കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ നിർദേശങ്ങൾ ലംഘിച്ച് സംസ്ഥാനത്തെ മെഡിക്കൽ ഷോപ്പുകളിൽ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് ഇടയാക്കുന്ന മരുന്നുകൾ നിയന്ത്രണമില്ലാതെ വിറ്റഴിക്കുന്നു. ഡോക്ടർമാരുടെ നിർദേശപ്രകാരം മാത്രം വിറ്റഴിക്കേണ്ട വയാഗ്ര ഉൾപ്പെടെയുള്ള മരുന്നുകളാണ് അൻപതിരട്ടി വരെ വില ഉയർത്തി വിൽക്കുന്നത്. ഗർഭം അലസിപ്പിക്കുന്നതിനുള്ള 384 രൂപ വിലയുള്ള ഗുളിക പതിനായിരം രൂപയ്ക്കാണ് തൊടുപുഴയിലെ മെഡിക്കൽ ഷോപ്പിൽ വിറ്റഴിച്ചത്.
തൊടുപുഴ ഗാന്ധിസ്ക്വയറിലെ മെഡിക്കൽ ഷോപ്പിൽ ഗർഭം അലസിപ്പിക്കാനുള്ള ഗുളിക തേടിയാണ് എത്തിയത്. ഡോക്ടർമാരുടെ കുറിപ്പടിയുണ്ടെങ്കിൽ മാത്രം വിൽപ്പന നടത്താവുന്ന മിഫെപ്രിസ് റ്റോൺ ടാബ്ലറ്റ്. ചോദിക്കേണ്ട താമസം ഗുളികയുമായി കടയുടമയെത്തി.
ഈ ഗുളിക കഴിക്കുന്നത് കുട്ടിക്കളിയല്ലെന്ന് ഉടമ മുന്നറിയിപ്പ് നൽകി. ഗുളിക കഴിക്കേണ്ട വിതവും കൃത്യമായി എഴുതി നൽകി. ഒടുവിൽ വില പറഞ്ഞപ്പോളാണ് ഞെട്ടിയത്. പതിനായിരം രൂപ. ഗുളികയുടെ യഥാർഥ വില 384 രൂപ മാത്രം. ലൈംഗിക ഉത്തേജന മരുന്നായ വയാഗ്ര ആവശ്യപ്പെട്ടപ്പോൾ അതും കടയിൽ സ്റ്റോക്കുണ്ട്.
ഇതര സംസ്ഥാന തൊഴിലാളികൾ വീര്യം കൂടാൻ മദ്യത്തിൽ ഒഴിച്ചു കുടിക്കുന്ന ചുമയുടെ മരുന്നാണിത്. രാജ്യത്ത് വിൽപന നിരോധിച്ച മരുന്നും കടയിൽ സുലഭമായി ലഭിക്കും. മരുന്നിന്റെ പേരിൽ സംസ്ഥാന മെമ്പാടും നടക്കുന്ന കൊള്ളയുടെ സാമ്പിൾ ഡോസ് മാത്രമാണ് ഇത്.