ജീവിതത്തിൽ എഴുതിത്തീർത്ത ഒരു തിരക്കഥ. ഒൻപതുവർഷങ്ങൾക്കു മുമ്പുള്ള കാൻസർ കാലഘട്ടത്തെ മലയാള സിനിമയുടെ ദീദി ഇങ്ങനെ സ്മരിക്കുന്നു. അർബുദം ശരീരത്തിലേക്കെത്തിയപ്പോൾ ആരെയുംപോലെ ആദ്യം ഒന്നു ഭയന്നു. ട്രിപ്പിൾ നെഗറ്റീവ് കാൻസറിനെ ചിരിച്ചുകൊണ്ട് നേരിടാൻ കൂട്ടായി കുടുംബം ഒപ്പം ചേർന്നു. കാൻസർ കവരുന്നത് ശരീരത്തെയാണ് മനസിനെയല്ലെന്ന തിരിച്ചറിവാണ് ചികിൽസാകാലയളവിൽ ഊർജമായത്. ഡോ. ജെയിം എബ്രഹാം എന്ന ഒാങ്കോളജിസ്റ്റ് ആണ് രോഗത്തെ തോൽപ്പിക്കാൻ എന്നും ശക്തി നൽകിയത്. ചികിൽസാകാലയളവിൽ നിരവധി സിനിമകൾ കണ്ടു. കാൻസറിനെ അതിജീവിച്ചവരുടെ പുസ്തകങ്ങൾ പ്രചോദനമായി. സമയത്തെക്കുറിച്ച് നമ്മൾ കൂടുതൽ ബോധവാന്മാരാകുന്നത് ഈ കാലഘട്ടത്തിലെന്നാണ് ദീദി പറയുന്നത്. കാൻസറിനെ അതിജീവിച്ചു മുന്നേറുമ്പോൾ ഏക ദുഖം അമ്മയുടെ മരണം മാത്രമായിരുന്നു.
തെറ്റിദ്ധരിപ്പിക്കുന്ന സിനിമകൾ
രോഗത്തെ അതിജീവിച്ചവരാണ് കാന്‍സർ രോഗികളുടെ ആത്മബലം. ഒന്‍പതു വർഷം മുന്പ് രോഗത്തെ കീഴടക്കിയ മലയാളസിനിമയുടെ ദീദി സ്വന്തം ജീവിതം കൊണ്ടുതന്നെ ഈ സന്ദേശത്തിന് അടിവരയിടുകയാണ്. എന്നാൽ കാൻസർ ഒരു മഹാവ്യാധിയെന്ന് തെറ്റിദ്ധരിപ്പിക്കുന്ന പല സിനിമകളും ഇന്നിറങ്ങുന്നു. തികച്ചും വേദനാജനകമാണിത്. അതിജീവനത്തിന്റെ നല്ല മാതൃകകളാണ് രോഗികൾക്ക് എന്നും ഊർജമാകുന്നത്. തന്റെ ജീവിതം നൽകിയ നല്ല അനുഭവങ്ങൾ ദീദി രോഗികളുമായി എന്നും പങ്കുവയ്ക്കും. രോഗത്തെ അതിജീവിച്ച ഒരു വ്യക്തി നൽകുന്ന ധൈര്യമാണ് ഏറ്റവും പ്രധാനം. രോഗികളായ പലരും ദീദിയെ കാണാൻ വീട്ടിലേക്കെത്താറുണ്ട്.
അതിജീവിച്ചവർ ഒപ്പമുണ്ടാകണം.
കാൻസർ രോഗത്തെ അതിജീവിച്ചവരിൽ പലരും പിന്നീട് ആ കാലഘട്ടത്തെക്കുറിച്ച് പോലും ചിന്തിക്കാൻ ആഗ്രഹിക്കാത്തവരാണ്. ജീവിതത്തിലെ കറുത്ത അധ്യായമായി മാത്രം കാണുന്ന കാലം. ആശുപത്രിയിലേക്കുപോലും വീണ്ടുമെത്താൻ ആരും ഇഷ്ടപ്പെടുന്നില്ല. ഈ സാഹചര്യം മാറണമെന്ന് ദീദി പറയുന്നു. അർബുദം ബാധിച്ചവർക്ക് കരുത്ത് പകരാൻ അവർക്കൊപ്പമുണ്ടാകണം. അതിജീവിച്ചവർ പിന്നിട്ട ഒാരോ ദിവസവും രോഗികൾക്ക് പുതിയ പ്രതീക്ഷയാണ്.
തിരക്കുകൾക്കിടയിലെ ജീവിതം.
അധ്യാപികയായും തിരക്കഥാകൃത്തായും ജീവിതം ആസ്വദിക്കുകയാണ് ദീദിയിപ്പോൾ. ഒരു അർബുദവും തളർത്താത്ത ആത്മവിശ്വാസം ആ കണ്ണുകളിൽ തെളിഞ്ഞുനിൽക്കുകയാണ്. ചിരിച്ചുകൊണ്ട് പ്രതിസന്ധികളെ തോൽപ്പിച്ചാൽ മാത്രംപോരാ. പതറാതെ മുന്നേറാനും പഠിക്കണം. അതിന് തന്റെ രോഗകാലഘട്ടം ഏറെ സഹായിച്ചതായി ദീദി പറയും. അർബുദരോഗികൾക്കായുള്ള ക്യാപുകളിലും സജീവമാണ് മലയാളത്തിന്റെ പ്രിയ തിരക്കഥാകൃത്ത്