sonia-gandhi

26ന് കോൺഗ്രസ് അധ്യക്ഷ സ്ഥാനമൊഴിയാനിരിക്കെ മുതിർന്ന നേതാക്കളുമായുള്ള കൂടിക്കാഴ്ച തുടർന്ന് സോണിയ ഗാന്ധി. പാർട്ടിയുടെ സമ്പന്നകാലവും തകർച്ചയും കണ്ടിറങ്ങുന്ന സോണിയ ഗാന്ധി വിശ്വസ്തനായ അശോക് ഗെലോട്ട് ഉണ്ടാക്കിയ രാജസ്ഥാനിലെ പ്രതിസന്ധി പരിഹരിക്കാതെയാണ് പദവിയൊഴിയുന്നത്. പ്രശ്നപരിഹാരത്തിനായി അശോക് ഗെലോട്ടും സച്ചിന് പൈലറ്റും സോണിയ ഗാന്ധിയെ കണ്ടേക്കും.

രണ്ട് ഘട്ടമായി 22 വർഷം കോണ്ഗ്രസ് അധ്യക്ഷ പദത്തിലിരുന്ന സോണിയ ഗാന്ധി ദീർഘകാലമായി കാത്തിരിക്കുന്നതാണ് ഈ പദവിയൊഴിയൽ. പാർട്ടിയിൽ അധ്യക്ഷനാണ് വലുതെന്നും ഇനിയെല്ലാം മല്ലികാർജുൻ ഖർഗെ തീരുമാനിക്കുമെന്നും സോണിയ ഗാന്ധി പറയുന്നു. ഇതുവരെ ഒരു നേതാവിന്റെയും വീട് സന്ദർശിക്കാത്ത സോണിയ ഗാന്ധി പതിവ് മാറ്റി ഫല പ്രഖ്യാപനത്തിന് പിന്നാലെ ഖർഗെയെ വീട്ടിലെത്തിക്കണ്ടതും ഈ സന്ദേശം നൽകാനാണ്. കൂടിക്കാഴ്ചക്കെത്തിയ ശശി തരൂർ അടക്കമുള്ള നേതാക്കളോടും ഇതുതന്നെയാണ് സോണിയ ഗാന്ധി ആവർത്തിച്ചത്. അധ്യക്ഷ പദത്തിലെ അവസാന നാളുകളിൽ തലവേദനയായ രാജസ്ഥാൻ പ്രതിസന്ധിക്ക് പരിഹാരം കാണാതെ പദവിയൊഴിയുന്നു എന്നതിൽ സോണിയ ഗാന്ധിക്ക് അസ്വസ്ഥതയുണ്ട്.

വിശ്വസ്തനായ അശോക് ഗെലോട്ടിൽ നിന്ന് തന്നെ തിരിച്ചടി നേരിട്ടതും നിയമസഭ കക്ഷിയോഗം വിളിക്കാനാകാതിരുന്നതും സോണിയ ഗാന്ധിയിൽ വലിയ അതൃപ്തി ഉണ്ടാക്കിയിട്ടുണ്ട്. അതിനാൽ ഗെലോട്ട് സോണിയ ഗാന്ധിയെ കണ്ട് പ്രശ്നപരിഹാരത്തിന് ശ്രമിച്ചേക്കും. അതേസമയം 26ന് സോണിയ ഗാന്ധി നടത്തുന്ന വിടവാങ്ങൽ പ്രസംഗത്തിനായാണ് ഏവരും കാത്തിരിക്കുന്നത്. എഐസിസി ആസ്ഥാനത്ത് വിപുലമായ രീതിയിലാകും  ഖർഗെയുടെ സ്ഥാനാരോഹണം.ഭാരത് ജോഡോ ആരംഭിച്ച ശേഷം ആദ്യമായി ഡൽഹിയിലെത്തുന്ന രാഹുൽഗാന്ധി ചടങ്ങിൽ പങ്കെടുക്കും.  പ്രവർത്തക സമിതി നേതാക്കൾ, പിസിസി അധ്യക്ഷന്മാർ, പ്രതിപക്ഷ നേതാക്കൾ, മുഖ്യമന്ത്രിമാർ , ജനറൽ സെക്രട്ടറിമാർ അടക്കമുള്ളവർക്ക്  ക്ഷണമുണ്ട്. വൈകീട്ട് നടക്കുന്ന ഗുജറാത്ത് സ്ക്രീനിങ് കമ്മിറ്റി യോഗമാകും ഖർഗെ  പങ്കെടുക്കുന്ന ആദ്യ പരിപാടി.