pathanamthitta

പത്തനംതിട്ട റാന്നി മാടമണ്ണില്‍ മന്ത്രവാദ കേന്ദ്രത്തിനെതിരെ ജനകീയ സമരം. ബാധയൊഴിക്കല്‍ പോലെയുള്ള കര്‍മങ്ങള്‍ നടക്കുന്നുവെന്നും സമീപത്തെ വീട്ടുകാര്‍ക്ക് വഴിനടക്കാന്‍ കഴിയാത്ത സാഹചര്യമെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. ഉദയംമുതല്‍ അസ്തമയം വരെയായിരുന്നു സമരം. ശുഭാനന്ദ ഗുരുദേവനുമായി ബന്ധപ്പെട്ട പ്രാര്‍ഥനകള്‍ മാത്രമാണ് നടക്കുന്നതെന്ന് ആശ്രമവുമായി ബന്ധപ്പെട്ടവരും പ്രതികരിച്ചു.

 

പഞ്ചായത്ത് വഴി ഉപയോഗിക്കാന്‍ അനുവദിക്കുന്നില്ല, പമ്പയിലേകക് മാലിന്യം തള്ളുന്നു. അയല്‍ക്കാരെ കള്ളക്കേസില്‍ കുടുക്കുന്നു തുടങ്ങിയ ആരോപണങ്ങള്‍ ഉന്നയിച്ചാണ് നാട്ടുകാരുടെ സമരം. മാസങ്ങളായി സമരത്തിലാണെന്ന് നാട്ടുകാര്‍ പറയുന്നു. സംഘര്‍ഷം പതിവാണ്. ടാപ്പിങ് തൊഴിലാളിയായിരുന്ന മധുവാണ് സന്യാസം സ്വീകരിച്ച് ആനന്ദ ചൈതന്യയായത്. ശുഭാനന്ദ ശാന്തി ആശ്രമമെന്ന പേരിലാണ് കേന്ദ്രം. ആനന്ദചൈതന്യ നേരിട്ട് നാട്ടുകാരെ ആക്രമിക്കുന്നുവെന്നാണ് ആരോപണം 

 

സിപിഎഎമ്മും പഞ്ചായത്തും ആശ്രമത്തിനെ വഴിവിട്ടു സഹായിക്കുന്നു എന്നാണ് ബിജെപിയുടെ ആരോപണം.. പ്രതിഷേധ സ്ഥലത്ത് സിപിഎം കൊടികെട്ടിയെന്നും ആരോപിക്കുന്നു. ബിജെപിയിലെ ഒരു വിഭാഗമാണ് പ്രതിഷേധത്തിന് പിന്നിലെന്ന് സിപിഎമ്മും ആരോപിക്കുന്നു. പ്രാര്‍ഥനകളല്ലാതെ മറ്റൊരു പൂജകളും ഇവിടെ നടക്കുന്നില്ലെന്ന് ആശ്രമവുമായി ബന്ധപ്പെട്ടവര്‍ പറയുന്നു. 20 വര്‍ഷത്തോളമായി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ അടക്കം മുഴുകിയാണ് മുന്നോട്ട് പോകുന്നത്. ആശ്രമത്തിനും വസ്തുവകകള്‍ക്കും സംരക്ഷണം നല്‍കണമെന്ന് കോടതി ഉത്തരവുണ്ട്. സ്ഥലത്ത് വന്‍ പൊലീസ് കാവല്‍ തുടരുകയാണ്