karippur-08-02

കരിപ്പൂര്‍ വിമാനത്താവളത്തിന്‍റെ റണ്‍വേയുടെ നീളം കൂട്ടാനുള്ള നീക്കം ഉപേക്ഷിച്ചു. വന്‍ചെലവ് വരുന്ന സാഹചര്യത്തില്‍ അനുമതി ലഭിക്കില്ലെന്ന് ഉറപ്പായതോടെയാണ് പദ്ധതിയില്‍ നിന്ന് പിന്മാറിയത്. എയര്‍ ഇന്ത്യയുടെ വലിയ വിമാന സര്‍വീസുകള്‍ ഒരു മാസത്തിനകം തുടങ്ങാനാകുമെന്നാണ് പ്രതീക്ഷ. ആഭ്യന്തര സര്‍വീസുകളുടെ എണ്ണം കൂട്ടാനും തീരുമാനമായി. 

ടേബിള്‍ ടോപ്പ് റണ്‍വേയാണ് കരിപ്പൂരിലേത്. അതിനാല്‍ തന്നെ നീളം ഇനിയും കൂട്ടിയെങ്കിലേ വലിയ വിമാനങ്ങള്‍ക്ക് സുഗമമായി ഇറങ്ങാനും പറന്നുയരാനുമാകൂ. നീളം കൂട്ടണമെങ്കില്‍ സ്ഥലമേറ്റെടുക്കണം. ഇതിന് വന്‍തുക ചിലവാകും. ഏകദേശം നാലായിരം കോടി രൂപ വരുമെന്നാണ് കണക്കാക്കുന്നത്. രണ്ടായിരം കോടി രൂപയുണ്ടെങ്കില്‍ ഒരു പുതിയ വിമാനത്താവളം ഉണ്ടാക്കാമെന്നിരിക്കെ ഇത്രയും തുക റണ്‍വേയ്ക്കായി ചിലവാക്കുന്നതിന് എന്തിനാണെന്നാണ് അധികൃതരുടെ ചോദ്യം. 

സൗദി എയര്‍ലൈന്‍സിന്‍റെ വലിയ വിമാനങ്ങള്‍ സര്‍വീസ് പുനരാരംഭിച്ചിട്ടുണ്ട്. ഒപ്പം എയര്‍ ഇന്ത്യയുടെ വലിയ വിമാനങ്ങള്‍ ഒരു മാസത്തിനകം സര്‍വീസ് തുടങ്ങുമെന്നാണ് പ്രതീക്ഷ. ഹജ്ജ് സര്‍വീസുകള്‍ കൂടി പൂര്‍ണ തോതില്‍ ആയാല്‍ വരുമാനം കുത്തനെ കൂടും. അവഗണനയില്‍ കിടക്കുന്ന കരിപ്പൂരിന് ഇത് പുതുജീവനാകും. 

ആഭ്യന്തര സര്‍വീസുകളുടെ എണ്ണം കഴിഞ്ഞ കുറച്ചു നാളുകളായി കുറഞ്ഞിട്ടുണ്ട്. ഇതിന്‍റെ കാരണം കണ്ടെത്തി സര്‍വീസുകളുടെ എണ്ണം കൂട്ടാനാവശ്യമായ നടപടികള്‍ കൈക്കൊള്ളും.