anupama-child

അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നല്‍കിയ കേസില്‍ നിര്‍ണായക വഴിത്തിരിവ്. ആന്ധ്ര ദമ്പതികള്‍ക്ക് ദത്ത് നല്‍കിയ കുഞ്ഞിനെ അഞ്ച് ദിവസത്തിനകം കേരളത്തിലെത്തിച്ച് ഡി എന്‍ എ പരിശോധന നടത്താന്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിററി ശിശുക്ഷേമസമിയോട് ഉത്തരവിട്ടു. ഫലം വരുന്നതുവരെ കുഞ്ഞിനെ സര്‍ക്കാര്‍ സംരക്ഷിക്കും. കുറ്റാരോപിതരെയാണ് ചുമതലയേല്‍പിച്ചതെന്നും ഉത്കണ്ഠയുണ്ടെന്നും അനുപമ പ്രതികരിച്ചു. 

ശിശുക്ഷേമ സമിതി ആന്ധ്ര ദമ്പതികള്‍ക്ക് ദത്ത്് നല്കിയ ആണ്‍കുട്ടിയെ അഞ്ചുദിവത്തിനകം ഹാജരാക്കാനാണ്  ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ഉത്തരവിട്ടിരിക്കുന്നത്.  തുടര്‍ന്ന് കുട്ടിയുടേയും അവകാശമുന്നയിച്ച അനുപമയുടേയും അജിത്തിന്റേയും ഡി എന്‍ എ പരിശോധന രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജിയില്‍ നടത്തണം. കുട്ടിയെ കൊണ്ടുവരുന്നതിന് തിരുവന്തപുരം  ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ  നേതൃത്വത്തില്‍ സംരക്ഷണം നല്കണം.ശനിയാഴ്ച തിരുവന്തപുരം കുടുംബകോടതി ദത്ത് കേസ് പരിഗണിക്കാനിരിക്കെയാണ് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ ഉത്തരവ്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുന്നതുവരെ കുട്ടി തിരുവനന്തപുരം ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഒാഫീസറുടെ കീഴില്‍ സര്‍ക്കാര്‍  സംരക്ഷണയിലായിരിക്കും. എന്നാല്‍  കുററക്കാരെന്ന് താന്‍ ചൂണ്ടിക്കാണിച്ച ശിശുക്ഷേമസമിക്ക് തന്നെ ചുമതല നല്കിയതിലുളള പരാതി ബാലാവകാശ കമ്മിഷനേയും ശിശുവികസന ഡയറ്ടറേയും അനുപമ അറിയിച്ചു. 

അനുപമ കുട്ടിയെ നഷ്ടപ്പെട്ടതായി പരാതിയില്‍ പറയുന്ന 2020 ഒക്ടോബര്‍ 22 ന് രാത്രി ശിശുക്ഷേമസമിയില്‍ ലഭിച്ചത് രണ്ട് ആണ്‍കുട്ടികളെയാണ്. ഒരു കുട്ടി അനുപമയുടേതല്ലെന്ന് നേരത്തെ സ്ഥിരീകരിച്ചിരുന്നു. ആന്ധ്ര ദമ്പതികള്‍ക്ക് ദത്ത് നല്കിയ രണ്ടാമത്തെ കുട്ടി അനുപമയുടേതാണെന്നാണ് സാഹചര്യത്തെളിവുകള്‍ വച്ചുളള നിഗമനം. കുട്ടിയെ കേരളത്തിലെത്തിക്കണമെന്നും കുററക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നു ആവശ്യപ്പെട്ടുളള ശിശുക്ഷേമ സമിതിക്ക് മുമ്പിലെ അനുപമയുടെ സമരം എട്ടാം ദിവസവും തുടരുകയാണ്.