farmingcorporationwbnew

നേതാവ് പറയുന്നത് തൊഴിലാളി അനുസരിക്കണം എന്നാരും വാശിപിടിക്കരുത്. കൊല്ലം പത്തനാപുരത്ത് ഒരു സ്ത്രീതൊഴിലാളിയുടെ ശബ്ദത്തിന് മുന്നിൽ പകച്ചുപോയത് യൂണിയൻ നേതാക്കളാണ്. ഓണത്തിന് ബോണസും ആനുകൂല്യങ്ങളും ആവശ്യപ്പെട്ട് ഫാമിങ് കോർപ്പറേഷന്റെ ഓഫീസിനു മുന്നിൽ തൊഴിലാളികൾ നടത്തിയ സമരത്തിനിടെയാണ് തൊഴിലാളി നേതാക്കൾ ഒറ്റപ്പെട്ടത്. 

ഒരുത്തനും ഒരു യൂണിയനും വേണ്ടാന്നാണ് ആർജവത്തോടെ ഉറക്കെ പറഞ്ഞത് തൊഴിലാളിയായ രശ്മിയാണ്. ഓണത്തിന് ബോണസും ആനുകൂല്യങ്ങളും നേടിയെടുക്കാത്ത യൂണിയൻ നേതാക്കളുടെ കഴിവുകേടിനെതിരെയുള്ള ശബ്ദം . സംസ്ഥാന ഫാമിങ് കോർപറേഷന്റെപത്തനാപുരം പിറവന്തൂരിലെ ഓഫീസിനു മുന്നിലെ തൊഴിലാളി സമരത്തിനിടെയാണിത്. രശ്മിയെ ചോദ്യം ചെയ്ത് വായടപ്പിക്കാൻ എത്തിയ കെപിസിസി അംഗം സി.ആർ.നജീബ് തടികേടാകാതെയാണ് രക്ഷപെട്ടതെന്ന് ദൃശ്യങ്ങൾ തെളിവ്.

കുമരംകുടി എസ്റ്റേറ്റിലെ സിഐടിയു യൂണിയൻ കൺവീനറാണ് രശ്മി. രശ്മി ഉൾപ്പെടെയുള്ള തൊഴിലാളികളുടെ അപ്രതീക്ഷിത നീക്കത്തിൽ ഇടത് യൂണിയൻ നേതാക്കളും അമ്പരന്നു. തൊഴിലാളി പ്രതിഷേധത്തിനിടെ  ബോണസ് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ മാനേജ്മെൻറ് തീരുമാനമാക്കിയെങ്കിലും തൊഴിലാളികൾ തൃപ്തരല്ല. രാഷ്ട്രീയ വ്യത്യാസം മറന്ന് തൊഴിലാളികൾ സംഘടിച്ചത് വിവിധ തൊഴിലാളി യൂണിയൻ നേതാക്കന്മാർക്കും തിരിച്ചടിയായി.