dhanalakshmi-bank-t

TAGS

ആസൂത്രണ ബോര്‍ഡ് മുന്‍ അംഗം ജി.വിജയരാഘവന്‍ ധനലക്ഷ്മി ബാങ്ക് ഡയറക്ടര്‍ ബോര്‍ഡില്‍ നിന്ന് രാജിവച്ചു. ബാങ്കിനോടുള്ള റിസര്‍വ് ബാങ്കിന്റെ സമീപനത്തില്‍ പ്രതിഷേധിച്ചാണ് സ്വതന്ത്ര അംഗമായ വിജയരാഘവന്റെ രാജി. ധനലക്ഷ്മി ബാങ്കിന്റെ പുനരുദ്ധാരണം തടസപ്പെടുത്തുന്ന സമീപനമാണ് ആര്‍.ബി.ഐയുടേത് എന്നാണ് ആരോപണം. 

 

2017 ഒക്ടോബര്‍ മുതല്‍ ധനലക്ഷ്മി ബാങ്ക് ഡയറക്ടര്‍ ബോര്‍ഡിലെ സ്വതന്ത്ര അംഗമായിരുന്നു ജി.വിജയരാഘവന്‍. അടുത്ത കാലത്ത് ബാങ്കിന്റെ കാര്യത്തില്‍ ആര്‍.ബി.ഐ സ്വീകരിച്ച നിലപാടുകളോടുള്ള വിയോജിപ്പാണ് രാജിയുടെ കാരണം. ധനലക്ഷ്മി ബാങ്കില്‍ നിന്ന് ഒരു കക്ഷിയെടുത്ത വായ്പ കിട്ടാക്കടമായി റിസര്‍വ് ബാങ്ക് കണക്കാക്കി. എന്നാല്‍ ഈ കക്ഷിക്ക് വായ്പ നല്‍കിയ കണ്‍സോര്‍ഷ്യത്തിന്റെ ലീഡ് ബാങ്കിനെ ആര്‍.ബി.ഐ ഒഴിവാക്കിയത് ദുരൂഹമാണെന്ന് വിജയരാഘവന്റെ രാജിക്കത്തില്‍ പറയുന്നു. പുതിയ എം.ഡിയെ തിരഞ്ഞെടുക്കുന്നതില്‍ ഡയറക്ടര്‍ ബോര്‍ഡ് വീഴ്ച വരുത്തിയെന്ന ആര്‍.ബി.ഐ നിലപാടിനെതിരെയും പരാമര്‍ശമുണ്ട്. ആര്‍.ബി.ഐയുടെ മൂന്ന് പ്രതിനിധികള്‍ ബോര്‍ഡിലുണ്ടായിട്ടും എം.ഡിയുടെ കാലാവധി കഴിയുന്ന കാര്യം അറിഞ്ഞില്ലേയെന്ന് വിജയരാഘവന്‍ ചോദിക്കുന്നു. ഒടുവില്‍ പുതിയ എം.ഡിയെ തിരഞ്ഞെടുക്കാനുള്ള നടപടിക്രമങ്ങളുമായി മുന്നോട്ടുപോകവേ നിലവിലെ എം.ഡി. പിരിഞ്ഞ് പോയതിന് ശേഷം അദ്ദേഹത്തിന്റെ സമയം നീട്ടി നല്‍കുകയാണ് ആര്‍.ബി.ഐ ചെയ്തത്. ബാങ്കില്‍ നിന്ന് പിരിച്ചുവിട്ട ജീവനക്കാരന്റെ ഭാഗം ഡയറക്ടര്‍ ബോര്‍ഡ് കേള്‍ക്കണമെന്ന റിസര്‍വ് ബാങ്ക് നിര്‍ദേശവും സംശയാസ്പദമാണ്.

 

കേരളത്തില്‍ നിന്നുള്ള ബാങ്ക് എന്ന് പൂര്‍ണാര്‍ഥത്തില്‍ പറയാവുന്നത് ഇപ്പോള്‍ ധനലക്ഷ്മി ബാങ്കേ ഉള്ളു എന്നും ജി.വിജയരാഘവന്‍ ചൂണ്ടിക്കാണിക്കുന്നു. ബാങ്കിന്റെ നിയന്ത്രണം കയ്യടക്കാന്‍ ശ്രമിക്കുന്ന ഏതെങ്കിലും ഗ്രൂപ്പിന്റെ താല്‍പര്യത്തിന് അനുസരിച്ചാണോ റിസര്‍വ് ബാങ്കിന്റെ നീക്കമെന്ന സംശയം ഡയറക്ടര്‍ ബോര്‍ഡംഗങ്ങളില്‍ മറ്റുപലര്‍ക്കുമുണ്ടെന്നാണ് സൂചന.