കോവിഡ് ഭീതിയിലും ഡ്യൂട്ടിക്കിറങ്ങുന്ന പൊലീസിന് ആദരമർപ്പിച്ച് സംവിധായകൻ റോഷൻ ആൻഡ്രൂസ്. നിരവധി പ്രതിസന്ധികളെ തരണം ചെയ്താണ് ഒാരോ പൊലീസുകാരനും അവരുടെ ഉത്തരവാദിത്തം നിറവേറ്റാൻ പുറത്തിറങ്ങുന്നത്. വീടിന്റെ സുരക്ഷിതത്വത്തിൽ ഇരിക്കുന്നവർക്ക് മുഴുവൻ പൊലീസുകാർക്കും നൽകാനുള്ളത് സ്നേഹത്തിന്റെയും ആദരവിന്റെയും സല്യൂട്ട് മാത്രമാണെന്ന് റോഷൻ ആൻഡ്രൂസ് സമൂഹമാധ്യമത്തിൽ കുറിച്ചു.
റോഷൻ ആൻഡ്രൂസിന്റെ വാക്കുകൾ– "എല്ലാ മേഖലകളിലെയും നിസ്വാർത്ഥരായ മനുഷ്യർ അക്ഷീണം പൊരുതുകയാണ് ഈ മഹാമാരിക്കെതിരെ. വേനൽച്ചൂടിനെ വകവയ്ക്കാതെ ജോലി ചെയ്യുന്ന പൊലിസുകാരെ നാം കണ്ടിട്ടുണ്ട്. എന്നാൽ ഇന്നവർ ഈ വെയിലിൽ നിന്ന് ആളുകളോടു പറയുന്നു, ദയവു ചെയ്ത് നിങ്ങൾ അനാവശ്യമായി പുറത്തിറങ്ങാതെ തിരിച്ചു വീട്ടിൽ പോകൂ എന്ന്. എപ്പോഴെങ്കിലും നിങ്ങൾ ഈ പൊലീസുകാരെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? അവരുടെ ജീവനെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ?
ഡ്യൂട്ടിക്ക് ഇറങ്ങുന്ന പൊലീസുകാരനോട്, പോകല്ലേ... കൊറോണയാണെന്ന് വാവിട്ട് കരഞ്ഞ് പറയുന്ന കുഞ്ഞുമകളുടെ വിഡിയോ കണ്ടിരുന്നു. ആ അച്ഛന് തന്റെ ഉത്തരവാദിത്തം നിറവേറ്റിയേ മതിയാകൂ. ഇങ്ങനെയാണ് ഓരോ പൊലീസുകാരനും ഈ ദിവസങ്ങളിൽ നമുക്കായി ജോലി ചെയ്യുന്നത്. വീടിന്റെ സുരക്ഷിതത്വത്തിൽ ഇരിക്കുന്ന എനിക്ക് നിങ്ങൾ മുഴുവൻ പൊലീസുകാർക്കും നൽകാനുള്ളത് സ്നേഹത്തിന്റെ, ആദരവിന്റെ സല്യൂട്ട് മാത്രം," റോഷൻ ആൻഡ്രൂസ് കുറിച്ചു.
വികസിത രാജ്യങ്ങളിൽ മനുഷ്യർ ചികിത്സ പോലും കിട്ടാതെ മരിക്കുമ്പോൾ കേരളമെന്ന ചെറിയൊരു ഇടം മരണങ്ങളെ തോൽപ്പിച്ച് ലോകത്തിന് മാതൃകയാവുകയാണെന്നും റോഷൻ ആൻഡ്രൂസ് അഭിപ്രായപ്പെട്ടു. ദുൽഖർ സൽമാനെ നായകനാക്കിയുള്ള സിനിമയുടെ പ്രീപ്രൊഡക്ഷൻ ജോലികൾക്കിടയിലാണ് ലോക്ഡൗണിൽ പെട്ടുപോയതെന്നും സംവിധായകൻ കൂട്ടിച്ചേർത്തു.