സൗദി അറേബ്യയിൽ ആദ്യമായി ഒരു വനിത പ്രൈം ടൈം ന്യൂസ് അവതരിപ്പിച്ചു. സർക്കാർ ഉടമസ്ഥതയിലുള്ള സൗദി ടി.വി ചാനൽ ഒന്നിലാണ് വിയാം അൽ ദഖീൽ, രാത്രി ഒൻപതരയ്ക്കുള്ള വാർത്ത അവതരിപ്പിച്ചത്. സൗദി ദേശീയദിനാഘോഷത്തോടു അനുബന്ധിച്ചായിരുന്നു ചരിത്രസംഭവം.വെള്ളിയാഴ്ച രാത്രി ഒമ്പതരയ്ക്കുള്ള വാർത്തയാണ് ചരിത്രസംഭവമായത്. വാർത്താ അവതാരകനായ ഒമാർ അൽ നഷ്വാനൊപ്പമായിരുന്നു വിയാം േഅൽ ദഖീലിന്റെ അവതരണം.
സൗദി അറേബ്യയിലെ ടെലിവിഷൻ ചരിത്രത്തിൽ പുതിയ അധ്യായമാണ് അൽ ദഖീൽ രചിച്ചിരിക്കുന്നതെന്ന് സൗദി ടി.വി. ട്വിറ്റർ സന്ദേശത്തിൽ കുറിച്ചു. രണ്ടായിരത്തിപതിനാറിൽ ജുമാന അൽ ഷമിയെന്ന വനിതയാണ് ആദ്യമായി ടി.വി.യിൽ പ്രത്യക്ഷപ്പെട്ട സൗദി വനിത. പിന്നീട് രാവിലെയുള്ള സോഫ്റ്റ് വാർത്തകളും പാചകപരിപാടികളുമൊക്കെ അവതരിപ്പിക്കാൻ വനിതകൾക്ക് അവസരം ലഭിച്ചിരുന്നു. എന്നാൽ രാത്രിയിലെ മുഖ്യ വാർത്തയിൽ അവതാരകയായി എത്തിയാണ് അൽ ദഖീൽ ശ്രദ്ധേയയായത്.
ഡ്രൈവിങ് ഉൾപ്പെടെ വിവിധ മേഖലകളിൽ വനിതകൾ ആദ്യമായെത്തുന്നത് സമീപകാലത്താണ്. അതേസമയം, രാജ്യത്തെ എല്ലാ പ്രവിശ്യകളിലും പൊതുജന പങ്കാളിത്തത്തോടെയാണ് എൺപത്തിയെട്ടാമത് ദേശീയദിനാഘോഷം സംഘടിപ്പിച്ചത്. സൌദിക്ക് ഐക്യദാർഡ്യം അറിയിച്ച് യു.എ.ഇ അടക്കമുള്ള രാജ്യങ്ങളിലും ആഘോഷപരിപാടികൾ സംഘടിപ്പിച്ചിരുന്നു.