മുണ്ടക്കയത്ത് നിന്നും കാണാതായ ജസ്നയെക്കുറിച്ചുള്ള അന്വേഷണം കൂടുതല്‍ പേരിലേക്ക്. കഴിഞ്ഞ ദിവസം മുണ്ടക്കയത്ത് നിന്നും ലഭിച്ച സിസിടിവി ദൃശ്യങ്ങളില്‍ ഉള്ളത് ജസ്ന തന്നെയെന്ന് സ്ഥിരീകരിച്ച പൊലീസ്, അന്വേഷണം ജസ്നയുടെ സുഹൃത്തുക്കളിലേക്ക് കേന്ദ്രീകരിച്ചതായാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ മാര്‍ച്ച് 22 ന് അച്ഛന്‍റെ സഹോദരിയുടെ വീട്ടിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് വീട്ടില്‍ നിന്നും ഇറങ്ങിയ ജസ്ന കുറിച്ച് പിന്നീട് ഒരു വിവരവുമില്ലായിരുന്നു. സിസിടിവി ദൃശ്യങ്ങളിലുള്ളത് ജസ്നയെന്ന് സ്ഥിരീകരിച്ചതോടൊപ്പം ദൃശ്യങ്ങളില്‍ ജസ്നയുടെ സുഹൃത്തിനെയും കണ്ടിരുന്നു. ഇതോടെയാണ് ജസ്നയുടെ സുഹൃത്തുക്കളിലേക്ക് അന്വേഷണം കേന്ദ്രീകരിക്കാന്‍ പൊലീസ് തീരുമാനിച്ചത്.
ബിരുദ വിദ്യാര്‍ത്ഥിനിയായ ജസ്‌നയുടെ സുഹൃത്തുക്കളടക്കം ഒരുപറ്റം യുവാക്കളിലേക്ക് അന്വേഷണം കേന്ദ്രീകരിച്ചതായാണ് സൂചന. മുണ്ടക്കയത്തിന് സമീപമുള്ള ചോറ്റി, കോരുത്തോട്, കരിനിലം എന്നിവിടങ്ങളിലുള്ള യുവാക്കളുടെ സംഘത്തെക്കുറിച്ചാണ് പൊലീസ് അന്വേഷണം ശക്തമാക്കിയത്. ജസ്‌നയുടെ ഫോണ്‍ കോളുകളില്‍ നിന്നാണ് അന്വേഷണ സംഘത്തിന് ഇവരെ കുറിച്ച് സൂചന കിട്ടിയത്.
മാര്‍ച്ച് 22 ന് ജസ്നയെ കാണാതാകുന്നതിന് തൊട്ടടുത്ത ദിവസങ്ങളില്‍ യുവാക്കള്‍ നടത്തിയ ഫോണ്‍ സംഭാഷണങ്ങളാണ് പൊലീസിന്‍റെ ശ്രദ്ധ ഇവരിലേക്ക് തിരിയാന്‍ ഇടയാക്കിയത്. എന്നാല്‍ ഈ സംഘത്തിലെ ചിലര്‍ക്ക് പ്രമുഖ രാഷ്ട്രീയ പാര്‍ട്ടിയുമായി ബന്ധമുണ്ടെന്ന സൂചനയുണ്ട്. കാണാതാകുന്നതിന് തലേ ദിവസം ജസ്‌ന തന്‍റെ ആണ്‍ സുഹൃത്തിനെ ഏഴ് തവണ വിളിച്ചതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
കാണാതായ ദിവസം രാവിലെ 11.44 നാണ് ജസ്ന മുണ്ടക്കയം ബസ് സ്റ്റാന്‍റിന് സമീപത്തെ കടയ്ക്ക് മുന്നിലൂടെ നടന്നു പോയത്. മിനിറ്റുകള്‍ക്കുള്ളില്‍ ജസ്നയുടെ ആണ്‍ സുഹൃത്തും ഇതേ ഭാഗത്തുകൂടി തിരിച്ചു നടക്കുന്നതും സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. 22 -ാം തിയതി രാവിലെയും ജസ്ന ഈ സുഹൃത്തുമായി പത്തുമിനിറ്റോളം സംസാരിച്ചുവെന്നും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇയാളുമായുള്ള സൗഹൃദം ഉപേക്ഷിക്കണമെന്ന് ജസ്‌നയ്ക്ക് പലരും മുന്നറിയിപ്പ് നല്‍കിയിരുന്നതായും പോലീസിന് വിവരം ലഭിച്ചു. ഇയാളെ വീണ്ടും വിശദമായി ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചിരുന്നു.