bandhiwbnew

പത്തനംതിട്ട കോന്നി അരുവാപ്പുലം പഞ്ചായത്തിന്‍റെയും കൃഷി ഭവന്‍റെയും സംയുക്ത സംരംഭമായ ബന്ദിപ്പൂപ്പാടത്ത് ഇന്ന് പൂ പറിച്ചു തുടങ്ങും. പൂവിറ്റു കിട്ടുന്ന പണം പൂര്‍ണമായും ഒരു കാന്‍സര്‍ രോഗിക്ക് നല്‍കാനാണ് പഞ്ചായത്തിന്‍റെ തീരുമാനം.

അരുവാപ്പുലം പഞ്ചായത്തിലെ കൊല്ലന്‍പടി ചിറമണ്ണിലെ ഫാമിലാണ് ബന്ദിപ്പൂ കൃഷി തുടങ്ങിയത്. ഓണവിപണി ലക്ഷ്യമാക്കി ജൂലൈ മാസത്തിലാണ് കൃഷി തുടങ്ങിയത്. 20 ദിവസം പ്രായമായ തൈകള്‍ പാലക്കാട്ട് നിന്ന് എത്തിച്ചു. 70–75 ദിവസം പ്രായമായ ചെടികളില്‍ നിന്നാണ് പൂപറിച്ച് തുടങ്ങുന്നത്. 1500ല്‍ അധികം തൈകളാണ് പാലക്കാട്ട് നിന്ന് എത്തിച്ചത്. പൂക്കച്ചവടക്കാരുമായി വില്‍പന സംസാരിച്ചു കഴിഞ്ഞു. 

ചിറമണ്ണില്‍ മാത്യു എന്നയാളിന്‍റെ സ്ഥലത്താണ് കൃഷി തുടങ്ങിയത്. പരീക്ഷണാടിസ്ഥാനത്തില്‍ തുടങ്ങിയ കൃഷി കൂടുതല്‍ സ്ഥലത്തേക്ക് വ്യാപിപ്പിക്കും. പഞ്ചായത്തിന്‍റെ നേതൃത്വത്തിലാണ് ചെടികള്‍ എത്തിച്ചത്. കൃഷി ഓഫിസര്‍ നസീറ ബീഗമാണ് വേണ്ട മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കിയത്. ഓണവിപണിക്ക് വേണ്ട പൂക്കള്‍ നാട്ടില്‍ പുറത്തും കൃഷി ചെയ്യാം എന്ന് തെളിയിക്കുകയായിരുന്നു ലക്ഷ്യമെന്ന് പഞ്ചായത്തംഗങ്ങള്‍ പറയുന്നു.