കുവൈത്ത് മന്ത്രിസഭ രാജിവച്ചു. പ്രധാനമന്ത്രി ഷെയ്ഖ് ജാബർ അൽ മുബാറക് അൽ ഹമദ് അൽ സബാഹ് സമർപ്പിച്ച മന്ത്രിസഭയുടെ രാജി അമീർ ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് സ്വീകരിക്കുകയായിരുന്നു.
മന്ത്രിസഭാകാര്യ മന്ത്രിയും വാർത്താവിതരണ വകുപ്പ് ആക്ടിങ് മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് അബ്ദുല്ല അൽ മുബാറക് അൽ സബാഹിനെതിരായ അവിശ്വാസ പ്രമേയം പാർലമെന്‍റ് ചർച്ച ചെയ്യാനിരിക്കെയാണ് മന്ത്രിസഭയുടെ രാജി. പൊതു തിരഞ്ഞെടുപ്പിനെ തുടർന്ന് കഴിഞ്ഞ നവംബറിൽ അധികാരമേറ്റ മന്ത്രിസഭയാണ് ഇന്ന് രാജിവച്ചത്. മന്ത്രി ഷെയ്ഖ് മുഹമ്മദിനെതിരായ അവിശ്വാസം മറികടക്കാനാണ് മന്ത്രിസഭയുടെ രാജി. ഷെയ്ഖ് മുഹമ്മദിനെ കഴിഞ്ഞാഴ്ച രണ്ട് അംഗങ്ങൾ പാർലമെൻറിൽ കുറ്റവിചാരണ നടത്തിയിരുന്നു. അതിന്‍റെ തുടർച്ചയായാണ് പത്ത് അംഗങ്ങൾ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകിയത്. കുറ്റവിചാരണയ്ക്കൊടുവിൽ വോട്ടെടുപ്പില്ലെങ്കിലും അവിശ്വാസ പ്രമേയം വോട്ടിനിട്ടാണ് അന്തിമ തീർപ്പുണ്ടാക്കുക. അവിശ്വാസ പ്രമേയം പാസാക്കുന്നതിനുള്ള പിന്തുണ പ്രമേയത്തെ അനുകൂലിക്കുന്ന പക്ഷത്തിനുണ്ടെന്നും സൂചനയാണ് രാജിയിലേക്ക് നയിച്ചത്.