മൂന്നാർ മാട്ടുപ്പെട്ടി ഹൈറേഞ്ച് പബ്ലിക് സ്കൂളിനു സമീപം അപകടത്തിൽ പെട്ട അജ്‍ഞാത വാഹനം ഒരു രാത്രിയും പകലും ഇവിടെത്തന്നെ കിടന്നു. ഇന്നലെ പുലർച്ചെ സമീപവാസികൾ പോലുമറിയാതെ വാഹനം കയറ്റിക്കൊണ്ടു പോവുകയും ചെയ്തു.
ഹൈറേഞ്ച് പബ്ലിക് സ്കൂളിനും മാട്ടുപ്പെട്ടി തേയില ഫാക്ടറിക്കും ഇടയ്ക്കുള്ള കൊടും വളവിലെ പാലത്തിൽനിന്ന് താഴെ തോട്ടിലേക്ക് പതിച്ച നിലയിൽ വെള്ളിയാഴ്ച രാവിലെയാണു തോട്ടം തൊഴിലാളികൾ ഈ കാർ കണ്ടത്. വാതിലുകൾ തുറന്ന നിലയിലായിരുന്നു.
വ്യാഴാഴ്ച രാത്രി അപകടത്തിൽ പെട്ടതാവാമെന്ന് കരുതുന്നു. വെള്ളിയാഴ്ച പകൽ മുഴുവൻ ഉടമസ്ഥരില്ലാതെ ഈ കാർ ഇവിടെത്തന്നെ കിടന്നു. ശനിയാഴ്ച രാവിലെ ഒരു സംഘം എത്തി കാർ കയറ്റിക്കൊണ്ടു പോവുകയും ചെയ്തു.
കൊടുംവളവും കൈവരിയില്ലാത്ത പാലവുമുള്ള ഇവിടെ വാഹനാപകടങ്ങൾ പതിവാണ്. കഴിഞ്ഞ മാസം വിനോദസഞ്ചാരികൾ എത്തിയ രണ്ട് കാറുകൾ ഇവിടെ നേർക്കുനേർ കൂട്ടിയിടിച്ച് അപകടത്തിൽ പെട്ടിരുന്നു.