ഹ്യൂമന്‍ മെറ്റന്യൂമോവൈറസ് (Human Metapneumovirus), ആഗോളതലത്തില്‍ ജനങ്ങളെ ഭീതിയിലാഴ്ത്തി ചൈനയില്‍ നിന്ന് മറ്റൊരു വൈറസ് പടര്‍ന്നുപിടിക്കുകയാണ്. വൈറസ് വ്യാപനം അതീവജാഗ്രതയോടെയാണ് ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ നിരീക്ഷിച്ചുവരുന്നത്. കോവിഡ് മഹാമാരി എല്ലാം നിശ്ചലമാക്കിയ അവസ്ഥയില്‍ നിന്ന് ലോകം കരകയറുന്നതേയുള്ളൂ. അതുകൊണ്ടു തന്നെയാണ് എച്ച്.എം.പി.വി (HMPV) എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ഹ്യൂമന്‍ മെറ്റന്യൂമോവൈറസിനെ ലോകം കരുതലോടെ നോക്കിക്കാണുന്നതും.
എന്താണ് ഹ്യൂമന്‍ മെറ്റന്യൂമോവൈറസ് അഥവാ എച്ച്.എം.പി.വി?
ഹ്യൂമന്‍ മെറ്റന്യൂമോവൈറസ് ശ്വാസകോശത്തെ ബാധിക്കുന്ന ഒരുതരം വൈറസാണ്. സാധാരണ പനിപോലെയാണ് വൈറസ് ബാധിച്ചാല്‍ അനുഭവപ്പെടുക. തണുപ്പുകാലത്താണ് എച്ച്.എം.പി.വി പെട്ടെന്ന് പടര്‍ന്നുപിടിക്കുന്നത്.
എച്ച്.എം.പി.വി പുതിയ വൈറസാണോ?
എച്ച്.എം.പി.വി പുതിയ ഒരു വൈറസല്ല. 2001 മുതല്‍ എച്ച്.എം.പി.വി വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. യു.എസ് സെന്‍റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍റ് പ്രിവന്‍ഷന്‍ (US Centers for Disease Control and Prevention) ഇക്കാര്യം സ്ഥിരീകരിച്ചിട്ടുമുണ്ട്. 1958 കാലഘട്ടം മുതല്‍ വൈറസ് ബാധ വ്യാപകമാണെന്ന വിവരങ്ങളുമുണ്ട്. ന്യുമോണിയ വിഭാഗത്തില്‍പ്പെട്ട രോഗമായാണ് ഇതിനെ പട്ടികപ്പെടുത്തിയിരിക്കുന്നത്.
കോവിഡ്–19നും എച്ച്.എം.പി.വിയും തമ്മില്‍?
കോവിഡ്– 19നും എച്ച്.എം.പി.വിയും തമ്മില്‍ ചില സാമ്യങ്ങളുണ്ട്. കോവിഡ്– 19ന് കാരണം സാര്‍സ്–കോവ്–2 വൈറസാണ്. എച്ച്.എം.പി.വിയും സാര്‍സ്–കോവ്–2 വൈറസും ചില കാര്യങ്ങളില്‍ സമാനതകളുണ്ട്.
1. എല്ലാ പ്രായത്തിലുള്ളവരിലും ശ്വാസകോശ സംബന്ധമായ അസുഖങ്ങളാണ് രണ്ട് വൈറസുകളും ഉണ്ടാക്കുന്നത്. കുട്ടികള്‍, മുതിര്‍ന്നവര്‍, പ്രായമായവര്‍ തുടങ്ങി ആര്‍ക്കു വേണമെങ്കിലും വൈറസ് ബാധയുണ്ടാകാം. രോഗപ്രതിരോധശേഷി കുറവുള്ളവരിലാണ് വൈറസ് ബാധ അതിവേഗം പടര്‍ന്നുപിടിക്കുന്നത്.
2. വൈറസ് ബാധിച്ചാലുള്ള ലക്ഷണങ്ങളും സമാനമാണ്. ചുമ, പനി, മൂക്കടപ്പ്, ശ്വാസതടസ്സം എന്നിവയാണ് എച്ച്.എം.പി.വി, സാര്‍സ്–കോവ്–2 വൈറസ് ബാധയുണ്ടായാല്‍ പ്രധാനലക്ഷണങ്ങള്‍.
3. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴുമെല്ലാം പുറത്തുവരുന്ന ശരീരസ്രവത്തിലൂടെയാണ് വൈറസ് ബാധ പ്രധാനമായും പകരുന്നത്. വൈറസ് ബാധയുള്ളയാളുമായി അടുത്തിടപഴകുന്നവര്‍ക്കും രോഗി ഉപയോഗിച്ച വസ്തുക്കളിലൂടെയുമാണ് എച്ച്.എം.പി.വിയും സാര്‍സ്–കോവ്–2 വൈറസും മറ്റൊരാളിലേക്കെത്തുന്നത്.
4. തണുപ്പ് കാലത്താണ് വൈറസ് ബാധ വ്യാപകമാകുന്നത് എന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.
എച്ച്.എം.പി.വി പ്രതിരോധിക്കാന്‍ വാക്സീന്‍ ലഭ്യമാണോ?
ഇതുവരെ ഹ്യൂമന്‍ മെറ്റന്യൂമോവൈറസിനെ ചെറുക്കാനായി വാക്സീന്‍ കണ്ടെത്തിയിട്ടില്ല. വൈറസ് ബാധിച്ചാല്‍ പ്രത്യേക ചികിത്സയോ മരുന്നോ നിലവിലില്ല.
എങ്ങനെ പ്രതിരോധിക്കാം?
കോവിഡ് കാലത്തിനു സമാനമായി ജാഗ്രതയോടെ നേരിടുക എന്നതാണ് എച്ച്.എം.പി.വിക്കെതിരായ പ്രതിരോധ മാര്‍ഗം. 20 സെക്കന്‍റ് സമയമെടുത്ത് കൈകള്‍ വൃത്തിയായി കഴുകുക. കണ്ണ്, മൂക്ക്, വായ എന്നിവിടങ്ങളില്‍ വൃത്തിയില്ലാത്ത കൈകള്‍കൊണ്ട് സ്പര്‍ശിക്കരുത്. ശരീരം വൃത്തിയായി സൂക്ഷിക്കണം. പനി, ചുമ തുടങ്ങിയയുള്ളവരില്‍ നിന്ന് അകലം പാലിക്കണം. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും മൂക്കും വായയും വൃത്തിയുള്ള തുണികൊണ്ട് പൊത്തിപിടിക്കണം. ഭക്ഷണസാധനങ്ങളും വെള്ളവുമടക്കം ഒരേ പാത്രത്തില്‍ നിന്ന് പങ്കിട്ട് കഴിക്കുന്നതുപോലെയുള്ള കാര്യങ്ങള്‍ ചെയ്യരുത്.