കോവിഡിനെ തുടര്‍ന്ന് നാട്ടിലേക്ക് വരാന്‍ പണമില്ലാതെ ഗള്‍ഫില്‍ കുടുങ്ങിയ പ്രവാസികള്‍ക്ക് കൈത്താങ്ങായി കൊച്ചിയിലെ വ്യാപാരസമൂഹം. കൊച്ചി പെന്‍റാമേനകയിലെ കടയുടമകളാണ് 200 പ്രവാസികളുടെ വിമാനടിക്കറ്റിന്‍റെ ചെലവ് വഹിക്കാന്‍ മുന്നോട്ട് വന്നിരിക്കുന്നത്. യുഎഇയിലെ ഇന്ത്യന്‍ എംബസിയും കോണ്‍സുലേറ്റുമായി സഹകരിച്ചാണ് ഈ ഇടപെടല്‍.
കേരളത്തിന്‍റെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലായ പ്രവാസികള്‍ക്ക് കൈത്താങ്ങാകേണ്ട സമയമാണിതെന്ന തിരിച്ചറിവിലാണ് മാതൃകാപരമായ ഇടപെടലുമായി പെന്‍റാ മേനകയിലെ കടയുടമകള്‍ രംഗത്തെത്തിയിരിക്കുന്നത്. അസോസിയേഷന്‍ ഫണ്ടില്‍ നിന്ന് 25 ലക്ഷം രൂപയാണ് ഇതിനായി നീക്കി വച്ചിരിക്കുന്നത്. നാട്ടില്‍ വരാന്‍ വിമാനക്കൂലിക്ക് പണമില്ലാതെ ഗള്‍ഫില്‍ കുടുങ്ങിയ പ്രവാസി മലയാളികളെ വിമാനം ചാര്‍ട്ടര്‍ ചെയ്ത് നാട്ടിലെത്തിക്കുകയാണ് പദ്ധതി.
ഇന്ത്യന്‍ എംബസിയും കോണ്‍സുലേറ്റുമായിരിക്കും പദ്ധതിയുടെ ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുക. പ്രായമായവര്‍ക്കും ജോലി നഷ്ടമായവര്‍ക്കും മുന്‍ഗണന നല്‍കും
സംസ്ഥാന സര്‍ക്കാരും പെന്‍റാ മേനകയിലെ കടയുടമകളുടെ നല്ല മനസിന് പിന്തുണയുമായി എത്തിയിട്ടുണ്ട്. മുഖ്യമന്ത്രി വഴിയായിരിക്കും പ്രവാസികളെ തിരികെ കൊണ്ടുവരുന്നതിനുള്ള യാത്രാക്കൂലി എയര്‍ ഇന്ത്യക്ക് കൈമാറുക