jishnupranoy

രണ്ടുവര്‍ഷം മുമ്പ് പാമ്പാടി നെഹ്റു കോളജ് ഹോസ്റ്റലില്‍ ആത്മഹത്യ ചെയ്ത നാദാപുരം, വളയം സ്വദേശിയായ എന്‍ജിനിയറിങ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയിയുടെ രണ്ടാം ചരമവാര്‍ഷികം ആചരിച്ച് സിപിഎം. കേസ് സിപിഎമ്മിനെതിരെ തിരിച്ചുവിടാനാണ് കമ്മ്യൂണിസ്റ്റ് വിരുദ്ധര്‍ ശ്രമിച്ചതെന്ന് ജില്ലാ സെക്രട്ടറി പി. മോഹനന്‍ കുറ്റപ്പെടുത്തി. ജിഷ്ണുവിന്‍റെ അച്ഛന്‍ അശോകനും ചടങ്ങില്‍ പങ്കെടുത്തു. 

മകന്‍ ജിഷ്ണു പ്രണോയിയുടെ മരണത്തിന് ഉത്തരവാദികളായവരെ സംസ്ഥാന സര്‍ക്കാര്‍ സംരക്ഷിക്കുന്നുവെന്ന് ആരോപിച്ച് ദിവസങ്ങളോളമാണ് അമ്മ മഹിജ തിരുവനന്തപുരത്ത് സമരം നടത്തിയത്. ഇതിന്‍റെ പേരില്‍ ജിഷ്ണുവിന്‍റെ കുടുംബവും സിപിഎമ്മും നേര്‍ക്കുനേര്‍ നിന്നിരുന്ന ഘട്ടത്തിലാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ജിഷ്ണുവിന്‍റെ വീട്ടിലെത്തി കുടുംബത്തെ കയ്യൊഴിയില്ലെന്ന് പ്രഖ്യാപിച്ച് പ്രശ്നം ഒതുക്കാന്‍ ശ്രമിച്ചത്. തുടര്‍ന്ന് ലോക്കല്‍ പൊലിസില്‍ നിന്ന് ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തു. 

എന്നാല്‍ ക്രൈബ്രാഞ്ചിനും അന്വേഷണത്തില്‍ പുരോഗതി കൈവരിക്കാനായില്ല. സുപ്രീംകോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് സിബിഐ കേസ് ഏറ്റെടുത്തത്. വര്‍ഷം ഒന്നു കഴിഞ്ഞിട്ടും പ്രതിയെ കണ്ടെത്താന്‍ സിബിഐയ്ക്കുമായില്ല. ഈ ഘട്ടത്തിലാണ് രണ്ടാം ചരമ വാര്‍ഷിക അനുസ്മരണത്തിന് സിപിഎം തന്നെ നേതൃത്വം നല്‍കിയത്. ജിഷ്ണുവിന്‍റെ അച്ഛന്‍ അശോകന്‍ ചടങ്ങിനെത്തിയിരുന്നുവെങ്കിലും അമ്മ മഹിജ വിട്ടുനിന്നു.