മകന് ജയ് ഷായ്ക്കെതിരായ സാമ്പത്തിക ആരോപണങ്ങള്‍ നിഷേധിച്ച് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. മകന്‍ അഴിമതി നടത്തിയിട്ടില്ലെന്നും സര്‍ക്കാര്‍ സൗജന്യങ്ങള്‍ സ്വീകരിച്ചിട്ടില്ലെന്നും ഹിന്ദി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അമിത് ഷാ പറഞ്ഞു. സാമ്പത്തിക ഇടപാടുകള്‍ സുതാര്യമായിരുന്നുവെന്നും അമിത് ഷാ അവകാശപ്പെട്ടു.
ജയ് ഷായുടെ ഉടമസ്ഥതയിലുള്ള ടെംപിള്‍ എന്‍റര്‍പ്രൈസസ് പ്രൈവറ്റ് ലിമറ്റഡ് കമ്പനിയുടെ വരുമാനം നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ഒരു വര്‍ഷത്തിനിടെ 16,000 മടങ്ങ് വര്‍ധിച്ചുവെന്ന മാധ്യമ റിപ്പോര്‍ട്ട് ബിജെപിയെ വന്‍പ്രതിസന്ധിയിലാണെത്തിച്ചത്. പ്രതിപക്ഷപാര്‍ട്ടി നേതാക്കള്‍ മാത്രമല്ല യശ്വന്ത് സിന്‍ഹയടക്കം ബിജെപിയിലെ തന്നെ ഒരു വിഭാഗം പരസ്യമായും രഹസ്യമായുമൊക്കെ അമിത് ഷായെ വിമര്‍ശിച്ചു. ഒടുവില്‍ മകന് പ്രതിരോധം തീര്‍ത്ത് അമിത് ഷാ മൗനം വെടിഞ്ഞു. ലാഭം കുറഞ്ഞ കമ്മോഡിറ്റി ട്രേഡാണ് തന്‍റെ മകന്‍ ചെയ്തത്. കമ്പനിയുടെ വിറ്റുവരവ് എണ്‍പത് കോടി രൂപയിലെത്തിയത് ശരിയാണെങ്കിലും കമ്പനി നഷ്ടത്തിലായിരുന്നുവെന്ന് അമിത് ഷാ പറഞ്ഞു. നഷ്ടത്തിലായതുകൊണ്ടാണ് കമ്പനി അടച്ചുപൂട്ടിയത്. സര്‍ക്കാരില്‍ നിന്ന് ഭൂമിയോ, സൗജന്യങ്ങളോ സ്വീകരിച്ചിട്ടില്ല. ഇടപാടുകള്‍ സുതാര്യമായതുകൊണ്ടാണ് ആരോപണങ്ങളെക്കുറിച്ച് അന്വേഷണം വേണമെന്ന് ജയ് ഷാ തന്നെ ആവശ്യപ്പെട്ടതും വാര്‍ത്ത നല്‍കിയ മാധ്യമസ്ഥാപനത്തിനെതിരെ മാനനഷ്ടക്കേസ് നല്‍കിയതും. കോണ്‍ഗ്രസ് ഭരണകാലത്ത് ബേഫോഴ്സ് അഴിമതി നടന്നപോലെ ബിജെപിയുടെ ഭരണകാലത്ത് ഉണ്ടാകില്ലെന്നും അമിത് ഷാ പറഞ്ഞു. അമിത് ഷായ്ക്കൊപ്പം ഉറച്ചു നില്‍ക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആര്‍എസ് എസും അമിത്ഷായെ പിന്തുണയ്ക്കുന്നു. ആരോപണങ്ങള്‍ അന്വേഷിക്കണമെങ്കില്‍ അത് ഉന്നയിച്ചവര്‍ തന്നെ തെളിവുകള്‍ ഹാജരാക്കണമെന്നാണ് ആര്‍എസ്എസിന്‍റെ പ്രതികരണം.