kk-nair-ayodhya

1949ല്‍ ബാബറി മസ്ജിദിനുള്ളില്‍ സ്ഥാപിക്കപ്പെട്ട രാം ലല്ല(രാമവിഗ്രഹം) ആണ് അയോധ്യ ഉത്തരവില്‍ നിര്‍ണായകമായത്. ഈ രാം ലല്ല സ്ഥാപനത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചത് മലയാളിയുടെ ബുദ്ധി.  ടെന്നിസ് കോര്‍ട്ടില്‍ പിറന്ന സൗഹൃദത്തില്‍ നിന്നാണ് രാജ്യത്തിന്‍റെ രാഷ്ട്രീയ ഗതി നിര്‍ണയിച്ച നീക്കങ്ങളുടെ  തുടക്കം. 

 

ബല്‍റാംപൂര്‍ ഭരണാധികാരി  മഹാരാജാ പതേശ്വരി പ്രസാദ് സിങ്, മഹന്ത് ദിഗ്വിജയ് നാഥ്, പിന്നെ കെ.കെ നായരും ആയിരുന്നു ഈ സുഹൃത്തുക്കള്‍. 1907ല്‍ ആലപ്പുഴയിലെ കൈനകരിയില്‍ ജനിച്ച കൃഷ്ണകുമാര്‍ കരുണാകരന്‍ നായര്‍ എന്ന കെ.കെ.നായര്‍ ഐസിഎസ (ICS) ഉദ്യോഗസ്ഥനായിരുന്നു.  1946ല്‍ ജോലിയുടെ ഭാഗമായി ഗോണ്ടയിലെത്തി.  (Gonda)

 

ടെന്നിസ് പ്രേമമാണ് പതേശ്വരി പ്രസാദ് സിങ്ങിനെയും കെ.കെ നായരെയും സുഹൃത്തുക്കളാക്കിയത്. സൗഹൃദത്തിലേക്ക് മഹന്ദ് ദിഗ്വിജയ് നാഥും എത്തി.  1948ല്‍ പതേശ്വരി പ്രസാദ് സിങ് രാമരാജ്യപരിഷത്ത് സ്ഥാപിച്ചപ്പോള്‍ പ്രത്യേക ക്ഷണിതാവായി കെകെ നായരും ഉണ്ടായിരുന്നു. ഈ സുഹൃദ്സദസില്‍ വിദേശാധിപത്യത്തില്‍ നശിപ്പിക്കപ്പെട്ട ഹൈന്ദവ ആരാധനാലയങ്ങള്‍ തിരികെ പിടിക്കുന്നത് ചര്‍ച്ചയായി. വി.ഡി സര്‍വര്‍ക്കറുടെ ആശയമായിരുന്നു ഇത്.  മുഗള്‍ ഭരണകാലത്ത് നശിപ്പിക്കപ്പെട്ടു എന്ന് കരുതുന്ന വിവിധ ഹിന്ദുക്ഷേത്രങ്ങളെക്കുറിച്ച് വിശദമായ ചര്‍ച്ച തന്നെ നടന്നു. ഈ 

കാര്യം ഗൗരവമായി പരിഗണിക്കാമെന്ന് ഉറപ്പുനല്‍കിയാണ് നായര്‍ മടങ്ങിയത്.

 

പിറ്റേന്നു തന്നെ ഇതിനുള്ള കൂടിയാലോചനകള്‍ നായരുടെ നേതൃത്വത്തില്‍ നടന്നു.  അങ്ങനെയാണ് മഹന്ദ് ദിഗ്വിജയ്  അയോധ്യയിലെ രാമജന്മഭൂമിയുടെ കാര്യം പറയുന്നത്.  വാരാണസിയിലെ കാശിവിശ്വനാഥ ക്ഷേത്രവും മഥുരയിലെ കൃഷ്ണജന്മഭൂമി ക്ഷേത്രവും പരാമര്‍ശിക്കപ്പെട്ടു. തന്‍റെ കഴിവിന്‍റെ പരമാവധി ഇക്കാര്യങ്ങള്‍ക്ക് വിനിയോഗിക്കാമെന്ന് നായര്‍ ഉറപ്പുനല്‍‌കി. 

 

1949ജൂണ്‍ ഒന്നിന്  ഫൈസാബാദിന്‍റെ  ഡെപ്യൂട്ടികമ്മിഷണറും ജില്ലാ മജിസ്ര്ടേട്ടുമായി കെ.കെ നായര്‍ നിയമിതനായി.  1949 ഡിസംബര്‍ 22 ന് ബാബറി മസ്ജിദിനുള്ളില്‍ രാമവിഗ്രഹം സ്ഥാപിക്കപ്പെട്ടു. ഇത് കെകെ നായരുടെയും ഉറ്റ ചങ്ങാതിയും ഫൈസാബാദ് സിറ്റി മജിസ്ട്രേട്ടുമായ  ഗുരു ദത്ത് സിങ്ങിന്‍റെയും അറിവോടെയാണെന്ന വിമര്‍ശനം ശക്തമായിരുന്നു.

 

ഒന്നുമറിയാതെ അയോധ്യ ഉറങ്ങുകയായിരുന്ന ആ രാത്രി, രാമവിഗ്രഹവുമായെത്തിയവരെ നായര്‍ അനുഗമിച്ചു, അവരെ പ്രോല്‍സാഹിപ്പിച്ചു എന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഏതായാലും  അതീവരഹസ്യമായി  വിഗ്രഹം സ്ഥാപിച്ച പുലര്‍ച്ചെ തന്നെ ജില്ലാ മജിസ്ട്രേട്ട് സ്ഥലത്തുണ്ടായിരുന്നു. എന്നാല്‍ അങ്ങേയറ്റം പ്രകോപനപരമായ നീക്കം അദ്ദേഹം ലക്നൗവിലുള്ള തന്‍റെ മേലധികാരകിളെ അറിയിച്ചത് രാവിലെ 9 മണിക്ക് മാത്രമാണ്. പള്ളിയുടെ സമ്പൂര്‍ണ നിയന്ത്രണം രാമഭക്തര്‍ ഏറ്റെടുക്കും വരെ കാത്തു നിന്നു എന്നാണ് വിമര്‍ശനം. 

പൊലീസ് എത്തുമ്പോള്‍ ഭജന ആലപിച്ചിരുന്നത് കെ.കെ.നായരുടെ ഭാര്യ ശകുന്തള നായരുടെ നേതൃത്വത്തിലായിരുന്നു എന്നും പറയുന്നു.

 

വിഗ്രഹം നീക്കം ചെയ്യാന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു നേരിട്ട് നിര്‍ദേശിച്ചെങ്കിലും നായര്‍ വഴങ്ങിയില്ല.  മറിച്ച് ബാബറി മസ്ജിദ് വളപ്പ് ഏറ്റെടുത്ത് അയോധ്യ മുനിസിപ്പൽ കോർപറേഷന്റെ റിസീവർ ഭരണത്തിലാക്കുകയും ചെയ്തു. ഇതെത്തുടര്‍ന്ന് നായരെ സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. നിയമപോരാട്ടത്തിനൊടുവില്‍ അദ്ദേഹത്തെ സര്‍വീസില്‍   തിരിച്ചെടുക്കാന്‍ കോടതി ഉത്തരവിട്ടു. കെ.കെ നായരുടെ പിന്തുണ ഇല്ലായിരുന്നെങ്കില്‍ രാമവിഗ്രഹം സ്ഥാപിക്കാനാകുമായിരുന്നില്ലെന്ന് പിന്നീട് നിരവധി പേര്‍ സാക്ഷ്യപ്പെടുത്തി. 

 

ഇതിനോടകം ഹിന്ദുമഹാസഭയുടെയും മറ്റും ഇഷ്ടക്കാരനായി കെ.കെ.നായര്‍  മാറി. 1952ല്‍ ശകുന്തള നായര്‍   ഹിന്ദു മഹാസഭ സ്ഥാനാര്‍ഥിയായി ഗോണ്ട മണ്ഡലത്തില്‍ നിന്നും ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.  പൊലീസ് റിപ്പോര്‍ട്ടിലെ പ്രതികൂല പരാമര്‍ശങ്ങളെത്തുടര്‍ന്ന് സര്‍വീസില്‍ നിന്ന് രാജിവച്ച കെ.കെ നായര്‍ 1962ല്‍ ജനസംഘം ടിക്കറ്റില്‍ മല്‍സരിച്ച്  യുപി നിയമസഭാംഗമായി. 1967ല്‍ ബഹ്്രക്  മണ്ഡലത്തില്‍ നിന്ന് ലോക്സഭയിലേക്കും വിജയിച്ചു. ശകുന്തള നായര്‍ ആ തിരഞ്ഞെടുപ്പില്‍ കൈസര്‍ഗഞ്ച് മണ്ഡലത്തെ പ്രതിനിധീകരിച്ചു.