fahdmamannan

എന്ത് വേഷം ചെയ്താലും ആരാധകരുടെ ഹൃദയം കവർന്നെടുക്കാൻ ചുരുക്കം ചില നടന്മാർക്ക് മാത്രമേ കഴിയൂ, അവരിൽ ഒരാളാണ് ഫഹദ് ഫാസിൽ. കുറേ ദിവസങ്ങളായി ഫഹദ് ആണ് സോഷ്യൽ മീഡിയയിൽ താരം. ‘മാമന്നൻ’ എന്ന തമിഴ് സിനിമയിലെ ഫഹദിന്റെ പ്രതിനായകവേഷത്തെക്കുറിച്ചുള്ള ചർച്ചകളാണ് ട്വിറ്ററിൽ ട്രെൻഡിങ്ങിൽ തുടരുന്നത്.

മാരി സെൽവരാജ് സംവിധാനം ചെയ്ത 'മാമന്നൻ' ഉദയനിധി സ്റ്റാൻലിൻ, വടിവേലു, ഫഹദ് ഫാസിൽ എന്നിവരുടെ എന്നീ കഥാപാത്രങ്ങളെ കേന്ദ്രീകരിച്ചുള്ളതാണ്, ചിത്രത്തിന്റെ സമീപകാല ഒടിടി റിലീസ് ആണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ പിടിച്ചുപറ്റിയത്. അതിനുപിന്നാലെയാണ് ചിത്രത്തിൽ ഫഹദ് അവതരിപ്പിച്ച രത്നവേൽ എന്ന ക്രൂരനായ വില്ലന് ഹീറോപരിവേഷം നൽകിയുള്ള വിഡിയോകൾ സമൂഹമാധ്യമത്തിൽ പ്രചരിക്കുന്നത്. അതേസമയം സംവിധായകൻ പ്രേക്ഷകരിൽ വെറുപ്പുളവാക്കാൻ സൃഷ്ടിച്ച കഥാപാത്രം ഇപ്പോൾ നായകനേക്കാൾ മുകളിൽ ആളുകൾ പ്രതിഷ്ഠിക്കുന്നത് വിപരീതഫലം ചെയ്യുമെന്ന അഭിപ്രായക്കാരുമുണ്ട്. സംവിധായകൻ നൽകാൻ ശ്രമിച്ച സന്ദേശത്തിന് വിപരീതമാണ് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്നാണ് ഉയരുന്ന അഭിപ്രായം.

മനുഷ്യരെ ജാതിയുടെ വലുപ്പം വച്ച് മാത്രം കാണുന്ന വ്യക്തിയാണ് രത്നവേല്‍. താൻ വളർത്തുന്ന രാജപാളയം നായ്ക്കളെ പോലെ തന്റെ കൂടെ നിൽക്കുന്നവരും വാലാട്ടി കുമ്പിട്ടു നിൽക്കണമെന്ന് ആഗ്രഹിക്കുന്ന ക്രൂരനായ നേതാവ്. ‘മുകളിലിരിക്കുന്നവനെ കുമ്പിട്ടാലും കൂടെയിരിക്കുന്നവനെ കുമ്പിട്ടാലും കീഴെ ഇരിക്കുന്നവനെ കുമ്പിടരുത്. കീഴെ ഇരിക്കുന്നവനെ കുമ്പിട്ടാൽ നീ ചത്തതിനു സമം’ എന്നാണ് രത്നവേലിന്റെ അച്ഛന്‍ അവനെ പറഞ്ഞു പഠിപ്പിച്ചിരിക്കുന്നത്. സങ്കീർണതകളേറെയുള്ള രത്നവേലിനെഫഹദ് തന്റെ പ്രകടനം കൊണ്ട് മറ്റൊരു തലത്തിലെത്തിച്ചു ഫഹദ്. അടുത്തിടെയൊന്നും ഇത്രയേറെ ഹീറോപരിവേഷം ലഭിച്ച വില്ലൻ കഥാപാത്രങ്ങൾ ഉണ്ടായിട്ടില്ല. തമിഴ്നാട്ടിൽ പലയിടങ്ങളിലും ഫഹദ് ഫാസിൽ ചിത്രവുമായി ഫ്ളക്സുകൾ ഉയർന്നുകഴിഞ്ഞു.

രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി പല സംഘടനകളും  ഈ കഥാപാത്രത്തിന്റെ ചില രംഗങ്ങൾ മാത്രം എഡിറ്റ് ചെയ്ത് വിഡിയോ ആക്കുന്നുണ്ടെന്നും പരാതി ഉയരുന്നുണ്ട്. ഏതായാലും ഏതെങ്കിലുമൊരു കഥാപാത്രത്തെ ജനങ്ങൾ വെറുക്കണമെങ്കിൽ അത് ഫഹദിനെ ഏൽപ്പിക്കരുതെന്നാണ് ഇപ്പോൾ ആരാധകരുടെ പ്രതികരണം.