കാൻസർ എന്ന വാക്കിന് വേദന എന്നാണ് എന്റെ മനസ്സിൽ വരാറുള്ള അർത്ഥം
കാൻസർ ബാധിച്ച് ഒടുവിൽ മരണത്തിന് കീഴടങ്ങിയ എന്റെ അമ്മൂമ്മയുടെ വേദന കണ്ടു നിന്നതിനാലാവാം അങ്ങനെയായത്. കാൻസർ ബാധിതയായ തൊടുപുഴ വാസന്തിയെ കാണാനിറങ്ങുന്പോഴും ആ വേദനയാണ് മനസ്സിലുണ്ടായിരുന്നത്. വേദനക്കൊണ്ട് പുളയുമ്പോൾ 'കൃഷ്ണാ ഗുരുവായൂരപ്പാ' എന്ന് വിളിച്ച് ആശ്വാസം കണ്ടെത്തിയിരുന്ന എന്റെ അമ്മൂമ്മയുടെ അതേ മുഖം....ദേവകി അമ്മ എന്നായിരുന്നു അമ്മൂമ്മയുടെ പേര്. ചുണ്ടിൽ സദാ നാരായണനാമവും നെറ്റിയിൽ ചന്ദനക്കുറിയും. കരിമണിമാലയിൽ ചുവന്ന അരുകുകളുള്ള ഗുരുവായൂരപ്പന്റെ രൂപം പതിച്ച ഒരു ലോക്കറ്റും ഒാർമ്മ വെച്ച നാൾ മുതൽ അമ്മൂമ്മയുടെ കഴുത്തിലുണ്ട്.
പശുവിൻപാലിന്റെ മണമായിരുന്നു അമ്മൂമ്മയ്ക്ക്. അടുക്കളയിൽ നിന്ന് കണ്ണെത്താദൂരം നീണ്ട് കടക്കുന്ന പറമ്പിലും പശുവിന് പിന്നാലെയും ഓടി നടക്കുന്ന അമ്മൂമ്മയെ കാൻസർ കീഴടക്കുന്നത് 2000ലാണ്. അപ്പോഴേ അറിഞ്ഞുള്ളൂ എന്ന് പറയുന്നതാണ് ശരി. രോഗലക്ഷണങ്ങൾ പലതവണ തല പൊക്കിയെങ്കിലും അതൊന്നും വകവയ്ക്കാതെ പശുവിന് പിന്നാലെപറമ്പിലും പാടത്തും അമ്മൂമ്മ ഓട്ടം തുടർന്നു. ഇങ്ങനെയൊരു രോഗം വരുമെന്ന ചിന്തപോലും മനസിലുണ്ടായിരുന്നില്ലെന്നതാണ് വാസ്തവം. ഒടുവിൽ തറവാട്ടിൽ നിന്ന് അത്താണിയിലെ ഞങ്ങളുടെ വീട്ടിലേക്ക് അമ്മൂമ്മയെ അച്ഛനും അമ്മയും ചേർന്ന് കൂട്ടിക്കൊണ്ടുവന്നു. മരുന്നുകളും റേഡിയേഷനുമൊക്കെയായി മൂന്ന് വർഷം നീളുന്ന ചികിത്സ. പശുവിന് പിന്നാലെ ഉശിരോടെ ഓടി നടന്ന അമ്മൂമ്മ പയ്യെ പയ്യെ ക്ഷീണിച്ച് കിടപ്പിലായി. സ്ഥിരമായി നാരായണനാമം മുഴങ്ങിയിരുന്ന ഞങ്ങളുടെ വീട് മൂകമായി. കാൻസറിനെ പുഞ്ചിരിയോടെ നേരിടാമെന്ന് പലരും പറയുമ്പോളും അത് വിശ്വസിക്കാൻ എനിക്ക് പ്രയാസമായിരുന്നു. കാരണം എന്റെ കൺമുന്നിൽ കാൻസറെന്നത് എന്റെ അമ്മൂമ്മ കണ്ണീരോടെ അനുഭവിച്ച വേദനയാണ്. അമ്മൂമ്മയോടൊപ്പം ഒരു പക്ഷെ അമ്മൂമ്മയേക്കാൾ അധികം വേദന അനുഭവിച്ചതും കരഞ്ഞതും എന്റെ അമ്മയായിരിക്കും. രോഗകിടക്കയിൽ നിന്ന് അമ്മൂമ്മയുടെ നിലവിളി ഉയരുമ്പോൾ അമ്മ അഭയം തേടിയിരുന്നത് പൂജാമുറിയിലാണ്. 2002 ജൂലൈ ഒൻപതിന് രാത്രി അമ്മൂമ്മ മരണത്തിന് കീഴടങ്ങി.
ഇതെല്ലാം മനസിൽ മായാതെ നിൽക്കുന്നതിനാൽ മുൻവിധിയോടെയാണ് വാസന്തിയമ്മയെ കാണാൻ ഞാൻ പോയത്.
മണക്കാട് മൂത്ത സഹോദരി രാധാമണിയുടെ വീട്ടിലേക്ക് നടന്നുകയറുന്നതിന് മുമ്പ് ജനലഴികൾക്കുള്ളിലൂടെ വാസന്തിയമ്മയെ ഒരുനോക്ക് കണ്ടു. മൂക്കിലൂടെ ട്യൂബ് ഇട്ട് കട്ടിലിൽ ഇരിപ്പാണ്. മടിച്ചു മടിച്ചാണ് വീട്ടിലേക്ക് കയറിയത്. വേദനകൊണ്ട് കരയുന്ന അമ്മൂമ്മയുടെ മുഖം തന്നെയായിരുന്നു മനസിൽ. എന്നാൽ വാസന്തിയമ്മ ശരിക്കും ഞെട്ടിച്ചു. പോസിറ്റീവ് എനർജിയുടെ പവർബാങ്കാണ് രോഗകിടക്കയിലും വാസന്തിയമ്മ.
നിറം മങ്ങിയ നാല് ചുമരുകൾക്കുള്ളിൽ ചിരിയും കളിയും തമാശയും ഡാൻസും പാട്ടുമെല്ലാമായി ഒരു വലിയ ലോകം തന്നെ ഒരുക്കിയിരിക്കുന്നു. വിളിച്ചാൽ വിളിപ്പുറത്ത് വാസന്തിയുടെ സഹോദരങ്ങളും കൊച്ചുമക്കളും....
മുഖവുരകളൊന്നുമില്ലാതെ വാസന്തിയമ്മ വാചാലയായി. രോഗത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചും....നിറപുഞ്ചിരിയോടെ തന്നെ.
പോരാട്ടം ഒരുപിടി രോഗങ്ങളോട്
ഒരുവർഷം മുൻപ് പല്ല് വേദനയെ തുടർന്നാണ് ആശുപത്രിയിലെത്തിയത്. വിശദമായ പരിശോധനയിൽ തൊണ്ടയിൽ കാൻസറാണെന്ന് സ്ഥിരീകരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു ആദ്യം ചികിത്സ. പലയിടത്തും ശസ്ത്രക്രിയ നടത്തി പക്ഷെ രോഗം ശമിച്ചില്ല. വെള്ളമിറക്കാൻ പോലും ആകാതെ വേദന കടിച്ചമർത്തി പോരാടി. ഒടുവിൽ കോട്ടയത്തെ കാരിത്താസ് ആശുപത്രിയിലേക്ക് ചികിത്സമാറ്റി. 20 റേഡിയേഷൻ കഴിഞ്ഞു. ഇതിനിടെ വൃക്കകൾ തകരാറിലായി. പ്രമേഹം മൂർച്ഛിച്ചു, ഇതോടെയാണ് കാലുകളിൽ ഒന്ന് മുറിച്ചുമാറ്റിയത്. മുട്ട് ഭാഗത്തു വച്ച് ആദ്യം മുറിച്ചെങ്കിലും, പഴുപ്പു കയറിയതിനെ തുടർന്നു മുട്ടിനു മുകളിൽ വച്ച് വീണ്ടും മുറിച്ചു. അബോധാവസ്ഥയിലായതിനാൽ കാൽ മുറിച്ച വിവരം വാസന്തി അറിഞ്ഞിരുന്നില്ല. അറിഞ്ഞിരുന്നെങ്കിൽ അത് അനുവദിക്കില്ലായിരുന്നുവെന്ന് വാസന്തി പറഞ്ഞു. ാരണം കാലുകൾ എനിക്ക് അത്രയ്ക്ക് വിലപ്പെട്ടതാണ്. ചിലങ്കകെട്ടിയാടിയ പഴയ ഓർമകളാണ് ഇന്നും മനസിൽ....ആ കാലുകൾകൊണ്ടാണ് ഞാൻ ജീവിച്ചത്...വേറെ വഴിയില്ലെന്ന് ഡോക്ടർമാരും പറഞ്ഞു എന്നാൽ പിന്നെ അങ്ങനെ തന്നെ ആവട്ടെ...ഒരെണ്ണം പുതിയത് വാങ്ങിവെക്കാലോ...
വാസന്തിയമ്മ പറഞ്ഞു നിർത്തിയതിനു പിന്നാലെ ആ മുറി നിശബ്ദമായി...
സ്വപ്നങ്ങൾ പിന്നെയും ബാക്കി
രോഗക്കിടക്കയിൽ നിന്ന് തിരിച്ചുവരുമെന്ന ആത്മവിശ്വാസം വാസന്തിയമ്മയുടെ കണ്ണുകളിൽ കാണാം. മുഖത്തു നിന്ന് മായാത്ത ചിരിയും അതിന് അടിവരയിടുന്നു. ബാലെകളിൽ ആൺവേഷത്തിലാണ് വാസന്തി അരങ്ങിലെത്തിയിരുന്നത്. കൈലാസത്തിൽ നൃത്തം ചവിട്ടുന്ന ശിവന്റെ രൂപമാണ് ഇന്നും അവരുടെ മനസിൽ. ക്ഷേത്രമുറ്റത്ത് ഒരിക്കൽകൂടി ചിലങ്കകെട്ടിയാടണമെന്നാണ് ആഗ്രഹം. സിനിമയിൽ അഭിനയിക്കാനും ആഗ്രഹമുണ്ട്.. പക്ഷേ എണീറ്റ് നടക്കാൻ ആകില്ല...അങ്ങനെയെങ്കിൽ റോഡരികിൽ ഇരിക്കുന്ന ഭിക്ഷക്കാരുടെ വേഷമാകും ലഭിക്കുക, അതായാലും മതിയെന്ന് വാസന്തിയമ്മ പറഞ്ഞ് നിർത്തിയപ്പോൾ മുറിയിൽ കൂടി നിന്ന സഹോദരങ്ങളുടെ കണ്ണ് നിറഞ്ഞു...ഇതൊന്നും നടന്നില്ലെങ്കിൽ കുടുംബസമേതം ഒരു സിനിമയെടുക്കാനാണ് തീരുമാനം. കലാപാരമ്പര്യമുള്ള കുടുംബത്തിൽ വസന്തകുമാരിക്ക് ഇപ്പോഴും ആത്മവിശ്വാസമുണ്ട്.
കുടുംബം വലിയ മാതൃക
കിടക്കയിലിരുന്ന് വാസന്തിയമ്മ ഞങ്ങളുടെ ക്യാമറയ്ക്ക് മുന്നിൽ മോഹിനിയാട്ടം അവതരിപ്പിച്ചു. ഏകദേശം ഒരു അഞ്ച് മിനിറ്റ്. ഇത് സാമ്പിൾ മാത്രമാണെന്ന് വാസന്തിയമ്മയുടെ ചേച്ചി രാധാമണി ഞങ്ങളോട് പറഞ്ഞു. ഒഴിവ് ദിവസങ്ങളിൽ എട്ട് സഹോദരങ്ങളും അവരുടെ മക്കളും കൊച്ചുമക്കളും വീട്ടിൽ ഒത്തുകൂടും. തിരുവാതിരക്കളി ,മോഹിനിയാട്ടം, പാട്ട്...അങ്ങനെ ഉത്സവതിമിർപ്പിലാകും വീട്. അടുത്ത ദിവസം സഹോദരന്റെ മകളുടെ വിവാഹമാണ്, അന്ന് കളിക്കാനുള്ള ഡാൻസിന്റെ റിഹേഴ്സലാണിപ്പോൾ. വിവാഹപന്തലിൽ മുൻപന്തിയിൽ തന്നെയുണ്ടാകും വാസന്തിയമ്മ. ഈ ചിരിയും കളിയുമാണ് കടുത്ത പ്രതിസന്ധിയിലും താങ്ങി നിർത്തുന്നതെന്ന് നിറകണ്ണുകളോടെ സഹോദരൻ സുരേഷ് പറയുന്നു. സംസാരത്തിനിടെ പലപ്പോഴും അദ്ദേഹം വിങ്ങിപ്പൊട്ടി. ചേച്ചി അവർക്ക് അത്രയും പ്രിയപ്പെട്ടവളാണ്. എട്ട് സഹോദരങ്ങളുടെ ജീവിത പ്രതിന്ധികളിൽ താങ്ങും തണലുമായത് വാസന്തിയായിരുന്നു. ചികിത്സയ്ക്ക് ഏഴ് ലക്ഷത്തിലേറെ രൂപ ചെലവായി. കടം വാങ്ങിയും സ്ഥലം വിറ്റുമാണ് പണം കണ്ടെത്തിയത്. നല്ലവരായ നാട്ടുകാരും സുമനസുകളുടെ സഹായവും കൂട്ടായി. ഇനിയും അത്രതന്നെ പണം ചികിത്സയ്ക്ക് വേണ്ടിവരും. ഈ തുക കണ്ടെത്താൻ പെടാപ്പാട് പെടുമ്പോളും കുടുംബത്തിന് ആശ്വാസമാകുന്നത് വാസന്തിയമ്മയുടെ മനക്കരുത്താണ്. മാറ്റി നിർത്താതെ, വാസന്തിയമ്മയെ കൂടെ ചേർത്തു നിർത്താൻ കുടുംബത്തിലെ ഓരോ അംഗങ്ങളും മത്സരിക്കുകയാണ്.
വാസന്തിയമ്മയും കുടുംബവും ഒരു മാതൃകയാണ്. വേദനകളെയും പ്രതിസന്ധികളെയും ഒറ്റക്കെട്ടായി പൊരുതി തോൽപ്പിക്കുന്ന സ്നേഹസാന്ത്വനത്തിന്റെ മാതൃക. ആത്മബന്ധത്തിന്റെ ഉദാത്തമാതൃക