BAHRAIN-POLITICS-UNREST

ബഹ്റൈനിൽ വൈദ്യുതിക്കും ജലത്തിനും അഞ്ച് ശതമാനം മൂല്യവർധിത നികുതി ഏർപ്പെടുത്തി. ഈ മാസം ഒന്നിനു പ്രാബല്യത്തിൽ വന്ന വാറ്റിൻറെ പരിധിയിലാണ് വൈദ്യുതി, ജലസേവനങ്ങളെ ഉൾപ്പെടുത്തിയത്. അതേസമയം, വാറ്റ് നടപ്പിലാക്കുന്നതിലെ വീഴ്ചകൾ കണ്ടെത്താൻ അധികൃതർ വിപണി പരിശോധന ശക്തമാക്കി.

പ്രവാസികൾക്കും ഒന്നിലധികം വീടുകളുള്ള സ്വദേശികൾക്കും 2016 തുടങ്ങി വൈദ്യുതിയുടെയും വെള്ളത്തിന്റെയും ചാർജ് ഘട്ടം ഘട്ടമായി വർധിച്ചുവരുകയാണ്. വരുന്ന മാർച്ച് മാസം വർധനയുടെ അവസാന ഘട്ടം നടപ്പിലാകാനിരിക്കെയാണ് മൂല്യവർധിത നികുതി കൂടി ഈ സേവനങ്ങൾക്ക് എർപ്പെടുത്തിയത്. 

നിലവില്‍ ജല, വൈദ്യുതി ബില്ലുകള്‍ താങ്ങാവുന്നതിലേറെയാണെന്നിരിക്കെ മൂല്യ വര്‍ധിത നികുതി കൂടി ഏര്‍പ്പെടുത്തുന്നതോടെ കുടുംബമായി കഴിയുന്നവരെ സാരമായി ബാധിക്കുമെന്ന ആശങ്കയിലാണ് പ്രവാസികള്‍. അതേസമയം, വാറ്റിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കപ്പെട്ട ഉൽപന്നങ്ങൾക്കും അധിക നികുതി ഈടാക്കുന്നതായി പരാതി ഉയർന്നിട്ടുണ്ട്. 

1400 സർക്കാർ സേവനങ്ങളേയും 94 അവശ്യഭക്ഷ്യവസ്തുക്കളേയും ആരോഗ്യമേഖലയേയും വാറ്റിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഈ മേഖലകളിൽ അധികനികുതി ഏർപ്പെടുത്തുന്നത് കർശനമായി തടയുമെന്ന് വാണിജ്യവ്യവസായ മന്ത്രാലയം വ്യക്തമാക്കുന്നു. 

അതേസമയം, സൗദിയിലേയും യു.എ.ഇയിലേയുമെന്നപോലെ ആദ്യത്തെ ആശങ്കകൾ ക്രമേണ മാറുമെന്നും വ്യവസായ മുന്നേറ്റത്തിനും സമ്പദ് വ്യവസ്ഥയുടെ ഉത്തേജനത്തിനും വാറ്റ് കാരണമാകുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ.