rajinikanth-fahad

സൂപ്പര്‍സ്റ്റാര്‍ രജനികാന്തിനൊപ്പം ആദ്യമായി ഫഹദ് ഫാസില്‍ അഭിനയിക്കുന്ന ചിത്രമാണ് ടി.ജെ.ജ്ഞാനവേൽ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘വേട്ടയൻ’. ചിത്രത്തിന്‍റെ ഓരോ അപ്ഡേറ്റും ആരാധകരില്‍ ആവേശമാകുകയാണ്. ചിത്രത്തില്‍ നിന്നുള്ള ‘മനസിലായോ’ എന്ന പാട്ടും നൃത്തച്ചുവടുകളും ഇതിനോടകം വൈറലാണ്.

ഫഹദ് ഫാസിലിന്റെ കഥാപാത്രത്തെ പരിചയപ്പെടുത്തിക്കൊണ്ടുള്ള ക്യാരക്ടര്‍ വിഡിയോ കഴിഞ്ഞ ദിവസമാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടത്. ഇപ്പോഴിതാ ഫഹദിന്‍റെ അഭിനയം നോക്കി നില്‍ക്കുന്ന രജനികാന്തിന്‍റെ വിഡിയോയും വൈറലായി. 

ഫഹദിന്റെ അഭിനയം കാണാൻ ആകാംക്ഷയോടെ അദ്ദേഹത്തിന്റെ പിന്നിൽ വന്നുനിൽക്കുകയാണ് രജനികാന്ത്. എന്നാൽ തന്റെ പിന്നിൽ ഒരാൾ ഉള്ള കാര്യം ഫഹദ് അറിയുന്നതേയില്ല. പെട്ടെന്ന് തിരിഞ്ഞുനോക്കുമ്പോഴാണ് പിന്നിൽ സൂപ്പർ സ്റ്റാർ നിൽക്കുന്നത് ഫഹദ് കാണുന്നതും ഞെട്ടുന്നതും. വിനയാന്വിതനാവുന്ന ഫഹദിന്റെ പുറത്ത് രജനികാന്ത് തമാശയായി അടിക്കുന്നതും വിഡിയോയിലുണ്ട്. നിമിഷങ്ങള്‍ക്കകം വിഡിയോ സൈബറിടം കീഴടക്കി. 

രജനികാന്തിനും അമിതാഭ് ബച്ചനുമൊപ്പമുള്ള ഫഹദ് ഫാസിലിന്‍റെ ലൊക്കേഷൻ ദൃശ്യങ്ങളും നേരത്തെ പുറത്തുവന്നിരുന്നു. ലൈക പ്രൊഡക്ഷൻസിൻ്റെ ബാനറിൽ സുബാസ്കരനാണ് ‘വേട്ടയന്‍’ നിർമിക്കുന്നത്.

ENGLISH SUMMARY:

Rajinikanth watching Fahad Faasil's acting from behind him. Fahad turns and shocks. The video goes viral on social media.