exam-cusat

കഴിഞ്ഞ പരീക്ഷയുടെ ചോദ്യപ്പേപ്പർ അടുത്ത പരീക്ഷയിലും നൽകി കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്). വിദ്യാർഥികളെ പോലും അമ്പരപ്പിച്ച വിധം പരീക്ഷ നടത്തിയത് നവംബർ 20ന്. ബി ടെക് 5–ാം സെമസ്റ്റർ സേഫ്റ്റി എൻജിനീയറിങ് വിദ്യാർഥികളുടെ പ്രിൻസിപ്പിൾസ് ഓഫ് എൻജിനീയറിങ് ഡിസൈൻ എന്ന പരീക്ഷയ്ക്ക് 2019 ഏപ്രിലിൽ നൽകിയ ചോദ്യപ്പേപ്പറാണ് നവംബറിലും  നൽകിയത്. അബദ്ധം മനസ്സിലായപ്പോൾ സർവകലാശാല പരീക്ഷ റദ്ദാക്കി.

 

ജനുവരി 6നു പുതിയ ചോദ്യപ്പേപ്പറുമായി വീണ്ടും പരീക്ഷ നടത്താനാണ് സർവകലാശാലയുടെ തീരുമാനം. തങ്ങളുടേതല്ലാത്ത കുറ്റത്തിനു വീണ്ടും പരീക്ഷ എഴുതേണ്ടി വരുന്ന നീരസത്തിലാണ് വിദ്യാർഥികൾ. ഇതേ പരീക്ഷയ്ക്കു മുൻപും പല ചോദ്യങ്ങൾ ആവർത്തിച്ചിട്ടുള്ളതായി വിദ്യാർഥികൾ പറഞ്ഞു.  മുഴുവൻ ചോദ്യങ്ങളും ആവർത്തിച്ച പരീക്ഷ റദ്ദു ചെയ്തിട്ടും ബന്ധപ്പെട്ടവരോട് വിശദീകരണം ചോദിക്കാൻ പോലും സർവകലാശാല തയാറായിട്ടില്ല. കംപ്യൂട്ടറിൽ നിന്നു ഡൗൺലോഡ് ചെയ്യുന്നതിനിടെ ഉദ്യോഗസ്ഥനു വന്ന പിഴവാണെന്നാണ് മനസ്സിലാക്കുന്നതെന്നും വിശദമായ അന്വേഷണം നടത്തുകയാണെന്നും പരീക്ഷാ കൺട്രോളർ പറഞ്ഞു.