dubai-kerala-ship

TAGS

പതിനായിരം രൂപ എടുക്കാനുണ്ടെങ്കില്‍ ഇനി കപ്പലില്‍ പ്രവാസികള്‍ക്ക് നാട്ടിലെത്താം.  200 കിലോ ലഗേജ്, വിഭവസമൃദ്ധമായ ഭക്ഷണം, വിനോദപരിപാടികൾ, എല്ലാം ഉള്‍പ്പെടുത്തിയുള്ള കപ്പല്‍ സര്‍വീസില്‍ മൂന്ന് ദിവസത്തെ യാത്രയാണുള്ളത്. ദുബായിൽ നിന്ന് കൊച്ചിയിലേക്കൂം ബേപ്പൂരിലേക്കൂം ഉള്ള യാത്രാ കപ്പൽ സർവീസാണ് ലക്ഷ്യമിടുന്നത്.. കേന്ദ്ര സർക്കാരിന്റെ അനുമതി ലഭിച്ചാൽ ഡിസംബറില്‍ കപ്പൽ സർവീസ് ആരംഭിക്കും. ആദ്യം പരീക്ഷണ സർവീസാണ് നടത്തുക. ഇത് വിജയിച്ചാൽ മാസത്തിൽ രണ്ട് ട്രിപ്പുകൾ നടത്താനാണ് പദ്ധതിയെന്ന്  ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് അഡ്വ.വൈ. എ. റഹീം പറഞ്ഞു. എല്ലാ സൗകര്യങ്ങളുമുള്ള കപ്പലായിരിക്കും യാത്രാ സർവീസിന് ഉപയോഗിക്കുക. മറ്റൊരു സംസ്ഥാനത്തിന് വേണ്ടി കൊച്ചിയിൽ നിർമാണം പൂര്‍ത്തിയാക്കിയ കപ്പലാണ് ദുബായ്–കേരള സർവീസിന് കണ്ടുവച്ചിട്ടുള്ളത്. ഒരു ട്രിപ്പിൽ 1250 പേർക്ക് വരെ യാത്ര ചെയ്യാം. ഗൾഫ് രാജ്യങ്ങളിൽ നിന്ന് കേരളത്തിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് ഓരോ സീസണിലും ഭീമമായി ഉയരുന്നത് പ്രവാസി മലയാളികൾക്ക് പലപ്പോഴും തിരിച്ചടിയാകുന്നുണ്ട്. വിമാന നിരക്ക് താങ്ങാനാകാത്തതിനാൽ നിരവധി പേർ വേനലവധിക്ക് നാട്ടിലേക്ക് പോയില്ല. തങ്ങൾ കഠിനാധ്വാനത്തിലൂടെ സമ്പാദിക്കുന്ന പണത്തിന്റെ വലിയൊരു പങ്ക് വിമാന ടിക്കറ്റിനായി ചെലവിടാൻ ഇവർക്ക് കഴിയാത്തതാണ് കാരണം. കാർഗോ കമ്പനികളുമായി ചേർന്നാണ് സർവീസ് ഏർപ്പെടുത്തുക എന്നതിനാലാണ് ടിക്കറ്റ് 10,000 രൂപയ്ക്ക് നൽകാൻ സാധിക്കുന്നത്.