sanju-record

സഞ്ജയ് ദത്തിൻറെ ജീവിതം ആസ്പദമാക്കി പുറത്തിറങ്ങിയ ബയോപിക് 'സഞ്ജു' ബോളിവുഡിലെ ബോക്സ് ഓഫീസ് റെക്കോർഡുകൾ മറികടന്നെന്ന് റിപ്പോർട്ടുകൾ. ഒരു ദിവസം നേടുന്ന ഏറ്റവും ഉയർന്ന ബോക്സ് ഓഫീസ് റെക്കോർ‍ഡിൻറെ കാര്യത്തിൽ ചിത്രം ബാഹുബലി 2 നെ കടത്തിവെട്ടിയെന്ന് വാണിജ്യ നിരീക്ഷകനായ ടാരൻ ആദർശ് പറയുന്നു.

ആദ്യദിവസം തന്നെ സഞ്ജു നേടിയത് 46.71 കോടി രൂപയാണെന്നാണ് റിപ്പോർട്ടുകൾ. 120. 06 കോടിയാണ് ചിത്രത്തിൻറെ ഇതുവരെയുള്ള ബോക്സ് ഓഫീസ് കളക്ഷൻ. റീലീസ് ചെയ്ത് മൂന്നാം ദിവസം ബാഹുബലിയുടെ തിയേറ്റർ കളക്ഷൻ 46.40 കോടിയായിരുന്നു. ഈ റെക്കോർഡ് ആണ് സഞ്ജു മറികടന്നത്. 

ഈ വർഷം ഇതുവരെ പുറത്തിറങ്ങിയ ബോളിവുഡ് ചിത്രങ്ങളിൽ  വാരാന്ത്യ കളക്ഷനിലും മുന്നിട്ടു നിൽക്കുന്നത് സഞ്ജു ആണെന്നാണ് റിപ്പോർട്ടുകൾ. ഇക്കാര്യത്തിൽ റേസ് 3, പദ്മാവത് എന്നീ ചിത്രങ്ങളെയാണ് ചിത്രം മറികടന്നത്. 

ജൂൺ 29 നാണ് രൺബീർ കപൂറിനെ നായകനാക്കി രാജ്കുമാർ ഹിറാനി സംവിധാനം ചെയ്ത ചിത്രം തിയേറ്ററുകളിലെത്തിയത്. വിക്കി കൗശൽ, പരേഷ് റാവൽ, മനീഷ കൊയ്‌രാള, സോനം കപൂർ, അനുഷ്ക ശർമ, കരിഷ്മ തന്ന എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.