കെ.എസ്.എഫ്.ഇ പ്രവാസി ചിട്ടിയില്‍ ഇതുവരെ റജിസ്റ്റര്‍ ചെയ്തത് 17,000 പ്രവാസികള്‍. ഇതില്‍ പതിനായിരം പേരെ ഇതിനകം ചിട്ടി വരിക്കാരാക്കി. സെപ്റ്റംബര്‍ അഞ്ചിനുശേഷം ചിട്ടി തുടങ്ങാനാണ് ധനവകുപ്പിന്റെ ശ്രമം.
പ്രവാസിമലയാളികളില്‍ നിന്ന് മികച്ച പ്രതികരണമാണ് ഇതുവരെ പ്രവാസിച്ചിട്ടിക്ക് ലഭിച്ചിരിക്കുന്നത്. ഒരു മാസത്തിനിടെ 17000 പേര്‍ ചിട്ടിയില്‍ ചേരുന്നതിന് പേര് റജിസ്റ്റര്‍ ചെയ്തു. ഇവരുടെ കെ.വൈ.സി രേഖകളും, പാസ്പോര്‍ട്ടും, നാട്ടിലെ വിലാസവുമെല്ലാം പരിശോധിച്ച ശേഷമാണ് കെ.എസ്.എഫ്.ഇ ഇടപാടുകാരാക്കുന്നത്. നോര്‍ക്ക റജിസ്ട്രേഷന്‍ രേഖകളും പരിശോധിച്ചതിനുശേഷമാണ് റജിസ്ട്രേഷന് അംഗീകാരം നല്‍കുന്നത്. റജിസ്ട്രേഷനൊപ്പം ഈ പരിശോധനാനടപടികളും നടക്കുന്നുണ്ട്. ഇതിനകം പതിനായിരം പേരെ കെ.വൈ.സി വിവരങ്ങള്‍ പരിശോധിച്ച് കെ.എസ്.എഫ്.ഇ ഇടപാടുകാരാക്കി.
50000 പ്രവാസികളെയെങ്കിലും അംഗങ്ങളാക്കിയതിനുശേഷമായിരിക്കും പ്രവാസിച്ചിട്ടി ആരംഭിക്കുന്നത്. സെപ്റ്റംബര്‍ ആദ്യ വാരത്തോടെ ഈ ലക്ഷ്യം നേടാനാകുമെന്നാണ് പ്രതീക്ഷ. സെപ്റ്റംബര്‍ അഞ്ചുവരെ ഗള്‍ഫ് രാജ്യങ്ങളില്‍ അവധിയായതിനാല്‍ അതിനുശേഷമേ പ്രവാസിചിട്ടിയുടെ ഔപചാരിക ഉദ്ഘാടനം നടക്കൂ. യു.എ.ഇയില്‍ വച്ച് മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രവാസിചിട്ടി ഉദ്ഘാടനം ചെയ്യുന്നത്.
പ്രവാസിചിട്ടി വഴി സമാഹരിക്കുന്ന പണം കിഫ്ബിയിലെ വികസനപദ്ധതികള്‍ക്ക് വിനിയോഗിക്കാനാണ് തീരുമാനം.