മഴവില്ലഴകാണ് ആബിലിന്റെ സ്വപ്നങ്ങൾക്ക്. ചായങ്ങളോടും ചമയങ്ങളോടും കൂട്ടുകൂടാൻ തുടങ്ങിയ നാൾ മുതൽ ആ കിനാക്കൾക്ക് ചിറകുമുളച്ചു. കണ്ണമാലിയെന്ന കടലോര ഗ്രാമത്തിൽ നിന്നും സിനിമയുടെ വെള്ളിവെളിച്ചത്തിലേക്കുള്ള ആബില്‍ റോബിന്റെ യാത്ര അത്ര എളുപ്പമായിരുന്നില്ല. പ്രതിസന്ധികളെ മറികടന്ന് മായാനദിയില്‍ കയ്യടിനേടിയ മേക്കപ്പ് ആർട്ടിസ്റ്റ് കഥാപാത്രമായി മാറിയപ്പോൾ ആബിലിന് അത് സ്വന്തം ജീവിതത്തിന്റെ പ്രതിഫലനമായിരുന്നു. ചെറുതെങ്കിലും കരുത്തുറ്റ കഥാപാത്രം. പലപ്പോഴും മലയാള സിനിമയിൽ പരിഹാസ രൂപേണ മാത്രം അവതരിക്കപ്പെട്ട ഭിന്നലിംഗ കഥാപാത്രങ്ങളെ തച്ചുടയ്ക്കുകയാണ് ആബില്‍ സ്വന്തം കഥാപാത്രത്തിലൂടെ. ആബേലിന്റെ ജീവിതവുമായി അഭേദ്യമായ ബന്ധമുണ്ട് ഈ കഥാപാത്രത്തിന്. ആകാശത്തോളം ഉയരമുള്ള സ്വപ്നങ്ങള്‍, അടിച്ചമർത്തപ്പെടലിന്റെ രാഷ്ട്രീയം, നിലപാടുകൾ എല്ലാം പങ്കുവെക്കുകയാണ് ആബേൽ മനോരമ ന്യൂസ്.കോമിനോട്.
മായാനദിയിലേക്കുള്ള വരവ്
അഭിനയം എന്നത് ഒരുപാട് സ്വപ്നങ്ങൾക്കിടയിലെ ഒരു സ്വപ്നം മാത്രമായിരുന്നു. എന്നാൽ അത് സഫലമാകുമെന്ന ചിന്തയുണ്ടായിരുന്നില്ല. ഒരു മേക്കപ്പ് ആർട്ടിസ്റ്റായാണ് ജീവിതം തുടങ്ങുന്നത്. പിന്നീട് സിനിമയിലെ മേക്കപ്പ് മേഖലയിലേക്ക് എത്തി. ലുക്കാ ചുപ്പി എന്ന ചിത്രത്തിലാണ് ആദ്യമായി മേക്കപ്പ് ചെയ്തത്. മൂന്ന് വർഷത്തിലേറെയായി തിരശീലയ്ക്ക്് പിറകിൽ ഉണ്ട്. മായാനദിയിൽ അഭിനയിച്ചു എന്ന തോന്നൽ എനിക്കില്ല. കാരണം അത് എന്റെ ജീവിതം തന്നെയായിരുന്നു. ജീവിതത്തിലും കോസ്റ്റ്യൂം ഡിസൈനറായി തുടരാൻ ആഗ്രഹിക്കുന്നതിനാൽ ആ വേഷം അതേപടി ഉൾക്കൊള്ളാനായി. ബെന്നി കട്ടപ്പന മുഖാന്തരം ആണ് മായാനദിയിലെത്തുന്നത്. അദ്ദേഹം ഫെയ്സ്ബുക്ക് ഫ്രണ്ടായതിനാൽ ഞാൻ ചെയ്ത വർക്കുകളെല്ലാം കണ്ടിരുന്നു. അങ്ങനെ ഒരു ദിവസം ബെന്നി ചോദിച്ചു . ആഷിക് അബുവിന്റെ മായാനദിയിൽ ഇങ്ങനെ ഒരു കഥാപാത്രം ഉണ്ട്. നിനക്ക് ചെയ്യാൻ കഴിയുമോ..? അങ്ങനെയാണ് ആഷികിനെ പോയി കാണുന്നതും അവസരം ലഭിക്കുന്നതും. പിന്നീട് അദ്ദേഹം പറഞ്ഞ പോലെ എല്ലാം ചെയ്തു. സിനിമ റിലീസായി കഴിഞ്ഞപ്പോൾ സന്തോഷം തോന്നി. കാരണം ആ കഥാപാത്രത്തെ ജനങ്ങള്‍ക്കിഷ്ടമായി. കൂടുതൽ ശ്രദ്ധിക്കപ്പെട്ടു.
പാട്ടുകാരനായ ആബിൽ
തുടക്കത്തിൽ ഒരു ഗായകനായി അറിയപ്പെടാനായിരുന്നു ആഗ്രഹം. ചെറുപ്പം മുതൽ പാടുമായിരുന്നു. എന്റേത് ഒരു ഫീമെയിൽ വോയ്സ് തന്നെയാണ്. ശരിക്കും എനിക്ക് ഫീമെയിൽസിനോട് ഇടപെടാനാണ് ആഗ്രഹമെങ്കിലും പാട്ടുകാരനായി അറിയപ്പെടാൻ എന്റെ ശബ്ദം ഞാൻ കഠിന പ്രയത്നത്തിലൂടെ മെയിൽ വോയ്സ് ആക്കി മാറ്റിയെടുത്തു. ഏഴുവർഷത്തോളം കർണാടിക് സംഗീതം അഭ്യസിച്ചു. പിന്നീട് രണ്ടു വർഷം ഹിന്ദുസ്ഥാനിയും പഠിച്ചു. മുംബൈയില്‍ അന്ധേരി കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഒരു മ്യൂസിക് ബാന്റിൽ അംഗമായിരുന്നു ഞാൻ. നിരവധി ഗാനമേള ട്രൂപ്പുകളിൽ പാടുന്നുണ്ട്. ഗസൽ സന്ധ്യകളും നടത്താറുണ്ട്. ആൽബങ്ങൾക്കു വരികളെഴുതുകയും അത് ചിട്ടപ്പെടുത്തി ആലപിക്കുകയായും ചെയ്തു. അങ്ങനെ മ്യൂസിക്കുമായി ആയിരുന്നു കൂടുതൽ അടുപ്പം ഉണ്ടായിരുന്നത്.
ഒരു കംപ്ലീറ്റ് ഫാഷൻ ഡിസൈനർ
പൂർണമായും ഒരു കംപ്ലീറ്റ് ഫാഷൻ ഡിസൈനറായി അറിയപ്പെടാനാണ് ആഗ്രഹം. പക്ഷേ, എന്തു ജോലി ചെയ്താലും എനിക്ക് ബോറടിക്കില്ല. പാട്ടും അഭിനയവും ഡിസൈനിംഗും എല്ലാം എന്റെ ജീവിതത്തിന്റെ ഭാഗമാണ്. കൊച്ചിയിൽ ഞാൻ ഒറ്റയ്ക്കുതന്നെ ഫാഷൻ ഷോ സംഘടിപ്പിച്ചു. ഒരേ സമയം കോസ്റ്റ്യൂം ഡിസൈനിംഗും മേക്കപ്പും ചെയ്യും. ബ്രൈഡൽ വർക്കുകൾ എല്ലാം ചെയ്യും. എന്റെ വർക്കിന്റെ എല്ലാ കാര്യങ്ങളും ഞാൻ തന്നെയാണ് ചെയ്യുന്നത്. പക്ഷെ, അത് വേണ്ടപോലെ ജനങ്ങളിലെത്തിക്കാൻ കഴിയാത്തത് നിരാശയുണ്ടാക്കുന്നുണ്ട്.
പ്രതിസന്ധികൾ തളർത്തിയില്ല
ഒരു ട്രാൻസ് ജെന്റർ എന്ന നിലയിൽ എന്നെപോലുള്ളവരുടേതിന് സമാനമായ രീതിയിൽ തന്നെയായിരുന്നു തുടക്കത്തിൽ ജീവിതം. ചെറുപ്പത്തിൽ പഠിക്കാൻ പോകാനുള്ള താത്പര്യത്തേക്കാൾ കൂടുതൽ എനിക്ക് പേടിയായിരുന്നു. സ്കൂളിൽ പഠിക്കുന്ന കാലഘട്ടത്തിൽ സഹപാഠികളുടെ പരിഹാസമെല്ലാം ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. അമ്മയുടെ മരണശേഷം സാഹചര്യങ്ങൾ കാരണം വീട്ടിൽ നിന്നും ഇറങ്ങേണ്ടി വന്നു. പക്ഷെ, തീർത്തും ഒറ്റപ്പെട്ടു പോകുന്ന സന്ദർഭങ്ങളിലും ആത്മവിശ്വാസം കൈവിടാതെ മുന്നോട്ടുപോകാൻ സാധിച്ചു. അപ്പോൾ എന്റെ വ്യക്തിത്വത്തെക്കാൾ കൂടുതൽ ഞാൻ എന്റെ കഴിവുകളിൽ വിശ്വാസമർപ്പിച്ച് സമൂഹത്തിലേക്ക് ഇറങ്ങാൻ തന്നെ തീരുമാനം എടുത്തു. കാരണം, ഇരുട്ടിന്റെ മറപറ്റി ജീവിക്കേണ്ടി വന്നാല്‍ നമ്മൾ എന്നും ഇരുട്ടിലാകും. അങ്ങനെ ഇരുട്ടിന്റെ മറവിൽ ജീവിക്കാൻ തുടങ്ങിയാൽ നമ്മൾ സമൂഹത്തിൽ ഒറ്റപ്പെടുമെന്നാണ് ഞാൻ കരുതുന്നത്. ഒരു ട്രാൻസ്ജെന്റർ എന്ന രീതിയിലല്ല. ഒരു മനുഷ്യൻ എന്ന നിലയില്‍ എന്റേതായ ഒരിടം ഞാൻ സമൂഹത്തിൽ ഉണ്ടാക്കിയെടുത്തു. പ്രതിസന്ധികളെയെല്ലാം ഒറ്റയ്ക്കു തന്നെ നേരിട്ടു. സ്വപ്നം കാണാൻ സാധിക്കുന്നവർക്ക് വിജയിക്കാനാകും എന്നതാണ് എന്റെ വിശ്വാസം.
ട്രാൻസ്ജന്റേഴ്സിനോടുള്ള കേരളത്തിന്റെ സമീപനം
തീർച്ചയായും ഭിന്നലിംഗക്കാരോടുള്ള കേരളത്തിന്റെ സമീപനം മാറേണ്ടതുണ്ട്. പൊതു സമൂഹത്തേക്കാൾ കൂടുതൽ കേരളത്തിലെ അധികാരികളുടെ സമീപനമാണ് മാറേണ്ടത്. പൊതുജനങ്ങളിപ്പോൾ കുറെക്കൂടി ബോധവാന്മാരായി മാറിയിരിക്കുന്നു. അധികാരികൾ ഇപ്പോഴും ട്രാൻസ് ജെന്റേഴ്സിനോട് ക്രൂരമായ സമീപനം കൈക്കൊള്ളുന്നത് വേദനാജനകമാണ്. ഭിന്നലിംഗക്കാരെ ഇനിയെങ്കിലും മനുഷ്യരായി കാണാനുള്ള മനസ് അധികാരികൾ കാണിക്കണം എന്നു മാത്രമാണ് പറയാനുള്ളത്.