ഒരു സെൻ കഥയുണ്ട്. ചിത്രകാരനെ കാണാൻ എത്തിയതായിരുന്നു രാജകുമാരൻ. അപ്പോൾ ചിത്രകാരൻ ഒരു ഒറ്റയടിപ്പാത വരച്ചു കൊണ്ടിരിക്കുകയായിരുന്നു. ചിത്രത്തിന്റെ ലാവണ്യത്തെ പ്രകീർത്തിച്ച് അവസാനം രാജകുമാരിന് ഈ ഒറ്റയടിപ്പാത എങ്ങോട്ടാണ് പോകുന്നതെന്ന് അറിയണം. ഒന്നും മിണ്ടാതെ രാജകുമാരനെ കൊണ്ട് ചിത്രകാരൻ ഒരു യാത്ര പുറപ്പെട്ടു, കാടിനുള്ളിലേക്ക് നീണ്ടുപോയ ആ ഒറ്റയടിപ്പാതയിലൂടെ ആയിരുന്നു യാത്ര. പക്ഷേ യാത്ര പോയ ചിത്രകാരനെയും രാജകുമാരനെയും പിന്നീട് ആരും ഒരിക്കലും കണ്ടിട്ടില്ല. തിരിച്ചിറങ്ങാതിരിക്കാനും മാത്രം ഭംഗിയുള്ളതായിരിക്കാം കാട്ടിനുള്ളിലേക്ക് നീണ്ടുപോയ ആ പാത.
ചില പുസ്തകങ്ങളും സിനിമകളും ഒക്കെ അങ്ങനെയാണ്. വായന കഴിഞ്ഞ് മടക്കി വയ്ക്കുമ്പോൾ ഇല്ലെങ്കിൽ കണ്ടുകഴിഞ്ഞ് എഴുന്നേറ്റ് പോകുമ്പോൾ, കഥയിലുണ്ടായിരുന്നവർ നമ്മോടൊപ്പംകൂടുന്നത് കാണാം. അവർ നമ്മുടെ ജീവിതത്തിന്റെ തന്നെ ഭാഗമായേക്കാം, ചില കഥാപാത്രങ്ങൾ നമ്മുടെ ചിന്തയെ വരെ ഭരിച്ചു തുടങ്ങിയേക്കാം. അങ്ങനെ ഉള്ള കഥാപാത്രങ്ങളെ സൃഷ്ടിച്ചവർ മലയാള സിനിമയിൽ ഏറെയാണ്. കെ.ജി.ജോർജ് അതിൽ ഒരാളാണ്.
മലയാള സിനിമ കൂടുതൽ ജനകീയമാകുന്ന സമയം. കുറെ ക്ലാസിക് ഷോട്ടുകളും ജീവനുള്ള കഥകളും ഓർമ്മയിൽ നിൽക്കുന്ന മനുഷ്യരും ഒക്കെയായി കെ.ജി.ജോർജ് എന്ന വ്യക്തി സിനിമയുടെ യവനിക ഉയര്‍ത്തി നടന്നു വന്നു. സെൻൻകഥയിൽ പറഞ്ഞ ഒറ്റയടിപ്പാത കണക്ക് അത്രമേൽ ഭംഗിയുള്ള പിടിച്ചുനിർത്തുന്ന അദ്ദേഹത്തിന്റെ ചിത്രങ്ങളിൽ ഏറ്റവും ജനപ്രിയമായ യവനിക എന്ന ചിത്രം വെള്ളിത്തിരയിലെത്തിയിട്ട് ഇത് നാല്പതാമാണ്ട്. നാല് പതിറ്റാണ്ടിനിപ്പുറവും ഈ സിനിമ പ്രേമികൾക്ക് എന്നും പ്രിയപ്പെട്ട ക്ലാസിക് തന്നെ.
വക്കച്ചൻ എന്ന തിലകന്റെ കഥാപാത്രത്തിന്റെ ഉടമസ്ഥതയിലുള്ള നാടക ട്രൂപ്പിനെ ചുറ്റിപ്പറ്റിയാണ് കഥ. ചിത്രം സാമൂഹ്യ വ്യവസ്ഥയുമായി കലഹിക്കുന്നുണ്ട്. കലാ സിനിമകളും വാണിജ്യ സിനിമകളും രണ്ടും രണ്ടായിരുന്ന കാലഘട്ടത്തിലാണ് യവനിക പോലെ ഒരു റിയലിസ്റ്റ് ചിത്രം ഇറങ്ങുന്നത്. കെ.ജി.ജോർജിന്റെ സിനിമകളെല്ലാം ഈയൊരു സ്വഭാവം കാത്തുപോന്നിരുന്നു. കഥകൾ സാധാരണ മനുഷ്യനിലേക്ക് തൊട്ടുനിന്നിരുന്നു. ഈ സിനിമകൾ വാണിജ്യപരമായും വിജയം കണ്ടു. യവനിക മാത്രമല്ല കെ ജി ജോർജിന്റേതായി പുറത്തുവന്ന ആദാമിന്റെ വാരിയെല്ല്, കോലങ്ങൾ, ലേഖയുടെ മരണം ഒരു ഫ്ലാഷ് ബാക്ക്, മണ്ണ്, ഉൾക്കടൽ, മേള, പഞ്ചവടിപ്പാലം, ഇരകൾ, കഥക്ക് പിന്നിൽ, മറ്റൊരാൾ ഇങ്ങനെ നിരവധി സിനിമകളും പ്രേക്ഷകമനസ്സില്‍ ആഴത്തില്‍ അടയാളപ്പെട്ടു.
അയ്യപ്പൻ എന്ന തബലിസ്റ്റിനെ ചുറ്റിപ്പറ്റിയാണ് ചിത്രം. ഇയാളെ കാണാതാകുന്നതും തുടർന്ന് നടക്കുന്ന അന്വേഷണവുമാണ് ചിത്രത്തിന്റെ കഥ. അയ്യപ്പൻ എന്ന ഭരത് ഗോപിയുടെ കഥാപാത്രത്തിലൂടെ കൃത്യമായി അന്നത്തെ സമൂഹത്തിൽ നിലനിന്നിരുന്ന ആണധികാരത്തെ വരച്ചിടുന്നുണ്ട് കെജി ജോർജ്. രോഹിണി അവതരിപ്പിച്ച ജലജ എന്ന ശക്തയായ സ്ത്രീ കഥാപാത്രവും യവനികയുടെ കരുത്തായി. അന്വേഷകനായി എത്തുന്ന മമ്മൂട്ടിയുടെ ജേക്കബ് ഈരാളി എന്ന കഥാപാത്രത്തിന്റെ അന്വേഷണ വഴികളും മലയാള സിനിമ അന്നുവരെ കണ്ട് ശീലിക്കാത്തതായിരുന്നു. ജോസഫ് കൊല്ലപ്പള്ളി ആയി കടന്നുവന്ന വേണുനാഗവള്ളിയും സിനിമ കഴിയുമ്പോഴും പ്രേക്ഷക മനസ്സിൽ അങ്ങനെ തന്നെ നിലനിൽക്കും. 1941ൽ പുറത്തിറങ്ങിയ ഓർസോൺ വല്ലസ് സംവിധാനം ചെയ്ത സിറ്റിസൺ കെയിൻ എന്ന ചിത്രവുമായി തന്റെ ചിത്രത്തിന് ചില സാമ്യങ്ങള്‍ ഉണ്ടെന്നു തോന്നിയിട്ടുണ്ടന്ന് കെജി ജോർജ് തന്നെ പറഞ്ഞിട്ടുണ്ട്.
ഭരതന്റെ ‘മർമ്മരം’ എന്ന ചിത്രവുമായി സംസ്ഥാനത്തെ മികച്ച ചലച്ചിത്രത്തിനുള്ള അവാർഡ് യവനിക പങ്കുവെച്ചു. തിലകൻ ചെയ്ത വക്കച്ചൻ എന്ന കഥാപാത്രത്തിന് സംസ്ഥാനത്തെ മികച്ച രണ്ടാമത്തെ നടനുള്ള അവാർഡും, ജേക്കബ് ഈരാളി എന്ന മമ്മൂട്ടിയുടെ കഥാപാത്രത്തിന് മികച്ച സഹനടനുള്ള അവാർഡും മികച്ച തിരക്കഥക്കുള്ള അവാർഡും ചിത്രം കരസ്ഥമാക്കി. 1982 ൽ അക്കൊല്ലം ഇറങ്ങിയ 117 ചിത്രങ്ങളിൽ നിന്നും യവനിക വേറിട്ട് നിന്നു.
1976ല്‍ സ്വപ്നാടനം മുതൽ 1998ല്‍ പുറത്തിറങ്ങിയ ഇലവങ്കോട് ദേശം വരെ നീണ്ടു കിടക്കുന്ന ജോർജിന്റെ ചിത്രങ്ങളില്‍ ഒട്ടുമിക്കതും മലയാള സിനിമാ ചരിത്രത്തിലെ നാഴികക്കല്ലുകളാണ്. കലാ സിനിമകളുടെയും വാണിജ്യ സിനിമകളുടെയും അതിർ രേഖ കുറഞ്ഞുവരുന്ന ഈ കാലഘട്ടത്തിൽ കെജി ജോര്‍ജിന്റെ സിനിമകള്‍ മുന്നേ തലയുയര്‍ത്തി തന്നെ നില്‍ക്കുന്നു. റിയലിസ്റ്റിക് സിനിമ വല്ലാതെ ആഘോഷിക്കപ്പെടുന്ന പുതിയ കാലത്ത് മലയാളത്തിന്റെ റിയല്‍ മാസ്റ്ററായി അദ്ദേഹം വീണ്ടും വീണ്ടും പ്രതിഷ്ഠിക്കപ്പെടുന്നു. പച്ച മനുഷ്യരുടെ കഥയ്ക്ക്, അവരുടെ അനുഭവങ്ങൾക്ക്, നിസ്സഹായതയ്ക്ക്, അവർ കടന്നുപോകുന്ന തെറ്റുകൾക്കും ശരികൾക്കും വരെ ഇപ്പോഴന്നല്ല, എപ്പോഴും പ്രേക്ഷകർ ഉണ്ടായിക്കൊണ്ടേയിരിക്കും.