അജ്‌മാൻ. ബന്ധു വീട്ടിലെ മാലിന്യക്കുഴിയിൽ വീണു മരിച്ച ബാലിക മഴ കാണാൻ ആഗ്രഹിച്ച് പുറത്തിറങ്ങിയതാണെന്ന് പൊലീസ് പറഞ്ഞു. അജ്മാനിലെ റോള മേഖലയിലാണ് ദാരുണമായ സംഭവം.
അഞ്ചു വയസ്സുള്ള സ്വദേശി പെൺകുട്ടിയാണ് ബന്ധുക്കളുടെ വീട്ടിലെ മാലിന്യകുഴിയിൽ വീണു മരിച്ചത്. മഴവെള്ളം നീക്കാൻ തുറന്നുവച്ചിരുന്ന കുഴിയിലാണ് കുട്ടി വീണത്. ഇതറിയാതെ വീട്ടുകാർ കുഴിയുടെ മൂടി ഭദ്രമാക്കുകയായിരുന്നു. അഞ്ചു മണിക്കൂര്‍ നീണ്ട അന്വേഷണത്തിനൊടുവിലാണ് കുഴിയിൽ നിന്നും മൃതദേഹം പുറത്തെടുത്തത്.
മഴ കാണാനായി പുറത്തിറങ്ങിയ അമല്‍ ബഷീര്‍ യൂസുഫ് എന്ന സഹോദരിയെ കാണുന്നില്ലെന്ന് പരാതി നലകിയതു സഹോദരനാണെന്നു അജ്‌മാൻ ഹമീദിയ പൊലീസ് സ്റ്റേഷൻ ഡയറക്ടർ ലഫ്. കേണൽ യഹ്‌യ ഖലഫ് അൽമത് റൂശി പറഞ്ഞു. ഇതനുസരിച്ചു പൊലീസ് സിവിൽ ഡിഫൻസ് ഡിപ്പാർട്ട്മെന്റിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് ബന്ധുവീട്ടിലെ മുറ്റത്തെ മാലിന്യകുഴിയിൽ നിന്നും കുട്ടിയെ കണ്ടെടുക്കുന്നത്. വൈകിട്ട് ആറിന് ലഭിച്ച പരാതിയിൽ നടത്തിയ തിരച്ചിലിനൊടുവിൽ രാത്രി പത്തിനാണ് കുഞ്ഞിനെ പുറത്തെടുക്കാനയത്.
മഴമൂലം മുറ്റത്ത് കെട്ടി നില്‍ക്കുന്ന വെളളം നീക്കാനാണ് കുഴിയുടെ മുകൾഭാഗം വീട്ടുകാർ തുറന്നുവച്ചത്. മഴ നിലച്ചപ്പോൾ കുഴി ഭദ്രമാക്കുകയും ചെയ്തു. ഇതിനിടെ കാൽതെറ്റി കുട്ടി കുഴിയിൽ വീണതാകാമെന്നാണ് പൊലീസ് നിഗമനം . മഴപെയ്ത സന്തോഷത്തില്‍ എല്ലാവരും വീട്ടിൽ തന്നെ ഉണ്ടായിരുന്നു. ഈ സമയത്ത് സാധാരണ പോലെ കുട്ടി പുറത്ത് മഴ ആസ്വദിച്ച് നിൽപ്പുണ്ടായിരുന്നൂവെന്ന് ബന്ധുക്കൾ പറഞ്ഞു. വീട്ടില്‍ എല്ലാവരും ഉണ്ടായിരിക്കെയുണ്ടായ അപകടം വീട്ടുകാരെയും ബന്ധുക്കളെയും തീരാസങ്കടത്തില്‍ ആഴ്ത്തിയിരിക്കുകയാണ്. കുട്ടിയുടെ പിതാവ് ബഷീര്‍ സൗദി- യു എ ഇ സഖ്യ സേനയിലെ അംഗമായതിനാല്‍ രാജ്യത്തിനു പുറത്താണ്. അമലിനു അഞ്ചു സഹോദരങ്ങളുണ്ട്.
മാലിന്യക്കുഴിയിലെ വിഷവാതകം മാരകമാണെന്ന് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ അജ്മാന്‍ സിവില്‍ ഡിഫന്‍സ് ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ ബ്രിഗേ. അബ്ദുല്‍ അസീസ് അല്‍ശാ0സി അറിയിച്ചു. വീടുകളിലും പാര്‍പ്പിട കേന്ദ്രങ്ങളിലുമുള്ള മാലിന്യക്കുഴികള്‍ തൊഴില്‍ പരിചയമില്ലാത്തവര്‍ തുറക്കരുത്. സമീപവാസികളുടെ സുരക്ഷയെപ്പോലും അതുബാധിക്കും. മഴവെള്ളം എല്ലാ മേഖലയിലും കെട്ടി നില്‍ക്കുന്നതാണ്. അതുനീക്കാന്‍ മാളിന്യക്കുഴികള്‍ തുറക്കേണ്ടതില്ലെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.