സൗദിയിൽ വനിതകൾക്കു വാഹന ഡ്രൈവിങ്ങിന് അനുമതി നൽകി സൽമാൻ രാജാവിന്റെ ഉത്തരവ്. 2018 ജൂണിൽ തീരുമാനം പ്രാബല്യത്തിലാകുമെന്ന് ഔദ്യോഗിക ടെലിവിഷൻ റിപ്പോർട്ട് ചെയ്തു. തീരുമാനം നടപ്പാക്കാൻ ആഭ്യന്തര, ധന, തൊഴിൽ, സാമൂഹികകാര്യ വകുപ്പുകളുടെ പ്രാതിനിധ്യത്തോടെ ഉന്നതതല സമിതിയും രൂപീകരിച്ചു. 30 ദിവസത്തിനകം റിപ്പോർട്ട് നൽകണം.
അനുകൂലവും പ്രതികൂലവുമായ എല്ലാ നിലപാടുകളും പരിഗണിച്ചുകൊണ്ടാണ് പുരുഷന്മാരെ പോലെ സ്ത്രീകള്‍ക്കും ഡ്രൈവിങ് ലൈസന്‍സ് അനുവദിക്കുന്നതെന്ന് രാത്രി പുറത്തിറക്കിയ വിജ്ഞാപനത്തില്‍ പറയുന്നു. സ്ത്രീകള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് നല്‍കുന്നത് മതപരമായ വീക്ഷണത്തില്‍ അനുവദനീയമാണെന്ന് ഉന്നത പണ്ഡിതസഭയിലെ അംഗങ്ങളില്‍ ഭൂരിഭാഗവും അഭിപ്രായപെട്ടിരുന്നുവെന്നും വ്യക്തമാക്കുന്നു. തെറ്റുകളിലേക്കും കുഴപ്പങ്ങളിലേക്കുമുള്ള സാധ്യതകള്‍ ഇല്ലാതാക്കുക എന്ന തത്വത്തിന്റെ അടിസ്ഥാനത്തിലാണ് ഇതുവരെ സ്ത്രീകൾക്ക് ലൈസന്‍സ് അനുവദിക്കുന്നതിന് തടസമായി ഉന്നയിക്കപ്പെട്ടിരുന്നത്.
എന്നാല്‍ ഇത് വിദൂര സാധ്യത മാത്രമാണെന്നും വിജ്ഞാപനത്തില്‍ പറയുന്നു. പുതിയ തീരുമാനം നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് മന്ത്രിതല സമിതിയെയും ചുമതലപ്പെടുത്തി. ചരിത്രത്തിൽ ഇടം പിടിക്കുന്ന തീരുമാനം വന്നെങ്കിലും നിയമവിധേയമായി വാഹനമോടിക്കാൻ വനിതകൾക്ക് അടുത്ത വർഷം ജൂൺ വരെ കാത്തിരിക്കണം.
ശനിയാഴ്ച നടന്ന ദേശീയ ദിനാഘോഷത്തിൽ റിയാദ് കിങ് ഫഹദ് സ്റ്റേഡിയത്തിൽ ആദ്യമായി നൂറുകണക്കിനു വനിതകളും ഒത്തുകൂടിയതു ശ്രദ്ധേയ മാറ്റമായി വിലയിരുത്തപ്പെട്ടിരുന്നു. നേരത്തെ, സ്ത്രീപുരുഷന്മാർ പൊതുചടങ്ങുകളിൽ ഒരുമിച്ച് ഒത്തുകൂടുന്നതിനു കർശന വിലക്ക് ഉണ്ടായിരുന്നു.