പള്ളിവികാരിയെ കൊള്ളയടിച്ചതിന് പിന്നാലെ മറയൂരിൽ വീണ്ടും മോഷണം. പട്ടാപ്പകൽ വീട് കുത്തിതുറന്ന് പതിനഞ്ച് പവൻ കവർന്നു. വീട്ടിലുള്ളവർ കൃഷിയിടത്തിലേക്ക് പോയ തക്കം നോക്കിയായിരുന്നു മോഷണം. അഞ്ച് ദിവസത്തിനിടെ മറയൂരിൽ ഇത് രണ്ടാമത്തെ മോഷണമാണ്.
കരിമ്പ് കർഷകനായ പാണ്ടിരാജിന്റെ വീട്ടിലാണ് പട്ടാപ്പകൽ മോഷണം നടന്നത്. വൈകിട്ട് സ്കൂൾ വിട്ടെത്തിയ പാണ്ടിരാജിന്റെ മക്കളാണ് മോഷണം നടന്ന വിവരം മാതാപിതാക്കളെ അറിയിച്ചത്. അലമാരയിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങൾ നഷ്ടപ്പെട്ടു. പാണ്ടിരാജും ഭാര്യ വിജയകനിയും സമീപത്തെ കൃഷിയിടത്തിലക്ക് മാറിയ സമയത്തായിരുന്നു മോഷണം. വീട്ടിലെത്തിയ മോഷ്ടാവ് ആദ്യം ശുചിമുറിയുടെ ജനാല തകർത്ത് അകത്ത് കടക്കാൻ ശ്രമിച്ചു. ഉള്ളിൽ കമ്പിയുണ്ടായിരുന്നതിനാൽ ഈ ശ്രമം പരാജയപ്പെട്ടു. തുടർന്ന് നടത്തിയ പരിശോധനയിൽ വരാന്തയിൽ ചവിട്ടിക്കടിയിൽ സൂക്ഷിച്ചിരുന്ന താക്കോൽ കണ്ടെത്തി. ഇത് ഉപയോഗിച്ച് വീട് തുറന്നായിരുന്നു മോഷണം. വീടിനുള്ളിൽ ഉണ്ടായിരുന്ന കത്തിയുപയോഗിച്ചാണ് അലമാര കുത്തി തുറന്ന് ആഭരണങ്ങൾ കവർന്നത്.
എസ്ഐ ജി. അജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്ത് പരിശോധന നടത്തി. ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും തെളിവുകൾ ശേഖരിച്ചു. കുടുംബത്തെ അടുത്തറിയുന്നവരാണ് മോഷണത്തിന് പിന്നില്ലെന്നാണ് പൊലീസിന്റെ നിഗമനം. അഞ്ച് ദിവസത്തിനിടെ മറയൂരിൽ ഇത് രണ്ടാമത്തെ മോഷണമാണ്. ചൊവ്വാഴ്ച സെന്റ് മേരിസ് പള്ളിവികാരി ഫ്രാൻസിസ് നെടുംപറമ്പിലിനെ മോഷ്ടാക്കൾ കൊള്ളയടിച്ചു. ഒന്നരലക്ഷം രൂപയും ലാപ്ടോപ്പും മൊബൈൽഫോണുമാണ് അന്ന് നഷ്ടപ്പെട്ടത്. തമിഴ്നാട്ടിലേക്ക് കടന്ന പ്രതികളെ പിടികൂടാൻ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല.