മനുഷ്യന് പിന്നാലെ വളർത്തുനായയും ‘ക്വാറന്റീനിൽ’. പത്തനംതിട്ട അയിരൂർ പഞ്ചായത്തിലെ ഇടപ്പാവൂരിൽ കോവിഡ് സ്ഥിരീകരിച്ച വീട്ടിലെ അപ്പു എന്ന ഒന്നരവയസ്സുള്ള നായയാണ് മൃഗസംരക്ഷണ വകുപ്പിന്റെ ‘സ്പെഷൽ’ നിരീക്ഷണത്തിൽ വീട്ടിലെ പ്രത്യേക മുറിയിൽ കഴിയുന്നത്. ജില്ലയിൽ ആദ്യമായാണ് ഒരു നായ കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ നിരീക്ഷണത്തിൽ കഴിയുന്നത്. ശ്വാസം മുട്ടൽ, പനി, മൂക്കൊലിപ്പ് എന്നിവ ഉണ്ടാകുന്നുണ്ടോ എന്ന് ദിവസവും എത്തി പരിശോധിക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
മാർച്ച് 22ന് ഗൾഫിൽ നിന്ന് നാട്ടിൽ എത്തി ക്വാറന്റീനിൽ കഴിഞ്ഞ യുവാവിന് 18 ദിവസത്തിനു ശേഷം കഴിഞ്ഞ 8ന് കോവിഡ് സ്ഥിരീകരിച്ചതോടെ വീട്ടിലെ വളർത്തുനായയും ‘നോട്ടപ്പുള്ളി’യാകുകയായിരുന്നു. അമേരിക്കയിൽ മൃഗത്തിന് കോവിഡ് പോസിറ്റീവ് ആയതോടെയാണ് മറ്റു രാജ്യങ്ങളിലും പക്ഷിമൃഗാദികളും നിരീക്ഷണ വലയത്തിലായി തുടങ്ങിയത്.