എല്ലാ വീടുകളിലും സൗരോർജ്ജം ഉറപ്പാക്കുന്ന പദ്ധതിയുമായി ദുബായ് സർക്കാർ രംഗത്ത്. വീടുകളിൽ സൗരോർജ്ജം ഉപയോഗിക്കുന്നതിനൊപ്പം മിച്ചം വരുന്ന ഊർജം നാടിനു കൈമാറുന്ന പദ്ധതിയാണ് ദുബായ് ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി ഒരുക്കുന്നത്. രണ്ടായിരത്തിമുപ്പതോടെ എല്ലാ കെട്ടിടങ്ങളുടേയും മേൽക്കൂരകളിൽ പാനൽ സ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നത്.
സൂര്യപ്രകാശലഭ്യത കണക്കിലെടുമ്പോൾ ഗൾഫ് മേഖലയിലെ ഏറ്റവും മികച്ച ഊർജ പദ്ധതിയാണ് ഷംസ് ദുബായ് പദ്ധതിയുടെ ഭാഗമായി അവതരിപ്പിക്കുന്നത്. എല്ലാ വീടുകളിലും സൌരോർജ പാനൽ ഉറപ്പുവരുത്തും. വീടുകളിലേക്ക് ആവശ്യമുള്ള സൌരോർജം ഉപയോഗിച്ച ശേഷം മിച്ചം വരുന്നത് ദീവ ഗ്രിഡിലേക്ക് കൈമാറാം. ഇത് രാജ്യത്തിൻറെ മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കും. നിലവിൽ 1032 വീടുകളിൽ സൌരോർജ പാനലുകൾ സ്ഥാപിച്ചിട്ടുണ്ട്. രണ്ടായിരത്തിമുപ്പതോടെ എല്ലാ കെട്ടിടങ്ങളിലും പാനൽ സ്ഥാപിക്കുന്നതിലൂടെ ഇരുപത്താറായിരത്തിലധികം തൊഴിലവസരങ്ങൾ ഈ രംഗത്തുണ്ടാകുമെന്നാണ് വിലയിരുത്തുന്നത്. പാനൽ സ്ഥാപിക്കുന്നതിനുള്ള സാങ്കേതിക സഹായം സർക്കാർ നൽകും. ശക്തമായ പൊടിക്കാറ്റ് പാനലുകൾക്ക് ഭീഷണിയാണെങ്കിലും ഇത് മറികടക്കാനുള്ള വിദ്യ യു.എ.ഇ വികസിപ്പിച്ചിട്ടുണ്ട്. സൌരോർജ സാധ്യതകൾ പരമാവധി ഉപയോഗപ്പെടുത്തുന്നതിനൊപ്പം കാർബണ്ർ മലിനീകരണം ഒഴിവാക്കാൻ കഴിയുമെന്നതും പദ്ധതിയുടെ നേട്ടമാണ്.