹമുള്ള ഒരു ടീമിനെയും ഒപ്പം കൂട്ടി 26 വയസുകാരനായ ലജേഷ് അങ്ങ് സംരംഭകനായി. ഏതുരീതിയിൽ സംരംഭം തുടങ്ങണമെന്നുള്ള ആലോചന ചെന്നുനിന്നത് വാഴയിലയിലാണ്. അമ്മ ഉണ്ടാക്കുന്ന പൊതിച്ചോറിന്റെ രുചി പ്രവാസകാലത്തെ നഷ്ടങ്ങളിലൊന്നായിരുന്നു. നഗരത്തിൽ ജീവിക്കുന്നവർക്ക് വീട്ടിലുണ്ടാക്കുന്ന ആരോഗ്യമുള്ള ഭക്ഷണം പലപ്പോഴും കിട്ടാക്കനിയാണ്. പ്രത്യേകിച്ചു പലസ്ഥലങ്ങളിൽ നിന്നായി കൊച്ചിയിൽ ചേക്കേറിയവർക്ക്. പൊതിച്ചോറ് എന്ന ഗൃഹാതുരത്വത്തിൽ നിന്നുംതന്നെ സംരംഭത്തിനുള്ള പേരും കിട്ടി– ഒരുപൊതിച്ചോറ്.
ഉച്ചയ്ക്ക് ഒരുമണിക്കു മുമ്പായി ഓർഡർ നൽകിയാൽ കൊച്ചിയിലാണെങ്കിൽ വാഴയിലയിൽ പൊതിച്ചോറും വീട്ടിലെ സ്വാദുള്ള രണ്ടോ മൂന്നോ കറികളും കൈയിലെത്തും. 99 രൂപയാണ് നോൺവെജിറ്റേറയൻ ഊണിന്, വെജിറ്റേറിയനാകട്ടെ കേവലം 59 രൂപയും. ആദ്യത്തെ ഓർഡറാണെങ്കിൽ പിന്നീടുള്ള അഞ്ച് ഓർഡറുകൾ കേവലം 79 രൂപയ്ക്കും 39 രൂപയ്ക്കും ലഭിക്കും. പ്ലാസ്റ്റിക്കിനോട് പൂർണ്ണമായും നോ പറഞ്ഞുകൊണ്ടാണ് പൊതിച്ചോറ് പൊതിയുന്നത്.
കൊച്ചിയിൽ ബിസിനസ് കൺസൾട്ടന്റായി ജോലിനോക്കിയിരുന്ന കാലത്തും ഭക്ഷണം പലപ്പോഴും പ്രശ്നമായിരുന്നു. ജോലി സംബന്ധമായുള്ള യാത്രകളിൽ പലപ്പോഴും അനാരോഗ്യകരമായ ഭക്ഷണങ്ങൾ കഴിക്കാൻ നിർബന്ധിതനായിട്ടുണ്ട്. ഉച്ചഭക്ഷണം ഉദ്യോഗസ്ഥരെ സംബന്ധിച്ച് സമയംകൊല്ലികൂടിയാണെന്ന് തിരിച്ചറിഞ്ഞതോടെയാണ് പൊതിച്ചോറ് കൈയിലെത്തിക്കാമെന്ന ആശയം ഉരുത്തിരിയുന്നത്. യാത്രചെയ്യുന്നവരാണെങ്കിൽ മീറ്റിങ്ങെല്ലാം കഴിഞ്ഞ് കഴിക്കാൻ ഹോട്ടലിൽ കയറുമ്പോൾ ബിരിയാണിയോ ചപ്പാത്തിയോ ആയിരിക്കും ലഭിക്കും. മലയാളികളുടെ പ്രിയഭക്ഷണമായ ചോറും കറിയും കിട്ടാനുള്ള അവസരം കുറവുമാണ്.
ഈ സാധ്യതയാണ് പാലാരിവട്ടത്ത് ഓഫീസ് തുടങ്ങി പൊതിച്ചോറുണ്ടാക്കാനുള്ള തീരുമാനത്തിലേക്ക് എത്തിക്കുന്നത്. വീട്ടിലെ രുചിയുള്ള ഭക്ഷണം പ്രഫഷണലി തയാറാക്കി നൽകുന്നതിലൂടെ കൊച്ചിയിൽ ആരോഗ്യകരമായ ഭക്ഷണസംസ്കാരം കൂടി വളർത്തിയെടുക്കുകയാണ് ലജേഷിന്റെ സ്വപ്നം. മാർച്ച് 12ന് ആരംഭിച്ച സംരംഭത്തിൽ രണ്ടാഴ്ചയ്ക്കുള്ളിൽ തന്നെ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
https://www.facebook.com/orupothichoruteam/