കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി രാജ്യത്തെ നയിക്കാൻ പ്രാപ്തനാണെന്ന് ശിവസേന. സേനാനേതാവ് സഞ്ജയ് റാവത്താണ് രാഹുലിനെ പരസ്യമായി പിന്തുണച്ച് രംഗത്തെത്തിയത്. ഗുജറാത്തിൽ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, എൻഡിഎ ഘടകകഷിയായ സേനയുടെ അഭിപ്രായപ്രകടനം, ബിജെപിയുമായുള്ള ബന്ധത്തിൽ വിള്ളലുണ്ടാക്കും. ഒരു ചാനൽ ചർച്ചയ്ക്കിടെയാണ് സേനയുടെ മുതിർന്ന നേതാവും, രാജ്യസഭാ അംഗവുമായ സഞ്ജയ് റാവത്തിന്റെ അഭിപ്രായപ്രകടനം. ഗുജറാത്തിൽ നടക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ ജിഎസ്ടി അടക്കമുള്ള സാമ്പത്തിക പരിഷ്‌കാരങ്ങൾ ജനം വിലയിരുത്തുമെന്നും, ജനങ്ങളുടെ അമർഷം വോട്ടിൽ പ്രതിഫലിക്കുമെന്നും അദ്ദേഹം തുറന്നടിച്ചു.
രാജ്യത്തെ നയിക്കാൻ കോൺഗ്രസ്സ് ഉപാധ്യക്ഷൻ പ്രാപ്തനാണ്. അദ്ദേഹത്തെ പപ്പു എന്ന് വിളിച്ചുകളിയാക്കരുത്. രാജ്യം എന്നാൽ, നേതാക്കളല്ല, ജനങ്ങളാണ്. ജനം വിചാരിച്ചാൽ ആരെയും പപ്പുവാക്കാം. അത് ആരും മറക്കരുത്. കേന്ദ്രത്തിന് മുന്നറിയിപ്പെന്നോണം റാവത് പറഞ്ഞു.
ഗുജറാത്തിൽ നടക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ ജിഎസ്ടി അടക്കമുള്ള സാമ്പത്തിക പരിഷ്‌കാരങ്ങൾ ജനം വിലയിരുത്തുമെന്നും, ജനങ്ങളുടെ അമർഷം വോട്ടിൽ പ്രതിഫലിക്കുമെന്നും അദ്ദേഹം തുറന്നടിച്ചു. എൻഡിഎയിൽ ഘടകകക്ഷിയായി നിലകൊണ്ടുകൊണ്ട് ബിജെപിക്കെതിരെ നേരത്തെയും ശിവസേന ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. എന്നാൽ, ഗുജറാത്ത് തിരഞ്ഞെടുപ്പ് അടുത്തിരിക്കെ രാഹുൽ ഗാന്ധിയെ പരസ്യമായി പിന്തുണച്ച ശിവസേനനിലപാട് ബിജെപിക്ക് തലവേദനസൃഷ്ടിക്കും.