കേരളത്തിലെ ഇരുപതോളം പ്രസാധകർ ഒരു കുടക്കീഴിൽ അണിനിരത്തി 'പുസ്തകം' എന്ന കൂട്ടായ്മ നിലവിൽ വന്നു. ഇവരുടെ ആദ്യ സംഗമം നവംബർ ഒന്നിന് ഷാർജ എക്സ്പോ സെൻ്ററിൽ ആരംഭിക്കുന്ന രാജ്യാന്തര പുസ്തകമേളയിൽ നടക്കും.
മാതൃഭൂമി, പൂർണ, ഗ്രീൻ, ഒലിവ്, കൈരളി, എൻബിഎസ്, ചിന്ത, പ്രഭാത്, സൈകതം, ശാസ്ത്ര സാഹിത്യ പരിഷത്ത്, എെപിഎച്ച്, ഗൾഫ് മാധ്യമം, പ്രവാസി, രിസാല, ചന്ദ്രിക, സിറാജ്, യുവത, വചനം, കെഎൻഎം, റിനൈസൻസ് തുടങ്ങിയവരാണ് കൂട്ടായ്മയിൽ ഇതുവരെ അണി ചേർന്നത്. ഭാവിയിൽ ഡിസി ബുക്സ് അടക്കം കൂടുതൽ പേർ ചേരുമെന്ന് പ്രതീക്ഷിക്കുന്നതായി കൂട്ടായ്മയ്ക്ക് നേതൃത്വം നൽകുന്ന ഒലിവ് ബുക്സ് എംഡി കൂടിയായ എം.കെ.മുനീർ എംഎൽഎ പറഞ്ഞു.
ചെറുകിട പുസ്തകപ്രസാധകർ ഒട്ടേറെ വെല്ലുവിളികൾ നേരിടുന്ന സാഹചര്യത്തിൽ പ്രസാധകർ ആരോഗ്യകരമായ രീതിയിൽ മത്സരിക്കുകയും പരസ്പരം സഹകരിച്ച് മുന്നേറേകയും ചെയ്യേണ്ടത് കാലത്തിൻ്റെ ആവശ്യമായതിനാൽ കൂട്ടായ്മയ്ക്ക് ഏറെ പ്രസക്തിയുണ്ട്. അതോടൊപ്പം ഭീഷണിയും പ്രതിസന്ധിയും നേരിടുന്ന എഴുത്തുകാരുടെ കൂടെ നിലകൊള്ളുകയും ചെയ്യും. കൂടുതൽ വായനക്കാരെ പുസ്തകമേളയിലേയ്ക്ക് കൊണ്ടുവരുക എന്ന ലക്ഷ്യവും ഇതിനുണ്ട്. പ്രസാധകർ ഒന്നിച്ച് നിന്നാൽ എല്ലാവർക്കും അതിൻ്റെ ഗുണം ലഭിക്കും.
പുസ്തക രചനയിലൂടെ മാന്യന്മാരാകാൻ ചില ശ്രമിക്കുന്നതിനാൽ ഗുണമേന്മയില്ലാത്ത ഒട്ടേറെ പുസ്തകങ്ങൾ മലയാളത്തിൽ പുറത്തിറങ്ങുന്നുണ്ട്. പുസ്തക കൂട്ടായ്മ ഇത് നിയന്ത്രിക്കാൻ ശ്രമിക്കും. ഇന്ത്യൻ പുസ്തക വിപണിയിലെ 55% വ്യാപാരവും ഇംഗ്ലീഷ് പുസ്തകങ്ങളാണ് കൈയടക്കിയിട്ടുള്ളത്. ഹിന്ദിക്ക് 35%, മലയാളമടക്കമുള്ള പ്രാദേശിക ഭാഷകളുടെ പുസ്തകങ്ങൾ 10% ആണ് വിറ്റുവരവ്. എന്നാൽ, ഒാണ്‍ലൈനിലൂടെയുള്ള പുസ്തകവിൽപന അടുത്തകാലത്തായി വർധിച്ചു. ഷാർജ പുസ്തകമേളയിൽ ഏറ്റവും കൂടുതൽ പ്രസാധകരെത്തുന്നത് മലയാളത്തിൽ നിന്നാണ്. എല്ലാവർക്കും മോശമല്ലാത്ത വ്യാപാരവും നടക്കുന്നു. എന്നാൽ, വായനക്കാർക്ക് മികച്ച പുസ്തകങ്ങൾ എത്തിക്കുക എന്ന ഉദ്ദേശ്യവും കൂട്ടായ്മ ഏറ്റെടുക്കുന്നു. എഴുത്തുകാരൻ സി.വി.ബാലകൃഷ്ണൻ, ഗ്രീൻ ബുക്സ് എംഡി കൃഷ്ണദാസ്, കൈരളി ബുക്സിൻ്റെ അശോക് കുമാർ, പൂർണ പബ്ലിക്കേഷൻസിൻ്റെ മനോഹർ എന്നിവരും സംബന്ധിച്ചു.