സൗദിഅറേബ്യയിലെത്തുന്ന ഉംറ തീർഥാടകർക്കും ഗാർഹിക തൊഴിലാളികൾക്കും ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാക്കും. കൗൺസിൽ ഓഫ് കോ-ഓപ്പറേറ്റീവ് ഹെൽത്ത് ഇൻഷുറൻസിന്റെ പ്രവർത്തന റിപ്പോർട്ടിലാണ് ഇൻഷുറൻസ് പോളിസി നിർബന്ധമാക്കുമെന്ന് പ്രഖ്യാപിച്ചിട്ടുളളത്. പോളിസി ഉടമകൾക്ക് നൽകുന്ന ആരോഗ്യസേവനങ്ങളുടെ നിരക്കുകളും ഏകീകരിക്കും.
സൗദിയിലുളള 20 ലക്ഷം ഗാർഹിക തൊഴിലാളികൾക്കും ഓരോ വർഷവും രാജ്യത്തെത്തുന്ന ലക്ഷക്കണക്കിന് തീർഥാടകർക്കും ഇൻഷുറൻസ് പരിരക്ഷ സഹായകമാവുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഉംറ തീർത്ഥാടകർക്ക് ഇൻഷൂറൻസ് പരിരക്ഷ നിർബന്ധമാക്കുന്നതോടെ ഉംറ നിരക്കിലും മാറ്റങ്ങളുണ്ടായേക്കും. മുപ്പതു രാജ്യങ്ങളിൽനിന്നുള്ള ഇരുപതു ലക്ഷം ഗാർഹിക തൊഴിലാളികളാണ് സൌദിയിൽ ജോലി ചെയ്യുന്നത്. ഇതിൽ 64 ശതമാനവും വനിതകളാണ്.
ഇൻഷുറൻസ് പോളിസി ഉടമകൾക്ക് സേവനം നൽകുന്ന ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കും. ആരോഗ്യസേവനങ്ങളുടെ നിരക്കുകൾ ഏകീകരിക്കുന്നതിന് മാർഗനിർദേശം പുറപ്പെടുവിക്കും.
ആശുപത്രികൾ ഇല്ലാത്ത പ്രവിശ്യകളിൽ ആരോഗ്യ കേന്ദ്രങ്ങൾ തുടങ്ങുന്നതിന് സ്വകാര്യ നക്ഷേപം പ്രോത്സാഹിപ്പിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.രാജ്യത്ത് സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്നവർക്കും അവരുടെ കുടുംബാംഗങ്ങൾക്കും ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാണ്.
നിലവിൽ 1.1 കോടി ആരോഗ്യ ഇൻഷുറൻസ് പോളിസി ഉടമകളാണ് രാജ്യത്തുള്ളത്. ഇതിൽ 28 ലക്ഷം സ്വദേശികളും ബാക്കിയുള്ളവർ വിദേശികളുമാണ്.