shibla-interview

'കക്ഷി അമ്മിണിപ്പിള്ള' തിയേറ്ററുകളിൽ നിറഞ്ഞ കൈയ്യടി വാങ്ങുമ്പോൾ ഷിബ്‌ല മനസ് നിറഞ്ഞ് ചിരിക്കുന്നുണ്ട്. മനസിൽ സിനിമ മാത്രം സ്വപ്നം കണ്ടിരുന്ന കാലത്തെ കുറിച്ച്, ആദ്യ സിനിമയുടെ വിശേഷങ്ങളെ കുറിച്ച് ഷിബ്‌ല പറയുന്നു

ദേ ആൽക്കമിസ്റ്റ് എഫക്ട്...

ഒരുപാട് കൺവൻഷണലായ, ഒരേപോലുള്ള നായികമാരുണ്ടായിരുന്ന കാലത്താണ് സിനിമയെ കുറിച്ച് ഞാൻ സ്വപ്നം കണ്ട് തുടങ്ങിയത്.  അതിലേക്ക് ഒരിക്കലും പാകപ്പെടില്ലെന്നും അതെന്നെ ഹാപ്പിയാക്കില്ലെന്നുമൊക്കെ എനിക്ക് തോന്നിയിരുന്നു. പിന്നെ ആൽക്കമിസ്റ്റിലൊക്കെ വായിച്ചിട്ടില്ലേ, നമ്മൾ എന്തെങ്കിലും കാര്യം തീവ്രമായി ആഗ്രഹിച്ചാൽ പ്രപഞ്ചം മുഴുവന്‍ അത് സഫലമാക്കാൻ നമ്മുടെ കൂടെ നിൽക്കുമെന്ന്. കുറച്ച് സ്വാർത്ഥതയോട് കൂടി പറഞ്ഞാൽ മലയാള സിനിമയിൽ ഇന്നുണ്ടായ മാറ്റം എനിക്ക് വേണ്ടിയാണെന്ന് പറയാനാണ് ഇഷ്ടം.

അമ്മ ശരിക്കും ഞെട്ടി!

ചിത്രത്തിനായുള്ള ഓഡിഷൻ കോൾ കണ്ട്,അപേക്ഷിച്ചിട്ട് പോയി വന്നപ്പോഴും അമ്മയോട് പറഞ്ഞിരുന്നില്ല സിനിമയിൽ അഭിനയിക്കാനാണ് ഈ കണ്ട തടിയൊക്കെ വയ്പ്പിക്കുന്നതെന്ന്. ഒടുവിൽ സെലക്ഷൻ ഉറപ്പായപ്പോഴാണ് ആ സർപ്രൈസ് അമ്മയോട് പറഞ്ഞത്. വെറുതേ തടിക്കുന്നത് കണ്ട സമയത്ത് ടെൻഷൻ അടിച്ചത് കൊണ്ട് തന്നെ കാന്തിക്കായി ഏറ്റവും കൂടുതൽ കാത്തിരുന്ന ഒരാൾ അമ്മയാണ്.

അതല്ലാതെ വേറെ മാർഗ്ഗമുണ്ടായിരുന്നില്ല...

ഭയങ്കര സന്തോഷത്തോട് കൂടിയാണ് കാന്തിയാകാൻ ശരീരഭാരം കൂട്ടിയത്. 68 കിലോ ആയിരുന്നു ഓഡിഷന് പോകുമ്പോൾ ഉണ്ടായിരുന്ന ഭാരം. അതാണ് ഠപ്പേന്ന് 86 കിലോയിൽ എത്തിച്ചത്. കുറച്ച് അൺഹെൽത്തിയായ രീതിയാണ് നാലുമാസം കൊണ്ട് തടിക്കാൻ സ്വീകരിച്ചത്. ശരിക്കും പറഞ്ഞാൽ കഥാപാത്രത്തിന് വേണ്ടി മാനസികമായും ശാരീരികമായും തയ്യാറെടുപ്പുകൾ നടത്താൻ സാധിച്ചത് വലിയ ഭാഗ്യമാണ്.പലർക്കും അതിനുള്ള സമയവും സാവകാശവും പലപ്പോളും കിട്ടാറില്ല.അങ്ങനെ ചെയ്താൽ അത് വലിയ വ്യത്യാസം ഉണ്ടാക്കും. ബോളിവുഡിലായാലും തമിഴിലായാലും, നമ്മുടെ ഇവിടെ ജയേട്ടനൊക്കെ(ജയസൂര്യ) ആയാലും അത് കഥാപാത്രമായെത്തുമ്പോൾ ജനങ്ങൾ രണ്ട് കയ്യും നീട്ടി സ്വീകരിക്കാറുണ്ടെന്ന് തോന്നിയിട്ടുണ്ട്. പ്രേക്ഷകർക്ക് അത് വളരെ ഇന്ററസ്റ്റിങ് ആയ കാര്യമാണ്. തടി കൂടിയപ്പോൾ കുറച്ച് ശാരീരിക പ്രശ്നങ്ങളും ഉണ്ടായി. കുറച്ച് നേരം നിന്നാലുടനെ കാലൊക്കെ വേദനിക്കുമായിരുന്നു. പെട്ടെന്ന് കിടക്കാനോ, എഴുന്നേൽക്കാനോ ഒന്നും സാധിച്ചിരുന്നില്ല.

കൂൾ ടീം, സൂപ്പർ കൂൾ സംവിധായകൻ...

ആസിക്ക(ആസിഫ് അലി) ഒരുപാട് ഉപയോഗിക്കപ്പെടേണ്ട ഒരു നടനാണ്. സെറ്റിൽ ഭയങ്കര ഹെൽപ്ഫുളായിരുന്നു. നന്നായി പേടിച്ചാണ് ഷൂട്ടിങിന് പോയത്.  കാന്തി വളരെ പെർഫോമൻസ് ആവശ്യപ്പെടുന്ന കഥാപാത്രമായത് കൊണ്ടായിരുന്നു ടെൻഷൻ മുഴുവൻ. ടേക്ക് നീളാതെ, തെറ്റാതെ ചെയ്യാൻ പറ്റുമോ എന്നെല്ലാം ആലോചിച്ചിരുന്നു. പക്ഷേ ഷൂട്ടിങിനിടയിൽ ഒരിക്കൽ പോലും ചൂടാവാതെയാണ് ദിൻജിത്തേട്ടൻ ഉൾപ്പടെയുള്ളവർ പെരുമാറിയത്.  സെറ്റിലുള്ള എല്ലാവരുടെയും സ്നേഹമാണ് കാന്തി ശിവദാസിനെ നന്നായി പ്രേക്ഷകർക്ക് മുന്നിലെത്തിക്കാൻ സഹായകമായത്. 

തലശ്ശേരി സൂപ്പറാണ്..

തലശ്ശേരി മാക്സിമം എൻജോയ് ചെയ്തത് സിനിമാ ഷൂട്ടിങിനിടയിലാണ്. ആസിക്കയുടെ ഫാൻസ് ദിവസവും കേക്കും ഫലൂദയും ബിരിയാണിയുമൊക്കെയായി വരുമായിരുന്നു.  ഈ ഭക്ഷണം കാരണം തടിക്കുന്നുവെന്ന് തോന്നിയതോടെ ബേസിലേട്ടൻ ജിമ്മിൽ വരെ പോകാൻ തുടങ്ങിയെന്നതാണ് തമാശ.

ഞാനും കാന്തിയെപ്പോലെ

നമ്മളൊന്നും കണ്ട് പരിചയിക്കാത്ത ഒരു കഥാപാത്രമാണ് കാന്തി ശിവദാസ്.  ബോള്‍ഡാണെന്ന് പോലും പറയാൻ പറ്റാത്ത എന്നാൽ ബോൾഡായ ഇടപെടലുകൾ നടത്തുന്ന കഥാപാത്രം. ഒരു പാട് സാധ്യതകൾ ഉണ്ടായിരുന്ന വേഷം കൂടിയായിരുന്നു അത്. ഞാൻ ഭയങ്കര ഇമോഷണലായ ആളാണ്. കാന്തിയുമായി എനിക്ക് കുറച്ച് സാമ്യങ്ങളൊക്കെയുണ്ട്. ഫസ്റ്റ് ഡേ ഫസ്റ്റ് ഷോയ്ക്ക് പോയിട്ട് ക്ലൈമാക്സൊക്കെ ആയപ്പോ ചെറുതായിട്ട് കരയാനൊക്കെ തുടങ്ങി.പക്ഷേ ഇത് കഴിയുമ്പോ എല്ലാവരും ചോദിക്കുമെന്നത് കൊണ്ട് അഡ്ജസ്റ്റ് ചെയ്തു. ഒരു അഭിനേതാവിനെ സംബന്ധിച്ച് ഭയങ്കര ഇമോഷണലായ സമയമാണ് അതെന്ന് തോന്നി.