മലപ്പുറം ജില്ലയിയില്‍ അഞ്ചാംപനി പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ തിരൂര്‍, മലപ്പുറം ഉപജില്ലകളിലെ സ്കൂളുകളില്‍ മാസ്ക് നിര്‍ബന്ധമാക്കി. നിലവിൽ 125 പേർക്കാണ് ജില്ലയിൽ രോഗബാധ കണ്ടെത്തിയത്. റിപ്പോർട്ട് സമർപ്പിക്കാൻ കേന്ദ്ര ആരോഗ്യമന്ത്രാലയം വിദഗ്ധ സംഘത്തെ മലപ്പുറത്തേക്ക് അയക്കുന്നുണ്ട്.
ഇതുവരെ തീരപ്രദേശങ്ങളില്‍ അഞ്ചാംപനി റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല. എന്നാല്‍ കഴിഞ്ഞ ദിവസം നിറമരുതൂർ പഞ്ചായത്തിൽ ഒരെണ്ണം കണ്ടെത്തി. ജില്ലയിൽ രോഗം ബാധിച്ചവരിൽ 7 മാസം മുതൽ 29 വയസ്സു വരെ പ്രായമുള്ളവരുണ്ട്. പ്രതിരോധ കുത്തിവയ്പ് എടുക്കാത്തവരുടെ എണ്ണം കൂടുതലുളള സ്ഥലങ്ങളിലാണ് കൂടുതലായി പടരുന്നത്. ജില്ലയിൽ അഞ്ചു വയസ്സിനു താഴെയുള്ള കുട്ടികളിൽ ഏകദേശം 89,000 പേരിലധികം പേർ മീസിൽസ്കുത്തിവയ്പെടുത്തിട്ടില്ലെന്നാണ് ആരോഗ്യവിഭാഗത്തിന്റെ കണക്ക്.
പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നതിന്‍റെ ഭാഗമായി പ്രാദേശിക സ്ക്വഡുകള്‍ രൂപീകരിക്കുന്നുണ്ട്. സ്കൂളുകളില്‍ നിന്ന് രോഗം പടരുന്നത് തടയാനായാണ് രണ്ട് ഉപജില്ലകളിലെ വിദ്യാലയങ്ങളില്‍ മാസ്ക്ക് നിര്‍ബന്ധമാക്കിയത്. മറ്റു സംസ്ഥാനങ്ങളില്‍ കൂടി രോഗം പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തിലാണ് കേരളം അടക്കമുളള സംസ്ഥാനങ്ങളിലേക്ക് കേന്ദ്രസംഘത്തെ അയക്കുന്നത്.