സുരക്ഷിതമെന്ന് കരുതുന്ന ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് ഞൊടിയിടകൊണ്ട് ലക്ഷങ്ങൾ അപ്രത്യക്ഷമാകുന്ന ചെപ്പടിവിദ്യകണ്ട് അന്തിച്ച് നിൽക്കുകയാണ് കേരളത്തിലും നിക്ഷേപകർ . കൊച്ചിയിലെ ഒരു ഡോക്ടർക്ക് ഒരു രാവിരുണ്ട് വെളുത്തപ്പോൾ നഷ്ടമായത് നാല് ഇടപാടുകളിലായി മുപ്പത്തിയാറായിരം രൂപ. നഷ്ടം നികത്തണമെന്നാവശ്യപ്പെട്ടപ്പോൾ ബാങ്കധികൃതരും കൈമലർത്തി.
ഒാൺലൈൻ തട്ടിപ്പ് സംഘങ്ങൾക്ക് മുന്നിൽ നിസ്സഹായരായിപ്പോകുന്ന സാധാരണക്കാരുടെ പ്രതിനിധിയാണ് ഡോക്ടർ ഫിറോസ് അഹമ്മദ് . സ്റ്റേറ്റ് ബാങ്ക് ഒാഫ് ഇന്ത്യയുടെ ഇടപ്പള്ളി ശാഖയിലാണ് ഫിറോസ് അഹമ്മദിന്റെ സാലറി അക്കൗണ്ട്. തട്ടിപ്പ് നടക്കുന്ന ദിവസം രാത്രി 12മണിയോടെ ഫിറോസിന്റെ ആക്കൗണ്ടിൽ നിന്ന് ആദ്യം പിൻവലിക്കപ്പെട്ടത് അമ്പത് രൂപ . പണം പിൻവലച്ചതായുള്ള സന്ദേശം ശ്രദ്ധയിൽപ്പെടുകയും ചെയ്തു. ബാങ്കിന്റെ ഏതെങ്കിലും സർവീസ് ഫീയായിരിക്കുമെന്നാണ് ആദ്യം ധരിച്ചത് .
തുടർന്ന് ഉറങ്ങാൻ പോയ ഫിറോസ് പിറ്റേന്ന് നേരം പുലർന്നപ്പോഴാണ് സ്വന്തം അക്കൗണ്ട് കാലിയായ വിവരം മനസിലായത് . അമ്പത് രൂപയ്ക്ക് ശേഷം തുടർച്ചയായി നാലുതവണ ആയിരം രൂപ വീതം നഷ്ടപ്പെട്ടു . പിന്നീട് ഇരുപത്തറായിരം രൂപയും .
തൊട്ടടുത്ത ദിവസം തന്നെ എറണാകളത്ത് എസ്ബിഐയുടെ റീജിയണൽ ഒാഫിസിൽ ഡോകടർ പരാതിയുമായെത്തി. അത്രനല്ലരീതിയിലല്ല സ്വന്തം ഇടപാടുകാരനെ ബാങ്ക് കൈകാര്യം ചെയ്തത് . പണം സൂക്ഷിക്കേണ്ടത് ഇടപാടുകാരൻ തന്നെയെന്ന കടുത്ത നിലപാടിലായിരുന്നു ബാങ്ക് അധികൃതർ
പണം പോയെന്ന് മാത്രമല്ല ബാങ്ക് ജീവനക്കാരുടെ മോശം പെരുമാറ്റം കൂടി സഹിക്കേണ്ട ഗതികേടിലാണ്തട്ടിപ്പിന് ഇരയാകുന്നവർ.
അക്കൗണ്ടിൽ നിന്ന് ഉപഭോക്താവ് അറിയാത പണംനഷ്ടമാകുന്നതിന്റെ ഉത്തരവാദിത്തത്തിൽ ബാങ്കുകൾക്ക് ഒഴിഞ്ഞുമാറാൻ കഴിയില്ല. ഇത്തരം തട്ടിപ്പുകൾ തടയാനുള്ള അടിയന്തര ഇടപെടലാണ് ബാങ്കുകളിൽ നിന്ന് പൊതുജനം പ്രതീക്ഷിക്കുന്നത്.